വിദ്യാര്‍ഥികളുടെ യുനിഫോം: നെയ്ത്ത് പുരോഗമിക്കുന്നു
മാള: പരമ്പരാഗത കൈത്തറി കേന്ദ്രമായ പൊയ്യയില്‍ വിദ്യാഭ്യാസ വകുപ്പിന് വേണ്ടിയുള്ള നെയ്ത്ത് ഊര്‍ജ്ജിതമായി പുരോഗമിക്കുന്നു. അടുത്ത അധ്യയന വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഈ കൈത്തറി തുണികള്‍ യൂനിഫോമിനായി നല്‍കുക.
വിദ്യാഭ്യാസ വകുപ്പ് നേരിട്ടാണ് കൈത്തറി തുണികള്‍ നെയ്യിക്കുന്നത്. പൊയ്യയില്‍ 1963 ല്‍ ആരംഭിച്ച നെയ്ത്തു സംഘം അടുത്തകാലത്ത് പ്രതിസന്ധിയിലായിരുന്നു. 24 തൊഴിലാളികളുമായാണ് പൊയ്യ കൈത്തറി നെയ്ത്ത് സഹകരണ സംഘം തുടങ്ങിയത്. പിന്നീട് കുതിച്ചും കിതച്ചും മുന്നോട്ട് പോയെങ്കിലും മലയാളികളുടെ പൊതുവേയുള്ള വിമുഖതയില്‍ കൈത്തറിയുടെ ശനിദശക്ക് ആക്കം കൂട്ടുകയായിരുന്നു. ഈ മേഖലയെ സംരക്ഷിക്കേണ്ടത് ആവശ്യമാണെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കൈത്തറി വസ്ത്രം നല്‍കാന്‍ തീരുമാനിച്ചത്. പൊയ്യ സംഘത്തില്‍ ഇപ്പോള്‍ ഏഴ് പേരാണ് നെയ്ത്തുകാരായുള്ളത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള യൂണിഫോം തുണികള്‍ മാത്രമാണ് ഇപ്പോള്‍ നെയ്യുന്നത്. ആദ്യകാലത്ത് സെറ്റ് സാരി, കാവി, ഡബിള്‍ മുണ്ട്, ഷര്‍ട്ട് തുടങ്ങിയ എല്ലാ ഇനങ്ങളും ഇവിടെ നെയ്തിരുന്നു.മൂന്ന് പതിറ്റാണ്ടുകളായി ജോലി ചെയ്യുന്ന സ്ത്രീ തൊഴിലാളികളും സംഘത്തിലുണ്ട്.സ്‌കൂള്‍ യൂണിഫോമിന് ആവശ്യമായ നൂല്‍ വിതരണം ചെയ്യുന്ന വിദ്യാഭ്യാസ വകുപ്പ് തുണികളും നേരിട്ട് എടുക്കുന്നതാണ് രീതി.
തൊഴിലാളികള്‍ക്കുള്ള കൂലി വിദ്യാഭ്യാസ വകുപ്പ് ബാങ്ക് വഴിയാണ് വിതരണം ചെയ്യുന്നത്. ഒരു മീറ്റര്‍ തുണിക്ക് 50 രൂപയോളമാണ് തൊഴിലാളിക്ക് കൂലിയായി നല്‍കുന്നത്. ആയിരം മീറ്ററിലധികം തുണിയാണ് വിദ്യാഭ്യാസ വകുപ്പിനായി പൊയ്യയില്‍ നെയ്തിട്ടുള്ളത്. വിദ്യാഭ്യാസ വകുപ്പിന്റെ നയപരമായ തീരുമാനത്തിന് അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരും അനുകൂലമായ നിലപാട് സ്വീകരിച്ചാല്‍ കൈത്തറി മേഖല അത്ഭുതകരമായ വളര്‍ച്ചയിലേക്ക് കയറുമെന്നാണ് ഈ രംഗത്തുള്ളവര്‍ പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."