മുക്കം ഓര്‍ഫനേജ് സ്കൂളില്‍ സ്നേഹസാന്ത്വനം പദ്ധതിക്ക് തുടക്കം
മുക്കം: അക്ഷരങ്ങള്‍ക്കൊപ്പം സഹപാഠിയുടെ ഇല്ലായ്മകള്കൂടി മനസിലാക്കി സഹായമൊരുക്കുന്ന 'സ്നേഹ സാന്ത്വനം' പദ്ധതിക്കു മുക്കം എം.കെ.എച്ച്.എം.എം ഓര്‍ഫനേജ് ഗേള്‍സ് സ്കൂളില്‍ തുടക്കമായി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണു പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടം റസാഖ് കൊടിയത്തൂര്‍ പണം സംഭാവന നല്കി തുടക്കം കുറിച്ചു.
പഠനം, ചികിത്സ, ഭക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടി വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അഭ്യുദയ കാംക്ഷികള്‍ എന്നിവര്‍ സ്വരൂപിക്കുന്ന തുകയാണ് അര്‍ഹരെ കണ്ടെത്തി സഹായിക്കുന്നത്. ഇതിനായി ഓരോ ക്ലാസിലും സ്നേഹനിധി പെട്ടി സ്ഥാപിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കു നേരിട്ട് ആവശ്യപ്പെടാനും മറ്റു വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശിക്കാനും സൗകര്യമുണ്ട്.
ചടങ്ങില്‍ പ്രാധാനാധ്യാപകന്‍ പി. അബ്ദു മാസ്റ്റര്‍ ആധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് സലാം തേക്കുംകുറ്റി നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള കുടകള്‍ വിതരണം ചെയ്തു. ഓര്‍ഫനേജ് കമ്മിറ്റി ഭാരവാഹികളായ സി. മൂസ മാസ്റ്റര്‍, വി. ഉമ്മര്‍ കോയ ഹാജി, എ.എം നിസാര്‍ ഹസ്സന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."