HOME
DETAILS

ഭോപ്പാലിന്റെ രണ്ടാം ദുരന്തകാലം

  
backup
July 14 2020 | 01:07 AM

bhopal-tragedy-869576-2020

 


ഭോപ്പാല്‍ വാതക ദുരന്തമുണ്ടാകുന്നതിന് തൊട്ടുമുന്‍പ് ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡ് ഫാക്ടറിയിലെ ഇന്ത്യക്കാരനായ സുരക്ഷാ ഉദ്യോഗസ്ഥന്‍ കമല്‍ പരീഖ് ചാള്‍സ്റ്റണിലെ യൂണിയന്‍ കാര്‍ബൈഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സേഫ്റ്റി വിഭാഗത്തോട് ഒരു സംശയം ചോദിച്ചു. കമ്പനിയില്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന മീഥെയ്ല്‍ ഐസോസൈനേറ്റ് (എം.ഐ.സി) ചോര്‍ന്നാല്‍ തൊട്ടുമുന്‍പിലെ റയില്‍വേ ലൈനിലെ ആളുകളെ കൂട്ടക്കൊല ചെയ്യില്ലേ? കമ്പനിയുടെ മറുപടി ഇങ്ങനെയായിരുന്നു; അത്തരത്തിലൊരു സാധ്യതയുമില്ല. മോശം സാഹചര്യത്തില്‍പ്പോലും വിഷവാതകം റയില്‍വേ ലൈനിലേക്കെത്തില്ല. അത് അതിനപ്പുറത്തേക്ക് കടന്നുപോകും'. അതിനപ്പുറത്ത് ബസ്തിയാണ്. ആയിരക്കണക്കിന് പാവങ്ങള്‍ തിങ്ങിത്താമസിക്കുന്ന ഒറിയ ബസ്തി, ജയ്പ്രകാശ്, ചോല ബസ്തികള്‍. വിഷവാതകം ബസ്തിയിലെത്തുമെന്നല്ലേ അതിനര്‍ഥം. അവരുടെ ജീവന് ഒരു വിലയുമില്ലെന്നോ - പരീഖ് തിരിച്ചുചോദിച്ചു. 1984 ഡിസംബര്‍ രണ്ടിലെ രാത്രി വിഷവാതകം ചോര്‍ന്നപ്പോള്‍ ഇരകളില്‍ ഭൂരിഭാഗവും ഈ ബസ്തികളിലെ പാവപ്പെട്ടവരായിരുന്നു. കൊവിഡ് കാലം ഭോപ്പാലിലെ ഇരകള്‍ക്ക് ദുരന്തത്തിന്റെ രണ്ടാംവരവാണ്. മധ്യപ്രദേശില്‍ കൊവിഡ് പടര്‍ന്നപ്പോള്‍ ഭോപ്പാലില്‍ മരിച്ചുവീണവരില്‍ 80 ശതമാനവും ഈ ദുരന്തത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള ഇരകളാണ്.
പ്രതിരോധശേഷി കുറഞ്ഞ ഇരകള്‍ക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങളൊരുക്കണമെന്ന് സന്നദ്ധസംഘടനകള്‍ ആവശ്യപ്പെട്ടെങ്കിലും ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ ചെവികൊണ്ടില്ല. ജൂണ്‍ 11വരെ ഭോപ്പാലില്‍ മരിച്ച 60 പേരില്‍ 48 പേരും ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളായിരുന്നു. അതില്‍ അഞ്ചു ശതമാനം പേര്‍ കുട്ടികളുമാണ്. ഇത് അവസാനത്തെ കണക്കല്ല. കണക്ക് പറഞ്ഞാല്‍ അവസാനിക്കാന്‍ പോകുന്നുമില്ല. 1994ലെ പഠന പ്രകാരം ഭോപ്പാല്‍ യൂണിയന്‍ കാര്‍ബൈഡ് പ്ലാന്റിന് സമീപത്ത് താമസിക്കുന്ന ഒരു ലക്ഷം പേര്‍ക്ക് വൃക്ക രോഗങ്ങള്‍, കാന്‍സര്‍, മൂത്രാശയ സംബന്ധിയായ രോഗങ്ങള്‍ തുടങ്ങിയവയുണ്ട്. വികൃതമായ രൂപങ്ങളോട് രോഗം നിറഞ്ഞ ശരീരവുമായി ജനിച്ചവരുണ്ട്. മറ്റു രോഗങ്ങള്‍ സദാ അലട്ടുന്നവരുണ്ട്. കൊവിഡിനെ ഭോപ്പാലിന്റെ രണ്ടാം ദുരന്തമായി കാണാന്‍ നിരവധി കാരണങ്ങളുണ്ട്. മനപ്പൂര്‍വമുള്ള അവഗണനമൂലം സംഭവിച്ചതാണ് ഭോപ്പാല്‍ വാതക ദുരന്തം. അത് സംഭവിക്കാന്‍ പോകുന്നുവെന്ന് യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്കും സംസ്ഥാനസര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും അറിയാമായിരുന്നു. പ്രതിരോധ ശേഷിയില്ലാത്തവരെ വേട്ടയാടുന്ന കൊവിഡ് ഭോപ്പാലിലെ ഇരകള്‍ക്കുമേല്‍ മറ്റൊരു ദുരന്തമാകുമെന്ന് അറിയാത്തവരായിരുന്നില്ല അവരാരും. കൊവിഡ് ലോക്ക്ഡൗണ്‍ ആരംഭിക്കുന്നതിന്റെ തൊട്ടു തലേദിവസം മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരമേറ്റെടുത്ത ശിവരാജ് സിങ് ചൗഹാന്‍ നേതൃത്വം നല്‍കുന്ന ബി.ജെ.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.


