കൊവിഡ് രോഗികളുടെ കുഞ്ഞിനെ വീട്ടില്‍ കൊണ്ടു പോയി മകനെ പോലെ നോക്കി;മടക്കി നല്‍കിയപ്പോള്‍ പൊട്ടിക്കരഞ്ഞു, കൊച്ചിയില്‍ നിന്ന് ആര്‍ദ്രമായ ഒരു കാഴ്ച്ച
കൊച്ചി: ഒടുവില്‍ ഒരുമാസത്തിനിപ്പുറം ആ കുഞ്ഞിന്റെ അഛനും അമ്മയും കൊവിഡ് മുക്തരായെത്തി. ആറുമാസക്കാരനെ മടക്കി നല്‍കുമ്പോള്‍ അവന് അമ്മയും അഛനുമൊക്കെയായിരുന്ന ആരോഗ്യപ്രവര്‍ത്തക സ്‌നേഹ ബന്ധനത്താല്‍ പൊട്ടിക്കരഞ്ഞു. കൊച്ചിയില്‍ സൈക്കോളജിസ്റ്റായ ഡോ. മേരി അനിതയാണ് തന്റെ മൂന്നു മക്കളോടൊപ്പം പിഞ്ചുകുഞ്ഞിനെ ഒരുമാസം സ്വന്തം ഫഌറ്റില്‍ തൊട്ടിലാട്ടി ഓമനിച്ചൂട്ടിയശേഷം അതിന്റെ മാതാപിതാക്കള്‍ക്ക് തിരിച്ചുനല്‍കിയത്. കണ്ടുനിന്ന മനസുകളെ ആര്‍ദ്രമാക്കിയ വിടവാങ്ങലായിരുന്നു അത്.
ഹരിയാനയില്‍ നിന്ന് ജൂണ്‍ എട്ടിന് കൊച്ചിയിലെത്തിയ കുഞ്ഞിന്റെ പിതാവിന് കൊവിഡ് പോസിറ്റാവായി. 9ന് പനിബാധിച്ച അമ്മയ്ക്കും 12ന് പോസിറ്റീവായി. ആറുമാസക്കാരന് നെഗറ്റീവായെങ്കിലും രണ്ടുമൂന്നു ദിവസം കൂടി കുഞ്ഞിനെ മുലയൂട്ടി അമ്മ കൊവിഡ് വാര്‍ഡിലേക്ക് പോയപ്പോള്‍ അവനെ ആരുനോക്കുമെന്നത് വെല്ലുവിളിയായി.
കുഞ്ഞിനെ ആശുപത്രിയില്‍ പ്രത്യേക വാര്‍ഡില്‍ ജൂണ്‍ 15 മുതല്‍ ഡോ. മേരി അനിത നോക്കി. 19ന് ടെസ്റ്റ് നടത്തിയപ്പോഴും അവന് നെഗറ്റീവ്. ബന്ധുക്കളായി നാട്ടിലുള്ള അപ്പൂപ്പനും മറ്റും വാര്‍ധക്യ ക്ലേശങ്ങളുള്ളതിനാല്‍ അവനെ നോക്കാനാവില്ലായിരുന്നു. ഡോ. മേരി തന്നെ അതിനും പരിഹാരം കണ്ടു. അവനെ നോക്കിക്കോളാമെന്ന് വാക്കുകൊടുത്ത് സ്വയം മുന്നോട്ടുവന്നു. അവന്റെ മാതാപിതാക്കള്‍ കൂടുതല്‍ സുരക്ഷിതമാകട്ടെ എന്നു കരുതി ഡോ. മേരിയുടെ വീട്ടിലേക്ക് അവനെകൊണ്ടുപോകാനനുവദിച്ചു.
സ്വന്തം കുടുംബത്തിന്റെ ആരോഗ്യസുരക്ഷ പോലും വകവയ്ക്കാതെ സ്‌നേഹം നല്‍കി ചേര്‍ത്തുപിടിക്കുകയായിരുന്നു കുഞ്ഞിനെ ഡോ. മേരിയുടെ അമ്മ മനസ്. 21ന് രണ്ടാം ടെസ്റ്റിലും അവന് നെഗറ്റീവായി. വൈറ്റിലയിലെ വാടകവീട്ടില്‍ ഡോ.മേരിയ്ക്കും ഭര്‍ത്താവിനും മൂന്നു കുട്ടികള്‍ക്കുമൊപ്പം അവന്‍ ഒരുമാസം കളിച്ചു, ചിരിച്ചു, അവനായി കെട്ടിയൊരുക്കിയ തൊട്ടിലിലുറങ്ങി.
രണ്ടുദിനം മുന്‍പ് അവന്‍ മുട്ടിലിഴഞ്ഞെന്ന് ഡോ.മേരി അവന്റെ മാതാപിതാക്കളെ അറിയിക്കുമ്പോള്‍ സന്തോഷം കൊണ്ട് വിതുമ്പി.
ഒരുമാസം കഴിഞ്ഞ് അവന്റെ മാതാപിതാക്കള്‍ ടെസ്റ്റ് നെഗറ്റീവായി എത്തിയിരിക്കുന്നു, അവനെ കൊണ്ടുപോകാന്‍. ലാളിച്ച കൈയില്‍ മുറുകുന്ന കുഞ്ഞുകരം പതിയെ വിടര്‍ത്തി വിടുവിക്കുമ്പോള്‍ ഡോ. മേരി അനിത പൊട്ടിക്കരഞ്ഞു. അമ്മ മനസിന്റെ ഉദാത്ത ചിത്രമായിരുന്നു ആ കാഴ്ച.
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ദമ്പതികളുടെ ആറുമാസം പ്രായമുള്ള കുഞ്ഞിനെ ഒരുമാസം സ്വന്തം വീട്ടില്‍ പരിപാലിച്ചശേഷം തിരികെ നല്‍കുമ്പോള്‍ ആരോഗ്യപ്രവര്‍ത്തക ഡോ. മേരി അനിത പൊട്ടിക്കരയുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."