HOME
DETAILS
MAL
കടുത്ത പ്രതിസന്ധിയില്‍ കെ.എസ്.ആര്‍.ടി.സി, 'ഓടിക്കാന്‍' ഇനി ബിജു പ്രഭാകര്‍
backup
June 11 2020 | 02:06 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കെ.എസ്.ആര്‍.ടി.സിയെ രക്ഷിച്ച് എല്ലാം ശരിയാക്കാനുള്ള ചുമതലയുമായി എം.ഡി സ്ഥാനത്ത് ഇനി ബിജു പ്രഭാകര്‍.
ഇടതു സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സിയുടെ എം.ഡിയായി ചുമതലയേല്‍ക്കുന്ന അഞ്ചാമത്തെയാളാണ് ബിജു പ്രഭാകര്‍. നേരത്തെ രാജമാണിക്യം, എ.ഹേമചന്ദ്രന്‍, ടോമിന്‍ ജെ തച്ചങ്കരി, എം.പി.ദിനേശ് എന്നിവരാണ് ആ സ്ഥാനത്ത് ഇരുന്നത്. കെ.എസ്.ആര്‍.ടി.സിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും തയാറാകാത്ത സാഹചര്യത്തില്‍ ബിജു പ്രഭാകറിനെ തേടി എം.ഡി സ്ഥാനം എത്തുകയായിരുന്നു. എം.ഡിയാകാന്‍ താല്‍പര്യമുണ്ടെന്ന് മുമ്പ് ബിജു പ്രഭാകര്‍ അറിയിച്ചിരുന്നെങ്കിലും രാഷ്ട്രീയ കാരണങ്ങളാല്‍ അദ്ദേഹത്തെ നിയമിച്ചില്ല. ടോമിന്‍ ജെ.തച്ചങ്കരിയെ എം.ഡി സ്ഥാനത്തുനിന്നു മാറ്റിയതിനെ തുടര്‍ന്ന് എം.ഡി സ്ഥാനത്തേക്ക് ബിജു പ്രഭാകറിന്റെ പേരാണ് മന്ത്രി എം.കെ.ശശീന്ദ്രന്‍ അന്നു ശുപാര്‍ശ ചെയ്തത്. എന്നാല്‍ മന്ത്രിസഭ തീരുമാനിച്ചത് എം.പി.ദിനേശിന്റെ പേരായിരുന്നു. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ ഗതാഗത മന്ത്രിയാണ് ബിജു പ്രഭാകറിനുവേണ്ടി വാദിച്ചത്. മാത്രമല്ല ബിജു പ്രഭാകറിനെ നിയമിക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍ നേരത്തെ മന്ത്രിയെക്കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ബിജു പ്രഭാകറിലേക്ക് മന്ത്രിസഭയും എത്തിയത്. മെക്കാനിക്കല്‍ എന്‍ജിനീയര്‍ ബിരുദമുള്ള ബിജു പ്രഭാകറിനെ എം.ഡി സ്ഥാനത്തേക്കു നിയമിക്കുന്നതാണ് കൂടുതല്‍ ഉചിതമായെന്ന വിലയിരുത്തലും ഉണ്ടായി. ഇതെല്ലാം അംഗീകരിച്ചതോടെ കെ.എസ്.ആര്‍.ടി.സിയുടെ അധിക ചുമതല അദ്ദേഹത്തിലേക്കു വന്നുചേരുകയായിരുന്നു. സാമൂഹ്യ നീതി, വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയായിരിക്കുന്ന അദ്ദേഹത്തിന് കെ.എസ്.ആര്‍.ടി.സിയുടെ അധിക ചുമതല വന്‍ വെല്ലുവിളിയാകും. തിരുവനന്തപുരം കലക്ടറായിരുന്നപ്പോള്‍ ഓപ്പറേഷന്‍ അനന്ത അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നടപ്പാക്കിയതിന്റെയും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, കൃഷി വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യ സുരക്ഷാ കമ്മിഷണര്‍ എന്നിങ്ങനെ വിവിധ വകുപ്പുകളില്‍ ബിജു പ്രഭാകര്‍ മികവുതെളിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."