മുഖ്യശത്രു വര്‍ഗീയതയോ ഇടതുപക്ഷമോയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം: യെച്ചൂരി
കൊച്ചി: ഇടതു പക്ഷമാണോ വര്‍ഗീയതയാണോ മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്ന് സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മതനിരപേക്ഷ ജനാധിപത്യത്തെ സംരക്ഷിക്കുക എന്ന ശക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന ഇടതുപക്ഷത്തിനെതിരെ മത്സരിക്കുന്നതിലൂടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിഎന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് യെച്ചൂരി ചോദിച്ചു. എറണാകുളത്ത് പി രാജീവിന്റെ തെരഞ്ഞെടുപ്പു പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യെച്ചൂരി.
സംഘ പരിവാറിനെ എതിര്‍ക്കുന്നതില്‍ ഏറ്റവും പ്രതിബദ്ധത കാട്ടുന്നതും ഹിന്ദുത്വവാദ രാഷ്ട്രീയത്തിനെതിരായ പ്രത്യയശാസ്ത്ര നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതും ഇടതുപക്ഷമാണ്. ബി.ജെ.പി തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെ കോണ്‍ഗ്രസും തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഗീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തെ മുഖ്യ ശത്രുവായി കാണുന്ന കോണ്‍ഗ്രസിനെ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിനെ പുറത്താക്കുക, ഇടതുപക്ഷത്തിന്റെ പാര്‍ലമെന്റിലെ ശക്തി വര്‍ധിപ്പിക്കുക, മതനിരപേക്ഷ ശക്തികളുടെ നേതൃത്വത്തില്‍ ഒരു ബദല്‍ ഗവണ്‍മെന്റ് വരിക എന്നിങ്ങനെ മൂന്ന് ലക്ഷ്യങ്ങളിലൂന്നിയാണ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ചരിത്രപരമായ ഈ പ്രാധാന്യം കണക്കിലെടുത്ത് ഇക്കുറി 20 സീറ്റിലും ഇടതുപക്ഷത്തെ വിജയിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ മുന്നോട്ടു വരണമെന്ന് യെച്ചൂരി അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."