'ഇമ്പം 2019' ഫോസ്റ്റര്‍ കെയറിന് തുടക്കം
കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതുമായ ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ താമസിക്കുന്ന കുട്ടികള്‍ക്ക് കുടുംബത്തിന്റെ പരിചരണവും സ്നേഹവും ലഭ്യമാക്കുന്നതിനായി വനിതാ ശിശു സംരക്ഷണ വകുപ്പ് കോഴിക്കോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന വെക്കേഷന് ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് (ഇമ്പം 2019) ജില്ലയില്‍ തുടക്കമായി.
ജില്ലയിലെ നാലു സ്ഥാപനങ്ങളില്‍ നിന്നുള്ള 20 കുട്ടികളാണ് ഈ വേനലവധിക്ക് 15 കുടുംബങ്ങളിലേക്ക് യാത്ര തിരിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് അപേക്ഷ നല്കിയ രക്ഷിതാക്കളില്‍നിന്ന് ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് നടത്തിയ ഹോം സ്റ്റഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 15 രക്ഷിതാക്കളെ തിരഞ്ഞെടുത്തത്. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പരിചയപ്പെടുന്നതിനും സന്ദര്‍ഭം ഒരുക്കിയിരുന്നു.
കൂടാതെ രക്ഷിതാക്കള്‍ക്ക് ഇംഹാന്‍സ് കോഴിക്കോടില്‍ നിന്നുള്ള ടീം നയിച്ച പരിശീലന ക്ലാസുകളും നല്‍കിയിരുന്നു. നിശ്ചിത ഇടവേളകളില്‍ കുട്ടികള്‍ താമസിച്ചിരുന്ന വീട് സന്ദര്‍ശിച്ച് കുടുംബത്തിലെ സാഹചര്യം ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് നിരീക്ഷിക്കുകയും ചെയ്യും.
കോഴിക്കോട് ഗവ. ഗേള്‍സ് ചില്‍ഡ്രന്‍സ് ഹോം ഓഡിറ്റോറിയത്തില്‍ കുട്ടികളെ ഫോസ്റ്റര്‍ കെയറിനായി നല്കുന്ന ചടങ്ങ് കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വിസസ് അതോറിറ്റി സെക്രട്ടറി ആന്‍ഡ് സബ് ജഡ്ജ് ജയരാജ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ബബിതാ ബല്‍രാജ് അധ്യക്ഷയായി.
ജില്ലാ വനിതാശിശു വികസന ഓഫുസര്‍ അനീറ്റാ എസ്ലിന് മുഖ്യാതിഥിയായിരുന്നു. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ ജോസഫ് റിബല്ലോ സ്വാഗതവും ചില്‍ഡ്രന്‍സ് ഹോം ഗേള്‍സ് സൂപ്രണ്ട് പി.സി സല്‍മ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."