ഭോപ്പാലില്‍ വാതക ദുരന്തം വരാനിരിക്കുന്നുവെന്ന് ആദ്യം പറഞ്ഞത് കമല്‍ പരീഖ് തന്നെയായിരുന്നു. ബോംബെയില്‍നിന്നുള്ള എം.ഐ.സി നിറച്ച ടാങ്കുകള്‍ യാത്രാമധ്യേ ചോര്‍ന്നതിന്റെ ഞെട്ടലിലായിരുന്നു പരീഖ്. അന്ന് പരീഖിന്റെ ധൈര്യപൂര്‍വമുള്ള ഇടപെടലാണ് ഒരു ദുരന്തത്തെ വഴിമാറ്റിയത്. ഫാക്ടറിയിലെ എം.ഐ.സി സപ്ലേ ചെയ്യുന്ന പൈപ്പുകള്‍ ചോര്‍ന്നാല്‍, ഫാക്ടറിയില്‍ നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് തടയാന്‍ കഴിയാത്തതാണത്. തൊട്ടുമുന്‍പില്‍ റെയില്‍വേ ലൈനാണ്. യാത്രക്കാരെ കുത്തിനിറച്ച തീവണ്ടികള്‍ ഫാക്ടറിക്കു മുന്നില്‍ പ്ലാറ്റ്‌ഫോം കാത്ത് കിടയ്ക്കുന്നു. ഒരു ചെറിയ കാറ്റ് മതി വിഷവാതകം ട്രെയിന്‍ യാത്രക്കാരെ കൂട്ടക്കൊല ചെയ്യാന്‍. പരീഖ് അന്നു തന്നെ നാഗ്പൂരിലെ മെറ്റീരിയോളജിക്കല്‍ ഹെഡ്ക്വാര്‍ട്ടറിലെത്തി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍നടന്ന മെറ്റീരിയലോളജിക്കല്‍ പഠനങ്ങളുടെ പേപ്പറുകളുകള്‍ പരതി. ഒരാഴ്ചയോളം ഈ പേപ്പറുകളില്‍ പഠനം നടത്തിയ പരീഖ് ഭോപ്പാലിലെ അന്തരീക്ഷ ശാസ്ത്രം പരിശോധിച്ചു. പരീഖിന്റെ സംശയങ്ങള്‍ ശരിയായിരുന്നു. ഭോപ്പാലിലെ സ്ഥിതി പ്രകാരം 75 ശതമാനവും വടക്കുനിന്ന് കിഴക്കോട്ട് വീശുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 20 കിലോമീറ്ററായിരിക്കും. ഡിസംബറിലെ രാത്രിയില്‍ ഭോപ്പാലിലെ താപനില ഒരിക്കലും ഏഴു ഡിഗ്രി സെല്‍ഷ്യസില്‍ താഴില്ല. അതുകൊണ്ട് എം.ഐ.സിയുടെ ചെറിയ ചോര്‍ച്ചപോലും സമീപപ്രദേശങ്ങളെ ബാധിക്കാം. അത് ട്രെയിന്‍ യാത്രക്കാരെ കശാപ്പു ചെയ്യാം. പരീഖ് ഈ തെളിവുകളെല്ലാം സമ്പാദിച്ച് സൗത്ത് ചാള്‍സ്റ്റണിലെ യൂണിയന്‍ കാര്‍ബൈഡ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സേഫ്റ്റി വിഭാഗത്തിലേക്കയച്ചു. അതിന് കിട്ടിയ മറുപടിയായിരുന്നു തുടക്കത്തില്‍ പറഞ്ഞത്. പരീഖ് പറഞ്ഞത് ആരും കേട്ടില്ല. ഡിസംബര്‍ രണ്ടിന് രാത്രി ബസ്തികള്‍ക്കു മുകളില്‍ മരണം നിഴല്‍ വിരിച്ചുനിന്ന ദിനത്തില്‍ പരീഖ് കമ്പനിക്കൊപ്പമുണ്ടായിരുന്നില്ല.


