ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ അഗ്‌നിബാധ
പയ്യോളി: ഓടിക്കൊണ്ടിരുന്ന ബസില്‍ തീപടര്‍ന്നത് പരിഭ്രാന്തി പരത്തി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം. ഡ്രൈവര്‍ തിക്കോടി സ്വദേശി മഠത്തിക്കണ്ടി വിജീഷിന്റെ മനോധൈര്യം കൊണ്ടാണ് വന്‍ ദുരന്തം ഒഴിവായത്. ദേശീയപാതയില്‍ പയ്യോളി ടൗണിന്റെ വടക്കു ഭാഗത്ത് ഇന്നലെ രാവിലെ 10.30നായിരുന്നു അപകടം. വടകരയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി (കെ.എല്‍ 15 എ 2213) സൂപ്പര്‍ഫാസ്റ്റ് ബസിലാണ് അഗ്‌നിബാധയുണ്ടായത്.
ബസിന്റെ ഗിയര്‍ബോക്‌സിലാണ് തീ പിടിച്ചത്. പിന്നീട് ആളിക്കത്താന്‍ തുടങ്ങി. തുടര്‍ന്ന് റോഡിന്റെ വശത്തേക്ക് ബസ് ഒതുക്കി നിര്‍ത്തിയതോടെ പരിഭ്രാന്തരായ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ഇറങ്ങിയോടി. ഉടന്‍ തന്നെ ഡ്രൈവര്‍ ബസിനകത്തുണ്ടായിരുന്ന പ്രാഥമിക അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരെ കെ.എസ്.ആര്‍.ടി.സിയുടെ തന്നെ മറ്റൊരു ബസില്‍ കയറ്റിവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."