ഭയപ്പെടുത്തി വരുതിയിലാക്കുന്ന തന്ത്രം തെരഞ്ഞെടുപ്പിലും മോദി പയറ്റുന്നു: ഡി. രാജ
കല്‍പ്പറ്റ: ഭയപ്പെടുത്തി വരുതിയിലാക്കുകയെന്ന തന്ത്രം നരേന്ദ്രമോദിയും ബി.ജെ.പിയും തെരഞ്ഞെടുപ്പിലും പയറ്റുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. മോദിയില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് അവര്‍ പ്രചാരണം നടത്തുകയാണെന്നും വയനാട് പ്രസ് ക്ലബില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
മോദി ആര്‍മിയല്ല, ഇന്ത്യന്‍ ആര്‍മിയാണ് രാജ്യത്തിന്റെത്. ബഹിരാകാശ നേട്ടങ്ങളും മോദിയുടെതല്ല, രാജ്യത്തിന്റെതാണ്. വിലകുറഞ്ഞ പ്രചാരണങ്ങളാണ് ബി.ജെ.പിയുടേത്. മോദിയെ മാറ്റി മതേതര സര്‍ക്കാരിനെ അധികാരത്തില്‍ കൊണ്ടുവരാനാണ് ഇടതുപക്ഷ പാര്‍ട്ടികളുടെ ശ്രമം.
ആര്‍.എസ്.എസും ബി.ജെ.പിയും ഭരണഘടനയെയും ജനാധിപത്യത്തെയും അംഗീകരിക്കാത്തവരാണ്. ഒരുതവണകൂടി മോദി അധികാരത്തിലെത്തിയാല്‍ പിന്നീട് രാജ്യത്ത് തെരഞ്ഞെടുപ്പുണ്ടാവില്ല. ഹിന്ദു രാഷ്ട്രവും ഒരുനേതാവും എന്നതാണ് അവരുടെ ലക്ഷ്യം. വര്‍ഗീയതയ്ക്കും ഫാസിസത്തിനുമെതിരേയാണ് ഇടതുപക്ഷം വോട്ട് ചോദിക്കുന്നത്.
ബി.ജെ.പി ഭരണത്തില്‍ ആദിവാസി, ദലിത് വിഭാഗങ്ങളെ വേട്ടയാടി. സര്‍വമേഖലകളും തകര്‍ന്നു. പ്രധാനമന്ത്രി ആരുടെ കാവല്‍ക്കാരനാണെന്ന ചോദ്യം ഉയര്‍ന്നു. അഞ്ചു കൊല്ലം അദ്ദേഹം കോര്‍പറേറ്റുകളുടെ കാവല്‍ക്കാരനായിരുന്നു. ആസൂത്രണ കമ്മിഷനെ ഇല്ലാതാക്കി. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലച്ചു.
കേരളത്തില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം ദീര്‍ഘവീക്ഷണമില്ലാത്തതാണ്. മതേതര സര്‍ക്കാരിനുവേണ്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ പോരാടുമ്പോള്‍ രാഹുല്‍ ഇടതുപക്ഷത്തോട് മത്സരിക്കുന്നത് അപക്വമാണ്. എന്ത് സന്ദേശമാണ് രാഹുല്‍ രാജ്യത്തിനു നല്‍കുന്നത്? എല്ലാ ദേശീയ മാധ്യമങ്ങളില്‍നിന്നും അദ്ദേഹത്തിനു വിമര്‍ശനം നേരിടേണ്ടിവന്നു. മതേതര കൂട്ടായ്മയില്‍ ഭിന്നിപ്പുണ്ടാക്കി. ഇതിനു കോണ്‍ഗ്രസ് മറുപടി പറയണം. വര്‍ഗീയതയ്‌ക്കെതിരേ ഒരുവിട്ടുവീഴ്ചയും ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. തെരഞ്ഞെടുപ്പിനു ശേഷം പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ ഭരിക്കുന്ന മതേതര സര്‍ക്കാര്‍ ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഇത്തരം മാതൃക രാജ്യത്ത് മുമ്പും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."