25000ത്തിലധികം പേര്‍ മരിച്ച മറ്റൊരു വാതക ദുരന്തം രാജ്യം കണ്ടിട്ടില്ല. 1969ല്‍ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് പ്ലാന്റ് സ്ഥാപിക്കുമ്പോള്‍ പലതും മറച്ചുവയ്ക്കുന്ന സമീപനമായിരുന്നു കമ്പനിയുടേത്. എം.ഐ.സിയുടെ അപകടത്തെക്കുറിച്ച് കമ്പനി അതിന്റെ മാനുവലില്‍ വിവരിച്ചിരുന്നു. എന്നാല്‍ എം.ഐ.സിയുടെ അപകടം സംബന്ധിച്ച് പിറ്റ്‌സ് ബര്‍ഗിലെ കാര്‍ണിജ് മെലോണ്‍ സര്‍വകലാശാല 1960ലും 1970ലും നടത്തിയ പഠനങ്ങളുടെ വിവരങ്ങള്‍ കമ്പനി മറച്ചുവച്ചു. ചൂടേറ്റാല്‍ എം.ഐ.സിയില്‍ തന്മാത്രകള്‍ വിഘടിക്കുമെന്നും ഇത് മാരകമാണെന്നും പഠനം കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ വിഘടിക്കുന്ന തന്മാത്രകളില്‍ ഹൈഡ്രോസയനൈയ്ഡുമുണ്ടാകും. ഉടന്‍ മരണത്തിന് കാരണമാവുന്ന വലിയ ഡോസിലുള്ള വാതകമാണ് ഇത് പുറപ്പെടുവിക്കുക. ഈ പഠനം എന്തുകൊണ്ടോ കമ്പനി അവഗണിച്ചു. എം.ഐ.സി പൂര്‍ണമായും പൂജ്യം ഡിഗ്രി താപനിലയില്‍ സൂക്ഷിക്കേണ്ടതായിരുന്നു. ഭോപ്പാലില്‍ കടുത്ത തണുപ്പുള്ള ഡിസംബര്‍ ജനുവരി കാലത്ത് പോലും 16 ഡിഗ്രി മുതല്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നു താപനില. ആ അര്‍ഥത്തില്‍ ഭോപ്പാല്‍ ഇത്തരമൊരു കമ്പനി സ്ഥാപിക്കാന്‍ പറ്റിയ സ്ഥലമായിരുന്നില്ല.


