സ്വപ്നയുമായി ശിവശങ്കറിന്റെ ബന്ധം: ചീഫ് സെക്രട്ടറി അന്വേഷിക്കും
തിരുവനന്തപുരം: മുന്‍ ഐ.ടി സെക്രട്ടറിയും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടത് എന്തിനാണെന്നു ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി അന്വേഷിക്കും.
ധനകാര്യ അഡിഷനല്‍ ചീഫ് സെക്രട്ടറിയും സമിതിയിലുണ്ട്. അടിയന്തിരമായി റിപ്പോര്‍ട്ട് നല്കാന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് ശിവശങ്കറിനെതിരേ എന്തെങ്കിലും തെളിവുകളുണ്ടോ എന്നു പരിശോധിക്കും. ഇതേ സമിതിയാണ് സ്വപ്നയെ സ്പേസ് പാര്‍ക്കില്‍ നിയമിച്ചത് സംബന്ധിച്ചും അന്വേഷണം നടത്തുന്നത്. റിപ്പോര്‍ട്ട് ഇന്ന് നല്‍കുമെന്നാണ് സൂചന.
ശിവശങ്കെറ സസ്പെന്‍ഡ്
ചെയ്യാന്‍ സമയമായില്ല:
മുഖ്യമന്ത്രി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാനുള്ള സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
ഫോണ്‍ പട്ടിക അടക്കം പുറത്തുവന്നിട്ടുണ്ട്. മറ്റൊരു പ്രതിയും വിളിച്ചിട്ടുണ്ട്. അത് എന്തിനാണെന്ന് അറിയട്ടെ. പരിശോധന നടക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
സസ്പെന്‍ഡ് ചെയ്യാനുള്ള അടിസ്ഥാനം ഇതുവരെയുള്ള ആരോപണങ്ങളിലില്ല. വസ്തുതാപരമായ വീഴ്ചകള്‍ ശിവശങ്കറിന്റെ ഭാഗത്ത് ഉണ്ടെന്നു വന്നാല്‍ അപ്പോള്‍ നടപടിയെടുക്കും.
ഒരാളെ സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ വസ്തുതകള്‍ വേണം. ചട്ടങ്ങള്‍ അനുസരിച്ചേ മുന്നോട്ടു പോകാന്‍ കഴിയൂ. സംശയകരമായ സാഹചര്യം അന്വേഷണത്തിലുണ്ടായാല്‍ കര്‍ശന നടപടിയെടുക്കും. നിങ്ങള്‍ അന്വേഷണം നടത്തുക, നിങ്ങള്‍ തീരുമാനിക്കുക. അതിനൊപ്പം നില്ക്കാന് സര്‍ക്കാരിനാകില്ല. വസ്തുത ഉണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഇന്നലെയും ആവര്‍ത്തിച്ചു.
പഞ്ചനക്ഷത്ര
ഹോട്ടലിലും
പരിശോധന
തിരുവനന്തപുരം: ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിനിടെ തലസ്ഥാനത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലും കസ്റ്റംസ് ഇന്നലെ പരിശോധന നടത്തി. ഇവിടത്തെ സി.സി.സി.ടി.വി ദൃശ്യങ്ങളും രജിസ്റ്ററും പടിച്ചെടുത്തു. ഈ ഹോട്ടലില്‍ വച്ചാണ് ഐ.ടി വകുപ്പ് സംഘടിപ്പിക്കുന്ന പരിപാടികളെല്ലാം നടക്കുന്നത്. ശിവശങ്കറും സരിത്തും ഇവിടെ ഒത്തുചേര്‍ന്നിരുന്നതായി കസ്റ്റംസിനു വിവരം ലഭിച്ചിരുന്നു.
പുറത്താക്കിയിട്ടും
പ്രതികളുമായി ബന്ധം;
അറ്റാഷെയും കുരുക്കിലേക്ക്
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയിട്ടും സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ പി.എസ് സരിത്തുമായും സ്വപ്ന സുരേഷുമായും യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെ റാഷിദ് ഖാമിസ് അഷ്മി ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് ഫോണ്‍ രേഖകള്‍. സ്വര്‍ണം വന്നുവെന്ന് പറയപ്പെടുന്ന ദിവസങ്ങളിലും അറ്റാഷെ സ്വപ്നയെ ഫോണില്‍ വിളിച്ചിട്ടുണ്ട്. എപ്രില്‍, മെയ് മാസങ്ങളില്‍ നിരവധി പ്രാവശ്യം ഇവര്‍ തമ്മില്‍ ഫോണില്‍ വിളിച്ചിട്ടുണ്ട്. സ്വപ്നയെയും സരിത്തിനെയും നേരത്തേ തന്നെ പുറത്താക്കിയിരുന്നുവെന്ന് കോണ്‍സുലേറ്റ് വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."