മുളന്തുരുത്തി റെയില്‍വേ മേല്‍പാലം: നിര്‍മാണ നടപടികള്‍ ഉടന്‍ ആരംഭിക്കും
കൊച്ചി: മുളന്തുരുത്തി റെയില്‍വേ മേല്‍പാലത്തിന്റെ അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ പൂര്‍ത്തീകരിക്കും. വ്യത്യസ്ത വ്യക്തികളില്‍ നിന്നായി ഏറ്റെടുക്കുവാനുള്ള 142 സെന്റ് ഭൂമി ആളുകളുടെ സമ്മതമനുസരിച്ച് ലാന്റ് പര്‍ച്ചേസ്‌മെന്റ് ആക്ട് പ്രകാരവും ഇതിന് സാധിക്കാത്ത ഭൂമി 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചും ഏറ്റെടുത്ത് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് കൈമാറും. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റെഞ്ചി കുര്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമൂഹ്യ പ്രത്യാഘാത വിലയിരുത്തലിനായുള്ള പൊതു യോഗത്തില്‍ സ്ഥലമുടമകളുടെ ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിഗണിച്ചു. ഈ വര്‍ഷം നവംബര്‍ മാസത്തിനുള്ളില്‍ സ്ഥലം ആര്‍.ബി.ഡി.സി ക്ക് കൈമാറി അപ്രോച്ച് റോഡിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കും.
2019 ആദ്യമാസങ്ങളില്‍ തന്നെ പാലത്തിന്റെ പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പാലത്തിന്റെ നിര്‍മ്മാണത്തിന് അടിയന്തര പ്രാധാന്യം നല്‍കി ഉടന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുവാനാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നും കോട്ടയത്തുനിന്നുമുള്ള റോഡ് യാത്ര മേല്‍പാലം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സൗകര്യപ്രദമാകും.
യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലോമി സൈമണ്‍, നാഷണല്‍ ഹൈവേ ഉദ്യാഗസ്ഥ മിനി എന്‍.എ, ആര്‍.ബി.ഡി.സി ഡെപ്യൂട്ടി തഹസില്‍ദാര്‍ മാത്യു എം.വി, മാനേജര്‍ മിധുന്‍ ജോസഫ്, നാഷണല്‍ ഹൈവേ ഭൂമി ഏറ്റെടുക്കല്‍ വിഭാഗം ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹരികുമാര്‍, മുളന്തുരുത്തി വില്ലേജ് ഓഫീസര്‍ കെ.എം സജീവന്‍, പഞ്ചായത്ത് സെക്രട്ടറി സി.എസ് ശോശാമ, പഞ്ചായത്തംഗങ്ങളായ ബിനോയ് ഹരിദാസ്, മരിയന്‍ വര്‍ഗ്ഗീസ്, വി.കെ വേണു, ചെറിയാന്‍, ജോര്‍ജ് മാണി, ജോണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."