HOME
DETAILS
MAL
അവധിയിലുള്ള ജീവനക്കാരെ ആരോഗ്യവകുപ്പ് തിരിച്ചുവിളിച്ചു
backup
July 11 2020 | 02:07 AM
ക്ലസ്റ്ററുകള്‍ തിരിച്ച് പരിശോധന
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് - 19 വ്യാപനം കുതിച്ചുയരുന്ന സാഹചര്യത്തില്‍ അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിച്ച് ആരോഗ്യ വകുപ്പ്. വിവിധ കാരണങ്ങളാല്‍ അവധിയിലുള്ള ജീവനക്കാരോടാണ് തിരികെ ജോലിക്ക് ഹാജരാകാന്‍ നിര്‍ദേശിച്ചത്.
ദീര്‍ഘകാല ശൂന്യവേതന അവധി, ആരോഗ്യപരമായ കരണങ്ങളാലുള്ള അവധി, പഠന അവധി എന്നിവ ഒഴികെ മറ്റ് അവധികളിലുള്ളവര്‍ ജോലിക്കെത്തണം. ഏഴു ദിവസത്തിനുള്ളില്‍ ഇവര്‍ ജോലിക്ക് ഹാജരാകണമെന്നാണ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ നിര്‍ദേശം നല്‍കിയത്.
അതേസമയം, നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രദേശത്തെ എല്ലാ ആളുകളെയും ക്വാറന്റൈന്‍ ചെയ്യും. ആള്‍ക്കൂട്ടം യാതൊരു കാരണവശാലും അനുവദിക്കില്ല. റിവേഴ്‌സ് ക്വാറന്റൈന്‍ കൂടുതല്‍ കര്‍ശനമാക്കും. ഇവര്‍ പുറത്തിറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി. ഉന്നതോദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ പരിശോധന നടത്തണം. കൂടുതല്‍ രോഗികളുള്ള കണ്ടെയ്‌മെന്റ് സോണുകളെ ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പ്രതിരോധ നടപടികള്‍ സ്വീകരിക്കുക. ആന്റിജന്‍, ആന്റിബോഡി പരിശോധനകള്‍ കൂട്ടും. കൂടാതെ തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ അതീവ ജാഗ്രത പുലര്‍ത്താനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
ആരോഗ്യം, പൊലിസ്, മീഡിയ, ഫയര്‍ ഫോഴ്‌സ്, റവന്യൂ, ഭക്ഷ്യസുരക്ഷ, റസ്റ്ററന്റുകള്‍, ഹോട്ടലുകള്‍, ടൂറിസം എന്നിവയുമായി ഏകോപനം ഉറപ്പാക്കും. അതിര്‍ത്തിക്കപ്പുറത്തു നിന്ന് വരുന്നവര്‍ക്കായി ആശുപത്രികളില്‍ പ്രത്യേകം ഒ.പി തുടങ്ങും. കിടത്തി ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കും. രോഗബാധിതരെ നേരത്തെ തന്നെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെയും ക്വാറന്റൈനിലാക്കുന്നതിന്റെയും ഭാഗമായി വിവിധ വിഭാഗങ്ങളെ ക്ലസ്റ്ററുകളായി തിരിച്ച് വിപുലമായ പരിശോധനകള്‍ നടത്തും. ഇതിനുള്ള മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറത്തിറക്കി.
അഞ്ചു ക്ലസ്റ്ററുകളായി തിരിച്ചായിരിക്കും പരിശോധന. ക്ലസ്റ്റര്‍ ഒന്നില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്, ആശാവര്‍ക്കര്‍, ആംബുലന്‍സുകാര്‍ തുടങ്ങിയ ആരോഗ്യപ്രവര്‍ത്തകരാണുള്ളത്. ക്ലസ്റ്റര്‍ രണ്ടില്‍ സമൂഹവുമായി അടുത്തിടപഴകുന്ന തദ്ദേശസ്വയംഭരണ സ്ഥാപന മെമ്പര്‍മാര്‍, വളന്റിയര്‍മാര്‍, ഭക്ഷണ വിതരണക്കാര്‍, കച്ചവടക്കാര്‍, പൊലിസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഡ്രൈവര്‍മാര്‍, ഇന്ധന പമ്പ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, ബാങ്ക്- ഓഫിസ് ജീവനക്കാര്‍ എന്നിവരാണുള്ളത്.
ക്ലസ്റ്റര്‍ മൂന്നില്‍ കണ്ടെയ്ന്‍മെന്റ് സോണിലെ ഗര്‍ഭിണികള്‍, പ്രസവം കഴിഞ്ഞവര്‍, വയോജനങ്ങള്‍, ഗുരുതര രോഗമുള്ളവര്‍, 10 വയസിനു താഴെയുള്ള കുട്ടികള്‍ എന്നിവരാണുള്ളത്. ക്ലസ്റ്റര്‍ നാലില്‍ അതിഥിത്തൊഴിലാളികള്‍ക്കാണ് പരിശോധന. ഈ നാല് ക്ലസ്റ്ററുകളിലും സി.എല്‍.ഐ.എ ആന്റിബോഡി പരിശോധനയാണ് നടത്തുന്നത്. ക്ലസ്റ്റര്‍ അഞ്ചില്‍ രോഗം സ്ഥിരീകരിച്ചവരുടെ സമീപപ്രദേശങ്ങളിലുള്ളവര്‍ക്കാണ് പരിശോധന. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റാണ് ഇവര്‍ക്കു നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."