രോഗങ്ങള്‍ ക്ഷണിച്ചുവരുത്തി വെല്‍ക്കം ഡ്രിങ്കുകള്‍; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്
മലപ്പുറം: വിവാഹ സല്‍ക്കാരങ്ങളിലും മറ്റ് ആഘോഷ വേളകളിലും നല്‍കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ മഞ്ഞപ്പിത്തത്തിനും ടൈഫോയിഡിനും കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയില്‍ ജില്ലയില്‍ നടന്ന നാലു വിവാഹ സല്‍ക്കാരങ്ങളില്‍നിന്നു മാത്രം 117 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഇതില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവരില്‍ നാലു പഞ്ചായത്തിലെ ആളുകള്‍ക്കാണ് പനി ബാധിച്ചത്. വരള്‍ച്ച രൂക്ഷമായതോടെ ശുദ്ധജല ലഭ്യതയില്‍ വന്ന കുറവാണ് ജലജന്യ രോഗങ്ങള്‍ വ്യാപകമാക്കാന്‍ ഇടയാക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന പറഞ്ഞു.
വേലകള്‍, പൂരങ്ങള്‍, നേര്‍ച്ചകള്‍, പ്രദര്‍ശന മേളകള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ തുറന്ന സ്ഥലങ്ങളിലും അല്ലാതെയുമായി ലഭിക്കുന്ന പാനീയങ്ങള്‍, സിപ് അപ്, ഐസുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം കഴിവതും കൂടെ കരുതണം. ചുരുങ്ങിയത് മൂന്നാഴ്ചയോളമെങ്കിലും വീടുകളില്‍ തന്നെ വിശ്രമം വേണം. പനി കുറവ് വന്നാലും മൂന്നാഴ്ചയ്ക്ക് ശേഷമേ പൊതു ഇടങ്ങളിലേക്ക് ഇറങ്ങാവൂവെന്നും നിര്‍ദേശമുണ്ട്.
ചൂടുവെള്ളമെന്ന പേരില്‍ ചൂടാക്കിയതും ചൂടാക്കാത്തതുമായ വെള്ളം ഇട കലര്‍ത്തി കുടിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കുടിക്കാന്‍ ചൂടുവെള്ളവും ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും നല്‍കിയാല്‍ മാത്രം മഞ്ഞപ്പിത്തവും ടൈഫോയിഡ് രോഗങ്ങളെയും പൂര്‍ണമായും തടയാനാകില്ല. വിളമ്പുന്ന പാത്രങ്ങളും സുരക്ഷിതമായിരിക്കണം. സുരക്ഷിതമായ വെള്ളം ഉപയോഗിച്ചാവണം പാത്രങ്ങള്‍ കഴുകേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."