കലുങ്ക് നിര്‍മാണം: പെരുമണ്ണയില്‍ തഹസില്‍ദാര്‍ പരിശോധന നടത്തി
പെരുമണ്ണ: പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ ഉള്‍പ്പെട്ട വലിയ പാടത്ത് പെരുമ്പട്ടതോടിന് കുറുകെ അനുമതിയില്ലാതെ സ്വകാര്യ വ്യക്തികള്‍ കലുങ്ക് പണിതതായുള്ള നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ കലക്ടറുടെ നിര്‍ദ്ദേശ പ്രകാരം അഡീഷണല്‍ തഹസില്‍ദാര്‍ ഇ. അനിതകുമാരിയുടെ നേതൃത്വത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ വലിയ പാടത്തെ സ്ഥലം സന്ദര്‍ശിച്ചു.
പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് കലുങ്ക് പണിതതെന്നുള്ള ഗ്രാമപഞ്ചായത്ത് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടി നാട്ടുകാര്‍ തഹസില്‍ദാര്‍ക്ക് കൈമാറി. പെരുമണ്ണ പഞ്ചായത്തിലെ 14, 15, 17, 18 എന്നീ വാര്‍ഡുകളില്‍പെടുന്ന പ്രദേശങ്ങളില്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളവും പുത്തൂര്‍മഠം അങ്ങാടിയില്‍ നിന്നും പെരുമണ്ണ അങ്ങാടിയുടെ ഒരു ഭാഗത്തു നിന്നും ഒലിച്ചെത്തുന്ന മഴവെള്ളവും പെരുമ്പട്ടതോട് വഴി മാമ്പുഴയില്‍ പതിക്കുകയാണ് ചെയ്യുന്നത്.
തോട് നിറഞ്ഞു കവിഞ്ഞ് വെള്ളം സംഭരിക്കപ്പെടുന്ന വയലുകളില്‍ ഒന്നായ വലിയ പാടത്ത് കരിങ്കല്ല് ഉപയോഗിച്ച് വളച്ചുകെട്ടിയതിന് തൊട്ടുപിന്നാലെയാണ് കലുങ്ക് നിര്‍മാണം നടത്തിയതെന്നും പന്ത്രണ്ടടി വീതിയില്‍ നിര്‍മ്മിച്ച കലുങ്ക് വഴി വലിയ പാടം നികത്താന്‍ ഭൂമാഫിയകളുടെ നേതൃത്വത്തിലുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും നാട്ടുകാര്‍ ആരോപിച്ചു.
സംസ്ഥാനത്ത് ആദ്യമായി ജലനയം പ്രഖ്യാപിക്കുകയും ജൈവ വൈവിധ്യ ബോര്‍ഡ് ചെയര്‍മാന്റെ നേതൃത്വത്തില്‍ ജൈവവൈവിധ്യ സ്‌പെഷല്‍ ഗ്രാമസഭ ചേരുകയും പാരിസ്ഥിതിക നശീകരണത്തിനെതിരേ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്ത് വരികയും ചെയ്യുന്ന സാഹചര്യത്തില്‍ ശേഷിക്കുന്ന വയലുകള്‍ നികത്താനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."