നൂറുകണക്കിന് ദശലക്ഷം ജനങ്ങള്‍ക്ക് സ്വന്തമായി വൈദ്യുതിയില്ലാത്ത ഇന്ത്യയിലെ ബാറ്ററി വിപണിയിലായിരുന്നു യൂണിയന്‍ കാര്‍ബൈഡിന് കണ്ണ്. ഹിമാലയം മുതല്‍ കേരളംവരെ തങ്ങളുടെ ബാറ്ററി വിപണിയില്‍ നിറയുന്ന ദിവസം കമ്പനി സ്വപ്നം കണ്ടിരുന്നു. കൃഷി മന്ത്രാലയം വര്‍ഷത്തില്‍ അയ്യായിരം ടണ്‍ കീടനാശിനി ഉല്‍പാദിപ്പിക്കാനുള്ള ലൈസന്‍സാണ് യൂണിയന്‍ കാര്‍ബൈഡ് കമ്പനിക്ക് അനുവദിച്ചിരുന്നത്. ഇന്ത്യയൊട്ടുക്കും തങ്ങളുടെ കീടനാശിനി നിറയ്ക്കാന്‍ രണ്ടായിരം ടണ്‍ മതിയാകും. അത്രയും ഉല്‍പാദിപ്പിക്കാനുള്ള ശേഷിയേ ഭോപ്പാലിലെ ഫാക്ടറിക്കുണ്ടായിരുന്നുള്ളൂ. ഭോപ്പാലില്‍ അതിനായുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ അത് വിലകുറഞ്ഞ ഇന്ത്യന്‍ ജീവനുകളെ എങ്ങനെ ബാധിക്കുമെന്ന് തങ്ങള്‍ ആശങ്കപ്പെട്ടതേയുണ്ടായിരുന്നില്ലെന്ന് കമ്പനിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് എഡ്വാര്‍ഡോ മുനോസ് പിന്നീട് കുമ്പസരിച്ചിരുന്നു. അയ്യായിരം ടണ്‍ എന്ന ലക്ഷ്യത്തിലെത്താന്‍ വലിയ അളവില്‍ എം.ഐ.സി ഫാക്ടറിയില്‍ സ്റ്റോക്ക് ചെയ്യണമെന്ന മുനോസിന്റെ ഈ ആശയത്തില്‍ ബ്രസല്‍സില്‍നിന്നുള്ള എന്‍ജിനീയര്‍മാര്‍ എതിത്തു . 'നിങ്ങളുടെ എന്‍ജിനീയര്‍മാക്ക് ബുദ്ധി നഷ്ടപ്പെട്ടോ. എം.ഐ.സി സ്റ്റോക് ചെയ്യുകയെന്നാല്‍ നിങ്ങളുടെ പ്ലാന്റിനു നടുവില്‍ ഒരു ആറ്റംബോംബ് സൂക്ഷിയ്ക്കുന്നതിന് തുല്യമാണ്' - പ്ലാന്റില്‍ ചേര്‍ന്ന യോഗത്തില്‍ ബ്രസല്‍സില്‍നിന്നുള്ള എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാട്ടി. ആവശ്യമായ എം.ഐ.സി അപ്പോള്‍ നിര്‍മ്മിച്ചെടുക്കണമെന്നും ഒരു ലിറ്റര്‍ എം.ഐ.സി പോലും സൂക്ഷിക്കരുതെന്നുമായിരുന്നു ജര്‍മ്മന്‍ എന്‍ജിനീയര്‍മാരുടെ നിര്‍ദേശം. എന്നാല്‍ തങ്ങളുടെ തീരുമാനത്തില്‍ മുന്നോട്ടുപോകാന്‍ അമേരിക്കന്‍ എന്‍ജിനീയര്‍മാര്‍ തീരുമാനിച്ചു.


