വിദ്യാലയങ്ങളിലെ കുടിവെള്ളപ്രശ്‌നം: തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്ചയെന്ന് ബാലാവകാശ കമ്മിഷന്‍
കൊണ്ടോട്ടി: വേനല്‍കാലത്ത് സ്‌കൂളുകളില്‍ കുടിവെളളം ഉറപ്പുവരുത്തുന്നതില്‍ തദ്ദേശ സ്ഥാനങ്ങള്‍ പിറകോട്ടെന്ന് ബാലവകാശ കമ്മിഷന്‍.
സംസ്ഥാനത്ത് സ്‌കൂളുകളിലും അങ്കണവാടികളിലും വേനലില്‍ കുടിവെളളമെത്തിക്കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തുന്നതായാണ് കണ്ടെത്തിയത്. ഇതിന് തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളില്‍ വെളളമെത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. വരള്‍ച്ച ബാധിത പ്രദേശങ്ങളിലെ സ്‌കൂളുകളില്‍ വേനലെത്തും മുന്‍പുതന്നെ വെളളമെത്തിക്കാനാണ് നിര്‍ദേശം.സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ആവശ്യത്തിനൊത്ത ജലസംഭരണികള്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. മഴവെളള സംരക്ഷണത്തിന് വേണ്ട നടപടികള്‍ സ്വീകരിക്കുകയും ഇതിനുളള സാമ്പത്തിക സഹായം നല്‍കുകയും വേണം.
വേനല്‍ പരീക്ഷയുടെ സമയത്തും മാര്‍ച്ചില്‍ ക്ലാസ് നടക്കുന്ന സമയത്തും കുടിവെളളം, ശൗചാലയം, പാത്രം കഴുകല്‍ തുടങ്ങിയവക്ക് വെളളമുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം.വേനലെത്തുന്നതിന് മുന്‍പുതന്നെ സ്‌കൂളുകളിലെ കുടിവെളള പൈപ്പുകളുടെ തകരാര്‍ പരിഹരിച്ച്, കിണറുകളുടെ കേടുപാട് തീര്‍ത്ത് വെളളം ശുദ്ധീകരിക്കണമെന്നും സംസ്ഥാന ബാലാവകാശ കമ്മിഷന്‍ നിര്‍ദേശിച്ചു.
എല്‍.പി സ്‌കൂളുകളുടെയും അങ്കണവാടികളുടെയും കുടിവെളള പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് ഗ്രാമപഞ്ചായത്തുകളാണ്. സ്‌കൂളുകള്‍ മാര്‍ച്ചില്‍ അടക്കുമെങ്കിലും അങ്കണവാടികള്‍ക്ക് അവധിയില്ല. യു.പി സ്‌കൂളുകളുടേത് ബ്ലോക്ക് പഞ്ചായത്തും ഹൈസ്‌കൂള്‍, ഹയര്‍സെകന്‍ഡറി വിഭാഗങ്ങള്‍ക്ക് ജില്ലാപഞ്ചായത്തുകളുമാണ് ഫണ്ട് നല്‍കി കുടിവെളളപ്രശ്‌നം തീര്‍ക്കേണ്ടത്.
പ്രത്യേക കുടിവെളളപദ്ധതികള്‍ ഒരുക്കുകയോ വലിയ കുടിവെളള പദ്ധതികളുടെ ഭാഗമാക്കിയോ സ്‌കൂള്‍, അങ്കണവാടി കുടിവെളള പ്രശ്‌നം പരിഹരിക്കണമെന്നാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."