അഞ്ച് വിവിപാറ്റുകള്‍ എണ്ണാന്‍ സുപ്രിം കോടതി ഉത്തരവ്
ന്യൂഡല്‍ഹി: ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു വോട്ടിങ് മെഷിനുകളിലെ വിവിപാറ്റുകള്‍ എണ്ണാന്‍ സുപ്രിം കോടതി തെരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിച്ചു.
ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചുവീതം മെഷിനുകളിലെ വിവിപാറ്റുകള്‍ എണ്ണണം. നിലവില്‍ മണ്ഡലത്തിലെ തെരഞ്ഞെടുക്കുന്ന ഏതെങ്കിലും ബൂത്തിലെ ഒരു മെഷിനിലെ വിവിപാറ്റുകള്‍ എണ്ണുകയാണ് പതിവ്. ഇത്തരത്തില്‍ 0.44 ശതമാനം വിവി പാറ്റുകള്‍ മാത്രമാണ് എണ്ണുന്നത്.
ഇത് ശാസ്ത്രീയമാണെന്നും 99.99 ശതമാനം പിശകില്ലെന്ന് ഉറപ്പിക്കാനാവുമെന്നുമുള്ള തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം തള്ളിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.
50 ശതമാനം വിവിപാറ്റുകള്‍ എണ്ണാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജിയില്‍ പാതിവിജയം നേടുന്നതാണ് ഉത്തരവ്.
ഏതു ബൂത്തിലെ വിവിപാറ്റുകള്‍ എണ്ണണമെന്നത് സംബന്ധിച്ച് മുന്‍കൂട്ടി നിശ്ചയിക്കാതെ പെട്ടെന്ന് തെരഞ്ഞെടുക്കുന്ന നിലവിലെ രീതി തുടരാം.
ഇതിലൂടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് മാത്രമല്ല, ജനങ്ങള്‍ക്കും സ്വതന്ത്രവും സത്യസന്ധവുമായ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ഉറപ്പിക്കാനാവുമെന്നും വോട്ടിങ്‌മെഷീന്റെ വിശ്വാസ്യത ഉറപ്പാക്കാനാവുമെന്നും കോടതി പറഞ്ഞു.
50 ശതമാനം വിവിപാറ്റുകള്‍ എണ്ണാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ 21 രാഷ്ട്രീയപ്പാര്‍ട്ടികളാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. ബൂത്തില്‍ ഒരാളെ മാത്രം എണ്ണാന്‍ നിയോഗിച്ചാലുള്ള കണക്കാണ് കമ്മിഷന്‍ സമര്‍പ്പിച്ചതെന്നും ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയാല്‍ രണ്ടുദിവസം കൊണ്ട് 50 ശതമാനം വിവിപാറ്റുകള്‍ എണ്ണാമെന്നും രാഷ്ട്രീയപ്പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഒരാള്‍ മാത്രമാണ് എണ്ണുന്നതെന്ന് എങ്ങനെ മനസിലാക്കിയെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന്, സത്യവാങ്മൂലത്തിലെ സാങ്കേതിക പിഴവാണെന്നും കൂടുതല്‍പേരെ നിയോഗിച്ചാല്‍ വേഗത്തില്‍ എണ്ണിത്തീര്‍ക്കാമെന്നാണ് ഉദ്ദേശിച്ചതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ അഭിഭാഷകന്റെ മറുപടി.
എണ്ണേണ്ട ബൂത്തുകള്‍ എങ്ങനെ തെരഞ്ഞെടുക്കുമെന്ന ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന് സ്ഥാനാര്‍ഥിയാണ് അത് നിശ്ചയിക്കുകയെന്ന് കമ്മിഷന്‍ മറുപടി നല്‍കി. 20 സ്ഥാനാര്‍ഥികളുണ്ടെങ്കില്‍ അവര്‍ വ്യത്യസ്ത മെഷിന്‍ തെരഞ്ഞെടുക്കില്ലേ എന്നു സംശയം പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് നിലവിലെ രീതി തുടരാമെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."