അടാട്ട് ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ട നടപടി; അനില്‍ അക്കര എം.എല്‍.എ നിരാഹാരസമരം അവസാനിപ്പിച്ചു
തൃശൂര്‍: അടാട്ട് ഫാര്‍മേഴ്‌സ് ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി അനില്‍ അക്കര എം.എല്‍.എ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു.
മുതുവറ സെന്ററില്‍ നിരാഹാരമനുഷ്ഠിച്ചിരുന്ന അനില്‍ അക്കരയുടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലിസ് ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ജില്ലാകലക്ടറുടെ നിര്‍ദേശപ്രകാരം തൃശൂര്‍ താലൂക്ക് തഹസില്‍ദാര്‍ ബാങ്ക് ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിന്റെ പകര്‍പ്പ് നല്‍കിയ തോടെയാണ് നിരാഹാരമവസാനിപ്പിക്കുന്നതായി എം.എല്‍.എ പറഞ്ഞത്. ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്‍ വെള്ളം നല്‍കിയാണ് സമരമവസാനിപ്പിച്ചത്.
സംഭവത്തില്‍ നിയമപരമായ പോരാട്ടം തുടരുമെന്ന് അനില്‍ അക്കര പറഞ്ഞു. ഭരണസമിതി സസ്‌പെന്‍ഡ് ചെയ്ത ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കുകയോ, സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹരജിയില്‍ അനുകൂലതീരുമാനമോ ഉണ്ടാകുന്നതുവരെ നിരാഹാരസമരം നിര്‍ത്തില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു എം.എല്‍.എ. ചീഫ് സെക്രട്ടറിയുടെ നിര്‍ദേശപ്രകാരം തന്നെ വിളിച്ച ജില്ലാ കലക്ടര്‍ ഡോ.എ കൗശിഗനോടും അദ്ദേഹം ഈ നിലപാട് വ്യക്തമാക്കി. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി തുടരുകയായിരുന്നു.
ഡി.എം.ഒ ഡോ. ബേബി ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ സമരപ്പന്തലില്‍ തിങ്കളാഴ്ച മുതല്‍ ഒരു മണിക്കൂര്‍ ഇടവിട്ട് പരിശോധിക്കുന്നുണ്ടായിരുന്നു.
നിരാഹാരം തുടരുന്നത് എം.എല്‍.എയുടെ ആരോഗ്യനിലയെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. തുടര്‍ന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ഗുരുവായൂര്‍ എ.സി.പിയുടെ നേതൃത്വത്തില്‍ ഇന്നലെ പൊലിസ് എം.എല്‍.എയെ അറസ്റ്റ് ചെയ്ത് മുളംകുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."