ഫാക്ടറിയിലെ യുവ എന്‍ജിനീയര്‍ അഷ്‌റഫ് പൊടുന്നനെ വിഷവാതകം ശ്വസിച്ച് മരിച്ചിട്ടും പിന്നാലെ നിരവധിപേര്‍ക്ക് വിഷബാധയേറ്റിട്ടും ആരും ഒന്നും ചെയ്തിട്ടില്ല. ഫാക്ടറിയില്‍ വരാനിരിക്കുന്ന അപകടത്തെക്കുറിച്ച് അഷ്‌റഫിന്റെ മരണശേഷം സുഹൃത്തും പത്രപ്രവര്‍ത്തകനുമായ രാജ്കുമാര്‍ കേശ്വാനി ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുന്ന റാപാട് വാരികയില്‍ എഴുതിയ ലേഖനമായിരുന്നു അവസാന മുന്നറിയിപ്പ്. ഭോപ്പാലിനു മുകളില്‍ മരണം പതിയിരിപ്പുണ്ടെന്ന് രാജ്കുമാര്‍ എഴുതി. ഫാക്ടറിയിലേക്ക് ഒരു രാത്രി തൊഴിലാളികളുടെ സഹായത്തോടെ ഒളിച്ചുകടന്ന രാജ്കുമാര്‍ ഫാക്ടറിയുടെ ദുരവസ്ഥ കണ്ടിരുന്നു. പ്രൊഡക്ഷന്‍ യൂണിറ്റുകളില്‍ എം.ഐ.സിയുടെയും ഫോസ്ജിനിന്റെയും മണമുണ്ടായിരുന്നു. വായുവിനെക്കാള്‍ രണ്ടര ഇരട്ടി ഘനമുള്ള എം.ഐ.സിയും ഫോസ്ജിനും ചോര്‍ന്നാല്‍ അത് ചെറിയ മേഘങ്ങളായി താഴ്ഭാഗത്തുടെയാണ് ഒഴുകുകയെന്ന് രാജ്കുമാര്‍ തന്റെ ശാസ്ത്രജ്ഞരായ സുഹൃത്തുക്കളുടെ സഹായത്തോടെ കണ്ടെത്തി. ഒട്ടേറെപ്പേരെ കൊല്ലാന്‍ അതു മതി. രാജ്കുമാര്‍ ഫാക്ടറിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിച്ചു. ഞെട്ടിക്കുന്നതായിരുന്നു അതിലെ വിവരങ്ങള്‍. ഏതു നിമിഷവും തീപ്പിടിക്കാവുന്ന വിധമായിരുന്നു എണ്ണപൈപ്പുകളും കെമിക്കല്‍ അവശിഷ്ടങ്ങളുടെ മറ്റു പൈപ്പുകളും സ്ഥാപിച്ചിരുന്നത്. ഉപകരണങ്ങള്‍ ചുളുങ്ങിയിരുന്നു. സര്‍ക്ക്യൂട്ടുകള്‍ തുരുമ്പ് പിടിച്ചനിലയില്‍. എം.ഐ.സി ഫോസ്ജിന്‍ പ്രൊഡക്ഷന്‍ സോണുകളില്‍ ഓട്ടോമെറ്റിക് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. വാതകം പമ്പുചെയ്യുന്നിടത്ത് സ്‌ഫോടനത്തിനുള്ള സാധ്യത നിലനിന്നിരുന്നു. മൂന്നു എം.ഐ.സി ടാങ്കുകളിലൊന്നില്‍ എര്‍ത്ത് കണക്ഷന്‍ പോലുമുണ്ടായിരുന്നില്ല. ടാങ്കുകളിലെ അഡ്ജസ്റ്റ്‌മെന്റ് സംവിധാനങ്ങള്‍ ദുര്‍ബലമായ സ്ഥിതിയിലായിരുന്നു. പൈപ്പുകള്‍ സ്ഥാപിച്ചതിലെ അടിസ്ഥാനപരമായ പിഴവുകള്‍ വേറെയും. രാജ്കുമാറിന്റെ ആദ്യലേഖനം വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയി. രണ്ടാഴ്ചയ്ക്കു ശേഷം രാജ്കുമാര്‍ വീണ്ടുമെഴുതി. ഭോപ്പാല്‍ മരിച്ചവരുടെ നഗരമാകാന്‍ ഏറെ നാളില്ല.


