കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ നടപടി പ്രവാസികളോടുള്ള വെല്ലുവിളി: ബേപ്പൂർ മണ്ഡലം കെ.എം.സി.സി ഗ്ലോബൽ കമ്മിറ്റി
റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയ കേരള സർക്കാർ നടപടി ലക്ഷക്കണക്കിന് പ്രവാസികളെ വീണ്ടും ആശങ്കയുടെ നിഴലിലാക്കിയിരിക്കുകയാണെന്നും അതിഥി തൊഴിലാളികൾക്ക് നൽകുന്ന പരിഗണന പോലും വിദേശത്ത് നിന്നും വരുന്നവർക്ക് നൽകാനാവില്ലെന്ന സർക്കാർ നിലപാട് പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും ബേപ്പൂർ മണ്ഡലം കെ.എം.സി.സി ഗ്ലോബൽ കമ്മിറ്റി. കോവിഡ് വ്യാപന ആശങ്കയും ജോലിയും വരുമാനവുമില്ലാതെയായതും പ്രവാസികളെ മാനസികമായി ഏറെ തളർത്തിയിരിക്കു കയാണ്. ദിനേന മലയാളികടക്കമുള്ള നിരവധി പേരാണ് വിവിധ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചു കൊണ്ടിരിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണങ്ങളും വർധിച്ചു വരുന്നു. ഈയൊരു സാഹചര്യത്തിലാണ് പ്രവസികളിൽ ചിലർ നാടണയാൻ എംബസിയിലും നോർക്കയിലുമെല്ലാം രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. എന്നാൽ കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയതോടെ ഇവരുടെ യാത്ര അനിശ്ചിതത്തിലായിരിക്കുകയാണ്. കേരള സർക്കാറിന്റെ വികലമായ കാഴ്ചപ്പാടാണ് ഇത്തരമൊരു നിയമം പ്രവാസികളിൽ അടിച്ചേൽപ്പിക്കാൻ കാരണമായത്. ദൈനംദിനം നിലപാടുകൾ മാറ്റി പ്രവാസികളെ മാനസികമായി കൂടുതൽ തളർത്തുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചു വരുന്നത്. വിദേശ രാജ്യങ്ങളി കോവിഡ് ടെസ്റ്റ് നടത്തുന്നതിലെ പ്രായോഗികതയും അതിന്റെ ചെലവ് സാധാരണക്കാരായ പ്രവാസികൾക്ക് വഹിക്കാനാവുമോയെന്നൊന്നും ചിന്തിക്കാതെ പ്രവാസികളുടെ മടക്കയാത്രക്ക് മുടക്കം വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പുതിയ തീരുമാനങ്ങൾ കൈകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."