കൊവിഡ് സമൂഹവ്യാപനം: ഭീഷണി നേരിടാന്‍ മൂന്നു ലക്ഷം ആരോഗ്യപ്രവര്‍ത്തകര്‍
തിരുവനന്തപുരം: കൊവിഡ് -19 സമൂഹവ്യാപന ഭീഷണി നേരിടാന്‍ മൂന്നു ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധപ്രവര്‍ത്തകരുടേയും സേവനം ലഭ്യമാക്കും. ആശാ വര്‍ക്കര്‍മാര്‍, സാന്ത്വന പരിചരണ സന്നദ്ധപ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്.
മറ്റു ചികിത്സ ആവശ്യമുള്ളവരെ കണ്ടെത്തുന്നതും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാന്‍ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ വിവരമറിയിക്കുന്നതും ഇവരുടെ ദൗത്യമാണ്. 26,475 ആശാ വര്‍ക്കര്‍മാര്‍, 2,70,267 കുടുംബശ്രീ പ്രവര്‍ത്തകര്‍, 14,200 സാന്ത്വന പരിചരണ സന്നദ്ധപ്രവര്‍ത്തകര്‍, 33,119 അങ്കണവാടി വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ 3,44,061 പേരാണ് വയോജനങ്ങളടക്കം മറ്റു ഗുരുതര രോഗങ്ങളുള്ളവര്‍ക്കും സേവനം എത്തിക്കുന്നത്.
സംസ്ഥാനത്തെ ഏകദേശം 1,54,858 പാവപ്പെട്ട കുടുംബങ്ങളിലായി അറുപതു വയസിനു മുകളിലുള്ള 1,14,719 പേരുണ്ട്. അഞ്ചു ദിവസത്തിലൊരിക്കല്‍ അത്തരം ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവരുടെ ആരോഗ്യസ്ഥിതി മനസിലാക്കാനും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ അവര്‍ക്ക് ചികിത്സ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി കുടുംബശ്രീ 2,176 പേരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വീടുകളില്‍ ഐസൊലേഷന്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ഭവന സന്ദര്‍ശനത്തിന് സംഘങ്ങളെ നിയോഗിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍, ആരോഗ്യ സന്നദ്ധ പ്രവര്‍ത്തകര്‍, പൊലിസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് നിയോഗിച്ചത്. ഐസൊലേഷന്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഇവര്‍ ഉറപ്പുവരുത്തും.
ക്വാറന്റൈനില്‍ കഴിയുന്നവര്‍ മാനസിക സംഘര്‍ഷം നേരിടുന്ന സാഹചര്യത്തില്‍ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി മാനസിക, സാമൂഹിക പിന്തുണ നല്‍കാനും സംഘങ്ങളെ സജ്ജമാക്കിയിട്ടുണ്ട്. നാഷനല്‍ ഹെല്‍ത്ത് മിഷനില്‍ രജിസ്റ്റര്‍ ചെയ്ത ആരോഗ്യ സന്നദ്ധപ്രവര്‍ത്തകരില്‍ നിരവധി മെഡിക്കല്‍, പാരാമെഡിക്കല്‍ പ്രൊഫഷണലുകളും ഉള്‍പ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."