ഇന്നുമുതല്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യും
കൊല്ലം: ഭക്ഷ്യഭദ്രതാ പദ്ധതി അനുസരിച്ച് തയാറാക്കിയ പുതിയ റേഷന്‍കാര്‍ഡുകളുടെ വിതരണം ജില്ലയില്‍ ഇന്ന് ആരംഭിക്കും. ഭക്ഷ്യഭദ്രതാ പദ്ധതി അനുസരിച്ചുള്ള വാതില്‍പ്പടി വിതരണം ആദ്യമായി ആരംഭിച്ച ജില്ലയിലെ ആറു താലൂക്കുകളിലും ഇന്നു മുതല്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ വിതരണം ചെയ്യാനുള്ള തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. ഗൃഹനാഥയുടെ ചിത്രവുമായി അഞ്ചിനം കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ കാര്‍ഡിന് 50 രൂപ പ്രകാരവും മുന്‍ഗണനേതര വിഭാഗത്തിലുള്ളവര്‍ 100 രൂപ പ്രകാരവും നല്‍കണം. മുന്‍ഗണനാ എ.എ.വൈ കാര്‍ഡുകള്‍ മഞ്ഞനിറത്തിലും മുന്‍ഗണനാ വിഭാഗം കാര്‍ഡുകള്‍ പിങ്കു നിറത്തിലുമാണ്.
പൊതുവിഭാഗത്തിലുള്ള സംസ്ഥാന സബ്‌സിഡി വിഭാഗത്തിനും മുന്‍ഗണന ഇതര വിഭാഗത്തിനും നീല കാര്‍ഡാണ്. പൊതു വിഭാഗത്തിന്റേത് വെള്ള നിറത്തിലാണ്. 2013ല്‍ പുതുക്കി നല്‍കേണ്ട കാര്‍ഡുകളാണ് ഇപ്പോള്‍ നാലു വര്‍ഷത്തിനുശേഷം പുതുക്കി നല്‍കുന്നത്. 1990ല്‍ അഞ്ചു രൂപയായിരുന്നു വില ഈടാക്കിയിരുന്നത്. ഇത് 1995 ഒക്‌ടോബറില്‍ 7 രൂപയായി വര്‍ധിപ്പിച്ചു. പിന്നീട് 2009 ല്‍ ലാമിനേറ്റ് ചെയ്ത് നല്‍കിയ റേഷന്‍ കാര്‍ഡിന് 15 രൂപയായിരുന്നു വില. ഇതിന് യാതൊരു തരംതിരിവും ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ഇപ്പോള്‍ 62.53 ലക്ഷം കാര്‍ഡുകള്‍ മുന്‍ഗണനാ ഇതര വിഭാഗത്തിലുണ്ട്. ഇവ നൂറുരൂപ ക്രമത്തിലാണ് വില്‍പ്പന നടത്തേണ്ടത്. മുന്‍ഗണനാ വിഭാഗത്തിലുള്ള 20.65 ലക്ഷം കാര്‍ഡുകള്‍ 50 രൂപ ക്രമത്തിലും വില്‍ക്കണം. അപ്പോള്‍, ആകെ 72.86 കോടി രൂപ റേഷന്‍ കാര്‍ഡിന്റെ വില ഇനത്തില്‍ സര്‍ക്കാരിന്റെ ഖജനാവില്‍ എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."