ഹജ്ജ് 2020: വിശുദ്ധ നഗരി ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ; ഹറം കാര്യ വകുപ്പിന്റെ ഹജ്ജ് പദ്ധതിക്ക് തുടക്കമായി
മക്ക: ലോകത്താകമാനം കൊവിഡ് മഹാമാരി വ്യാപനം തുടരുന്ന സാഹചര്യത്തിൽ പരിമിതമായ ആളുകളെ ഉൾപ്പെടുത്തി നടത്തുന്ന വിശുദ്ധ ഹജ്ജ് കർമ്മങ്ങൾക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിനായി അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കാൻ വിശുദ്ധ സ്ഥലങ്ങൾ ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. വിശ്വാസികളുടെ ലബ്ബൈക മന്ത്രങ്ങൾ അന്തരീക്ഷത്തിൽ ഉയരുന്ന ഹജ്ജ് കർമ്മങ്ങൾക്ക് ഇനി രണ്ടാഴ്ച്ച മാത്രമാണ് അവശേഷിക്കുന്നത്. മിന, അറഫാത്ത്, മുസ്ദലിഫ എന്നിവിടങ്ങളിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങൾക്കും ബന്ധപ്പെട്ട ഏജൻസികൾ അന്തിമരൂപം നൽകിയിട്ടുണ്ട്. ഈ വർഷത്തെ ഹജിനുള്ള പ്രത്യേക ആരോഗ്യ പ്രോട്ടോകോളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഹജ്ജുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങളിലെ റോഡുകൾ, തെരുവുകൾ, തമ്പുകൾ എന്നിവയുടെ അറ്റകുറ്റപ്പണികളും മറ്റും പുണ്യ സ്ഥലങ്ങളിൽ പൂർത്തിയായി. ജമറാത്തിലേക്കുള്ള കാൽനട പാതകളിലും ഹാജിമാർക്ക് താമസിക്കുന്നതിനുള്ള ടെന്റ്, നഗരത്തിലേക്കുള്ള പ്രവേശന, എക്സിറ്റ് പോയിൻറുകളിലും അവസാന ഘട്ട മിനുക്കു പണികൾ നടന്നു വരികയാണ്. ബന്ധപ്പെട്ട സർക്കാരും ഹജ്ജ് സേവന ഏജൻസികളും തീർഥാടകർക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാനുള്ള അവസാനഘട്ട മിനുക്കു പണികളിലാണ്.
പകർച്ച വ്യാധി രഹിത ഹജ്ജിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി കന്നുകാലികളെ വിശുദ്ധ നഗരത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായി സുരക്ഷയും ആരോഗ്യവും ഉറപ്പുവരുത്താൻ പ്രവേശന കവാടങ്ങളിൽ വെറ്റിനറി ടീമുകളെ ചുമതലപ്പെടുത്തി. ജൂലൈ 19 മുതൽ ഹജ്ജ് പെർമിറ്റ് ഉള്ളവർക്ക് മാത്രമേ വിശുദ്ധ നഗരത്തിലേക്കും വിശുദ്ധ സ്ഥലങ്ങളിലേക്കും പ്രവേശനം ലഭിക്കൂ. മക്കയിലേക്കുള്ള തീർഥാടകരുടെ ഗ്രൂപ്പിംഗ് ഏരിയകൾ സ്ഥാപിക്കുന്നതിനും വിവിധ പ്രവേശന സ്ഥലങ്ങളിൽ ചെക്ക് പോയിന്റുകൾ സ്ഥാപിക്കുന്നതിനുമുള്ള ഒരുക്കങ്ങളും ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്.
അതേസമയം, തീർഥാടകരെ സ്വീകരിച്ച് സേവനങ്ങൾ നൽകാൻ തയാറാക്കിയ ഹറംകാര്യ വകുപ്പിന്റെ ഹജ് പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പദ്ധതി ഉദ്ഘാടനം ചെയ്‌തത്. ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ചും ഏകോപനം നടത്തിയുമാണ് ഹറംകാര്യ വകുപ്പ് ഹജ് പദ്ധതി തയാറാക്കിയത്. പ്രയാസരഹിതമായി ഹജ് കർമം നിർവഹിക്കാൻ തീർഥാടകർക്ക് അവസരമൊരുക്കുകയും ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുകയും ചെയ്യുന്ന നടപടികളും സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് ഹറംകാര്യ വകുപ്പ് ഹജ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഹജ് തീർഥാടകർക്ക് ഏറ്റവും മുന്തിയ സേവനങ്ങൾ നൽകാൻ ലക്ഷ്യമിട്ടുള്ള ഹറംകാര്യ വകുപ്പിന്റെ കാമ്പയിനും ഹറംകാര്യ വകുപ്പ് മേധാവി ഉദ്ഘാടനം ചെയ്തു. തുടർച്ചയായി എട്ടാം വർഷമാണ് ഹറംകാര്യ വകുപ്പ് ഈ കാമ്പയിൻ നടത്തുന്നത്.
ഈ വർഷം പരിമിതമായ 10,000 ആഭ്യന്തര തീർഥാടകരെ മാത്രം ഉൾപ്പെടുത്തിയാണ് ഹജ്ജ് കർമ്മങ്ങൾ നടക്കുക. കഴിഞ്ഞ വർഷം ഇത് 2.5 മില്യൺ തീർഥാടകരായിരുന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഹജ്ജിനായി എത്തിച്ചേർന്നിരുന്നത്. ഈ വർഷം സഊദിക്കകത്ത് നിന്നുള്ള സ്വദേശികളും വിദേശികളും നിന്നുള്ളവരിൽ നിന്നാണ് പതിനായിരം പേർക്ക് അവസരം നൽകുന്നത്.ഇവരിൽ എഴുപത് ശതമാനം വിദേശികൾക്കും മുപ്പത്ത് ശതമാനം സ്വദേശികൾക്കുമാണ് അവസരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."