നൂറ്റാണ്ടിലെ കുറഞ്ഞ ആളുകളുമായുള്ള ഹജ്ജിനു ഇനി ദിവസങ്ങൾ മാത്രം; നാളെ മുതൽ മുതൽ മക്കയിലേക്ക് നിയന്ത്രണം
മക്ക: സമീപ കാലങ്ങളിലെ ഏറ്റവും ആളുകൾ കുറഞ്ഞ ഹജ്ജിനു സാക്ഷിയാകാൻ ഇനി ദിവസങ്ങൾ മാത്രം. വർഷങ്ങളോളമായി രണ്ടര ദശലക്ഷത്തിലധികം ആളുകളുമായി നടന്നിരുന്ന വിശുദ്ധ ഹജ്ജ് കർമ്മങ്ങൾ ഈ വർഷം വെറും എണ്ണപ്പെട്ട ആളുകളുമായാണ് നടക്കുക. സാധാരണ ഗതിയിൽ ഹജ്ജിനുയോടനുബന്ധിച്ച് ഈ സമയങ്ങളിൽ ജന നിബിഡമായിരുന്ന വിശുദ്ധ മക്കയും പരിസരങ്ങളും ഈ വര്ഷം ഹജ്ജ് സീസണിൽ മുൻകാല തിരക്കുകൾ അയവിറക്കി വളരെ കുറഞ്ഞ ആളുകളെ സ്വീകരിച്ച് പുണ്യ കർമ്മം പൂർത്തിയാക്കാനുള്ള സൗകര്യങ്ങൾ ഒരുക്കുന്ന അവസാന ഘട്ട മിനുക്കു പണികളിലാണ്.
പുതിയ തലമുറക്ക് മനസ്സിൽ മായാത്ത പുതിയ ചരിത്രം കോറിയിട്ടാണ് മക്കയും പരിസരങ്ങളും കടന്നു പോകുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നടക്കം ലക്ഷങ്ങൾ വന്നിറങ്ങി തിങ്ങി നിറയേണ്ട ഈ സമയങ്ങളിൽ ഹറം പള്ളിയും മക്കാ നഗരിയും ഹജ്ജ് കാലത്ത് ശൂന്യമായി പുതിയ തലമുറ കാണുന്നത് ഇതാദ്യമാണ്. കാര്യമായ ത്വവാഫോ അനുബന്ധ കർമ്മങ്ങളോ നടക്കുന്നില്ലെങ്കിലും ജമാഅത്ത് നിസ്കാരങ്ങൾ ഇവിടെ മുടങ്ങാതെ നടക്കുന്നുണ്ട്. അതേസമയം, ഹജ്ജ് മുടങ്ങരുതെന്ന കർശന നിർബന്ധത്തിനു കീഴിലാണ് കൊവിഡ് മഹാമാരിക്കിടെ അതി കർശനമായ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ പാലിച്ച് ഈ വർഷം വളരെ തുച്ഛമായ ആളുകളെ പങ്കെടുപ്പിച്ച് ഹജ്ജ് കർമ്മം നടക്കുക.
വിശുദ്ധ ഹജ്ജ് കർമ്മം ആരംഭിക്കാൻ വെറും രണ്ടാച്ചാഴ്ച്ച മാത്രം ബാക്കി നിൽക്കെ നാളെ മുതൽ മക്കയിലേക്കുള്ള പ്രവേശനത്തിന് കർശന നിയന്ത്രണങ്ങൾ നിലവിൽ വരും. ജൂലൈ 19 മുതൽ ദുൽഹജ് 12 വരെ മിന, മുസ്‌ദലിഫ, അറഫാത് എന്നിവിടങ്ങളിൽ ഹജ്ജിനുള്ള പ്രത്യേക അനുമതി പത്രം (തസ്‌രീഹ്) ഇല്ലാത്തവർക്ക് പ്രവേശനം നൽകില്ല. മാത്രമല്ല, അനുമതിപത്രമില്ലാതെ പുണ്യസ്ഥലങ്ങളില്‍ പ്രവേശിച്ചാല്‍ 10,000 റിയാല്‍ (രണ്ടു ലക്ഷത്തോളം രൂപ) പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമ ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."