മാലിന്യമുക്ത കണ്ണൂര്‍: കാംപയിന്‍ രണ്ടാം ഘട്ടത്തിലേക്ക് നടപടികള്‍ ശക്തിപ്പെടുത്തും
കണ്ണൂര്‍: മാലിന്യമുക്ത കണ്ണൂര്‍ കാംപയിനില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്. മാലിന്യമുക്ത കണ്ണൂര്‍ കാംപയിന്‍ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ഭാഗമായി മാസ്‌കോട്ട് ഹോട്ടലില്‍ നടത്തിയ വിവിധ അസോസിയേഷനുകളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്ലാസ്റ്റിക് സഞ്ചികള്‍, ഡിസ്‌പോസിബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, പി.വി.സി ഫഌക്‌സുകള്‍ എന്നിവയുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാന്‍ രണ്ടുവര്‍ഷം നീണ്ട കാംപയിനിലൂടെ നമുക്ക് സാധിച്ചു.
കണ്ണൂര്‍ കോര്‍പറേഷനും ചില പഞ്ചായത്തുകളും നഗരസഭകളും ഇക്കാര്യത്തില്‍ മികച്ച നേട്ടം കൈവരിച്ചപ്പോള്‍ ചില പട്ടണങ്ങളില്‍ വേണ്ടത്ര നടപ്പാക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് സഞ്ചിയുമായി പോകുന്നതും ഡിസ്‌പോസബ്ള്‍ കപ്പുകളില്‍ ചായ കുടിക്കുന്നതും നാണക്കേടായി തോന്നുന്ന ഒരു അവസ്ഥ സമൂഹത്തിലുണ്ടാക്കാന്‍ സാധിച്ചുവെന്നതു തന്നെ കാംപയിനിന്റെ ഏറ്റവും വലിയ വിജയമാണെന്ന് കലക്ടര്‍ മീര്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു. നിയമം അടിച്ചേല്‍പ്പിച്ചുകൊണ്ടല്ല, സമവായത്തിലൂടെയാണ് ജില്ലയില്‍ കാംപയിന്‍ മുന്നോട്ടുപോയത്.
രാജ്യത്തിന്റെ തന്നെ അംഗീകാരം നേടിയ ഇത്തരമൊരു മികച്ച പദ്ധതി ആദ്യമായി നടപ്പാക്കാനുള്ള അവസരം കണ്ണൂര്‍ ജില്ല നഷ്ടപ്പെടുത്തണമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. കാംപയിനിന്റെ രണ്ടാം ഘട്ടത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ കാര്യക്ഷമമാക്കണം.
ഇക്കാര്യത്തില്‍ ബന്ധപ്പെട്ട കക്ഷികളുമായെല്ലാം കൂടുതല്‍ ചര്‍ച്ചകളും ആലോചനകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന കാറ്ററിങ് സര്‍വിസുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവയുടെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ അനുകൂല നടപടികളുണ്ടാവുന്നില്ലെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
ചിലയിടങ്ങളില്‍ ആരാധനാലയങ്ങളില്‍ നടക്കുന്ന ചടങ്ങുകളില്‍ വലിയതോതില്‍ ഡിസ്‌പോസബ്ള്‍ സാധനങ്ങള്‍ ഉപയോഗിക്കുന്നതായും ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തി. ഓഡിറ്റോറിയം ഓണേഴ്‌സ് അസോസിയേഷന്‍, കാറ്ററിങ് അസോസിയേഷന്‍, കുക്കിങ് അസോസിയേഷന്‍, ഹയര്‍ ഗുഡ്‌സ് ഓണേഴ്‌സ് അസോസിയേഷന്‍, റസിഡന്‍സ് അസോസിയേഷന്‍ ജില്ലാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ശുചിത്വമിഷനില്‍ നിന്ന് സ്ഥലംമാറിപ്പോവുന്ന അസി. കോഓഡിനേറ്റര്‍ സുരേഷ് കസ്തൂരിയെ കലക്ടര്‍ പൊന്നാടയണിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."