ജി.എന്‍.പി.സി നടത്തിയ പാര്‍ട്ടികള്‍ സ്‌പോണ്‍സര്‍ ചെയ്തത് മദ്യക്കമ്പനികള്‍
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലൂടെ മദ്യപാനം പ്രോത്സാഹിപ്പിച്ച ഫേസ്ബുക്ക് കൂട്ടായ്മയായ ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) കേരളത്തിലംു വിദേശത്തും മദ്യസല്‍ക്കാര പാര്‍ട്ടികള്‍ നടത്തിയതായി തെളിവുകള്‍ പുറത്ത്. ഒരു സ്വകാര്യ ചാനലാണ് ഇതുസംബന്ധിച്ച് തെളിവുകള്‍ പുറത്തുവിട്ടത്. പ്രധാന മദ്യക്കമ്പനികളാണ് പാര്‍ട്ടി സ്‌പോണ്‍സര്‍ ചെയ്തത്.
മദ്യപാനം പ്രോത്സാഹിപ്പിച്ചതിന് ജി.എന്‍.പി.സി അഡ്മിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. എക്‌സൈസ് വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് പൊലിസ് കേസെടുത്തത്. ജുവനൈല്‍ ജസ്റ്റിസ് നിയമം, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമം എന്നിവയാണ് ചുമത്തിയിരിക്കുന്നത്.
നിലവില്‍ അബ്കാരി നിയമത്തിന്റെ ലംഘനത്തിനൊപ്പം സൈബര്‍ നിയമപ്രകാരവും അഡ്മിന്‍മാരായ നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനും (40) ഭാര്യ വിനിത(38)യ്ക്കുമെതെിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. ഫേസ്ബുക്ക് കൂട്ടായ്മയിലെ മറ്റു മോഡറേറ്റര്‍മാര്‍ക്കെതിരേയും കേസ് എടുത്തേക്കും.
മോഡറേറ്റര്‍മാരായ 36 പേരെ തിരിച്ചറിയുന്നതിന് എക്‌സൈസ് സൈബര്‍ പൊലിസിന്റെ സഹായം തേടിയിട്ടുണ്ട്. 36ല്‍ 11പേര്‍ ഇപ്പോഴും മോഡറേറ്റര്‍മാരായി ഗ്രൂപ്പില്‍ തുടരുന്നുണ്ട്.
ഇന്നലെ അജിത്കുമാറിന്റെ വീട്ടില്‍നിന്ന് ടിക്കറ്റ് വച്ച് മദ്യസല്‍ക്കാരം നടത്തിയതിനുള്ള രേഖകള്‍ എക്‌സൈസ് പിടിച്ചെടുത്തു. ഇതിനു ശേഷമാണ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പൊലിസിന് നിര്‍ദേശം നല്‍കിയത്.
പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ജി.എന്‍.പി.സി ഗ്രൂപ്പില്‍ നിന്ന് മദ്യത്തിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രം പ്രചരിപ്പിക്കുകയും കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തത് ജുവനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണ്.
ശവക്കല്ലറയ്ക്ക് മുകളില്‍ മദ്യം വച്ചുള്ള ചിത്രവും പൊതു സ്ഥലത്ത് മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും ശ്രീനാരായണ ഗുരുവിന്റെ വചനങ്ങള്‍ ഉള്‍പ്പെടെ വളച്ചൊടിക്കുന്ന പോസ്റ്റുകള്‍ എന്നിവയും സൈബര്‍ പൊലിസ് കണ്ടെത്തിയിട്ടുണ്ട്.
അഡ്മിന്‍മാര്‍ക്കെതിരേ അനധികൃത മദ്യവില്‍പന സംബന്ധിച്ച് എക്‌സൈസ് വകുപ്പ് ചുമത്തിയിരിക്കുന്ന കേസില്‍ 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. അതിനിടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്‌സൈസ് ഫേസ്ബുക്കിനെ സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."