ദുരന്തത്തിന്റെ പിറ്റേന്ന്, തിരിച്ചറിയാത്ത ആയിരക്കണക്കിന് മൃതദേഹങ്ങള്‍ പട്ടാളക്കാര്‍ എവിടെയോ കൊണ്ടുപോയി തള്ളി. നര്‍മ്മദാ നദിയില്‍ മൃതദേഹങ്ങള്‍ ചീഞ്ഞഴുകി നടന്നു. തെരുവുകളിലെയും ജഡങ്ങളെ സര്‍ക്കാര്‍ മരിച്ചവരുടെ പട്ടികയില്‍പ്പെടുത്തിയില്ല. മൃതദേഹങ്ങള്‍ക്കു നടുവില്‍ ഭോപ്പാല്‍ കേഴുമ്പോള്‍ താജിലെ സൂട്ട് മുറിയില്‍ യൂണിയന്‍ കാര്‍ബൈഡ് ഇന്ത്യാ ലിമിറ്റഡ് ചെയര്‍മാന്‍ കേശുബ് മഹിന്ദ്ര, പ്രസിഡന്റ് വി.പി ഗോഖ്‌ലെ എന്നിവര്‍ക്കൊപ്പം ചര്‍ച്ചയിലായിരുന്നു കമ്പനിയുടമ വാറന്‍ ആന്‍ഡേഴ്‌സണ്‍. ഭോപ്പാല്‍ ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ടവര്‍, രക്ഷപ്പെട്ടവരുടെ പിന്മുറക്കാര്‍ പ്രായഭേദമില്ലാതെയാണ് കൊവിഡ് ബാധിച്ചു മരിച്ചുവീഴുന്നതെന്ന് ഭോപ്പാല്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആക്ഷന്‍ തയാറാക്കിയ റിപ്പോര്‍ട്ട് പറയുന്നു.


ഭോപ്പാലില്‍ കൊവിഡ് ബാധിച്ച് പലരും പൊടുന്നനെയാണ് മരിച്ചത്. ചിലരെ ആശുപത്രിയിലെത്തിക്കാന്‍ പോലും അവസരമുണ്ടായില്ല. സന്നദ്ധസംഘടനകളുടെ സമ്മര്‍ദമേറിയതോടെ ഭോപ്പാല്‍ കലക്ടര്‍ തരുണ്‍ പീത്തോട് ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്കായി നല്‍കുമെന്ന് പ്രഖ്യാപിച്ചു. പിന്നെയുമുണ്ടായിരുന്നു ചുവപ്പ് നാടകള്‍. ഫലത്തില്‍ ഇരകള്‍ മരിച്ചുവീഴുന്നത് തുടരുന്നുണ്ട്. ഏതു ദുരന്തവും ദരിദ്രനെയാണല്ലോ ആദ്യം പിടികൂടുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  2 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  2 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  2 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  2 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  2 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  2 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  2 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  2 months ago