എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ. സഈദ് അന്തരിച്ചു
കോഴിക്കോട്: എസ്.ഡി.പി.ഐ മുന്‍ ദേശീയ പ്രസിഡന്റ് എ സഈദ് (63) അന്തരിച്ചു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ ബാധിതനായി ആഴ്ചകളായി ചികില്‍സയിലായിരുന്നു.
എഴുത്തുകാരന്‍, വാഗ്മി എന്നീ നിലകളില്‍ പ്രസിദ്ധനായിരുന്നു. 1955 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ എടവണ്ണയിലാണ് ജനനം. മതപണ്ഡിതനായ എ അലവി മൗലവിയാണ് പിതാവ്. ജി.എം.യു.പി സ്‌കൂള്‍ എടവണ്ണ, ഐ.ഒ.എച്ച്.എസ് എടവണ്ണ, എം.ഇ.എസ് മമ്പാട് കോളജ് എന്നിവിടങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി.
മഞ്ചേരി ഹെഡ് പോസ്‌റ്റോഫിസില്‍ നിന്ന് പബ്ലിക് റിലേഷന്‍സ് ഇന്‍സ്‌പെക്റ്റര്‍ ആയി വിരമിച്ചു.2002 2006 കാലയളവില്‍ നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് ചെയര്‍മാന്‍, നാഷണല്‍ ഡെവലപ്‌മെന്റ് ഫ്രണ്ട് സ്‌റ്റേറ്റ് എക്‌സിക്യുട്ടിവ് കൗണ്‍സില്‍ അംഗം, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാഷണല്‍ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ അംഗം, മുസ്‌ലിം റിലീഫ് നെറ്റ്‌വര്‍ക്ക് പ്രസിഡന്റ്, ഇന്റര്‍ മീഡിയ പബ്ലിഷിങ് ലിമിറ്റഡ് ഡയറക്റ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
സഫല ജീവിതം, അകകണ്ണ്, ബദറിന്റെ രാഷ്ട്രീയം, അന്‍ഫാല്‍ ഖുര്‍ആന്‍ വിവരണം, പോരാട്ടത്തിന്റെ പശ്ചാത്തലഭേദങ്ങള്‍ എന്നിവയാണ് പ്രധാന കൃതികള്‍. ഖബറടക്കം ബുധന്‍ രാവിലെ 10ന് മലപ്പുറം എടവണ്ണ ജുമാ മസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."