അവതാരങ്ങള്‍ ഭരണം നിയന്ത്രിക്കുമ്പോള്‍
സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ മൂന്നാംനില - ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്രാജ്യം. 2016ല്‍ സോളാര്‍ അഴിമതി ആരോപണങ്ങളില്‍ മുങ്ങിക്കുളിച്ചുനിന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനു ശേഷം മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനു മുമ്പ് എ.കെ.ജി സെന്ററില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന അതേ ഗൗരവത്തോടെ പിണറായി വിജയനെന്ന ഇന്നത്തെ മുഖ്യമന്ത്രി പറഞ്ഞ വാചകം ഇന്നും മലയാളികള്‍ മറന്നിട്ടില്ല. 'ഞാന്‍ നാളെ മുഖ്യമന്ത്രിയായി ഓഫിസിലെത്തും. അപ്പോള്‍ എന്റെ അടുത്ത ആളുകള്‍ എന്നു പറഞ്ഞ് ചിലര്‍ രംഗപ്രവേശം ചെയ്യും ചില അവതാരങ്ങള്‍. ഇത് അഴിമതിയുടെ മറ്റൊരു മുഖമാണ്. ഈ അവതാരങ്ങളെ നമ്മള്‍ കരുതിയിരിക്കണം'. വര്‍ഷങ്ങള്‍ക്കിപ്പുറം, നയതന്ത്ര ബാഗേജിലെ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് പിടിയിലായ സ്വപ്ന സുരേഷ് എന്ന അവതാരവുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്റെ ബന്ധത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഒരു രാഷ്ട്രീയക്കാരന്റെ കൗശല ബുദ്ധിയോടെ മുഖ്യമന്ത്രി പറഞ്ഞു: ഞാന്‍ അന്നു പറഞ്ഞത് ഈ അവതാരത്തെ കുറിച്ചല്ല. ഇത് നയതന്ത്ര അവതാരമാണ്. ഞാന്‍ പറഞ്ഞ അവതാരം മറ്റൊരു ഭാഗത്താണ്'.
നാലു വര്‍ഷത്തെ ഇടതു ഭരണം - അമരത്തിരിക്കുന്നത് സി.പി.എമ്മിന്റെ ശക്തനായ പോളിറ്റ് ബ്യൂറോ മെമ്പര്‍ പിണറായി വിജയനെന്ന മുഖ്യമന്ത്രി. നയപരവും ഭരണപരവുമായ എല്ലാ കാര്യങ്ങളിലും ഉപദേശകരെ ആശ്രയിക്കേണ്ടിവന്ന മുഖ്യമന്ത്രി യഥാര്‍ഥത്തില്‍ ഉദ്യോഗസ്ഥ ഭരണത്തിനാണ് അവസരം നല്‍കിയത്. ചടുലമായ പ്രസ്താവനകള്‍കൊണ്ട് അണികള്‍ക്ക് ആവേശം പകര്‍ന്നതല്ലാതെ ഭരണകാര്യങ്ങളിലെ ദൗര്‍ബല്യം മുഖ്യമന്ത്രിയുടെ ഓഫിസിന്റെ ഇരുമ്പുമറയ്ക്കുള്ളില്‍ ഒതുങ്ങി. പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് ആദ്യം ചെയ്തത് പാര്‍ട്ടിയില്‍ പോലും ആലോചിക്കാതെ ഒരു പറ്റം ഉദ്യോഗസ്ഥ പ്രഭുക്കളെ തന്റെ ഉപദേശകരാക്കി ചെല്ലും ചെലവും കൊടുത്തു നിയമിക്കുകയായിരുന്നു. വര്‍ഷം രണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് വരുന്നവരുടെ എണ്ണം കൂടി. അത് സാധാരണക്കാരായിരുന്നില്ല. കോട്ടും സൂട്ടും ടൈയും ധരിച്ചവര്‍. ഇവര്‍ക്കായി വാതിലുകള്‍ തുറന്നുകൊടുത്തു. സ്വീകരിച്ച് ആനയിക്കാന്‍ സ്വന്തക്കാരായ പെഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍. പാര്‍ട്ടിയെ വളര്‍ത്തിയ, പിണറായി വിജയനെ മുഖ്യമന്ത്രി കസേരയില്‍ എത്തിച്ച സാധാരണക്കാരന്‍ പരാതിയും പരിഭവവുമായി എത്തുമ്പോള്‍ പടിക്കു പുറത്താക്കി. മുഖ്യമന്ത്രിയുടെ ദര്‍ശനം കിട്ടണമെങ്കില്‍ കോട്ടും സൂട്ടും ഇടേണ്ട ഗതികേടിലെത്തി. ഒരു പൊതുപ്രവര്‍ത്തകന്‍ പറഞ്ഞത് സെക്രട്ടേറിയറ്റിനു മുന്നില്‍ കോട്ടും സൂട്ടും വാടകക്ക് നല്‍കുന്ന ഒരു കട തുടങ്ങിയാല്‍ ഐ.എ.എസുകാരെക്കാളും പണം മാസം സമ്പാദിക്കാമെന്നാണ്. സമ്പന്നരുടെ ഇഷ്ടക്കാരായ ഉദ്യോഗസ്ഥ പട്ടികയില്‍ മുഖ്യമന്ത്രിയും ഇടം നേടി. ഇതിന് നല്‍കുന്ന ഉത്തരം വിചിത്രം. കേരളം ഡിജിറ്റലാക്കാന്‍ പോകുന്നു. അന്താരാഷ്ട്ര കമ്പനികള്‍ കേരളത്തിലേക്ക് വരുന്നുവത്രേ.
സമ്പന്നരായ അവതാരങ്ങള്‍ കയറിഇറങ്ങിയതോടെ മുഖ്യമന്ത്രിയുടെ അതേ ഓഫിസിനു മുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യവസായ മന്ത്രിയെ പുറത്താക്കി. വാര്‍ത്താ സമ്മേളനത്തിന് എത്തുന്ന മാധ്യമ പ്രവര്‍ത്തകര്‍ രഹസ്യങ്ങള്‍ ചോര്‍ത്തുമെന്ന് കണ്ട് അവരെയും നോര്‍ത്ത് ബ്ലോക്കില്‍നിന്നു തന്നെ പുറത്താക്കി. വാര്‍ത്താ സമ്മേളനം നടത്താന്‍ വേണ്ടി മാത്രം ലക്ഷങ്ങള്‍ ചെലവിട്ട് പുറത്ത് മറ്റൊരു ഹാള്‍ ഒരുക്കി.
മുഖ്യമന്ത്രി തന്നെ പാര്‍ട്ടിയുമാവുന്നു
കേന്ദ്രത്തിലെ നരേന്ദ്ര മോദിയുടെ ഏകാധിപത്യ ഭരണത്തിനെതിരേ അണികളെ തെരുവിലിറക്കുന്ന വിപ്ലവ പാര്‍ട്ടിയുടെ അമരത്തിരുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിനു ശേഷം കഴിഞ്ഞ നാലു വര്‍ഷം കണ്ടത് പാര്‍ട്ടിയെ പുറം കാലു കൊണ്ടു തള്ളി, ഉദ്യോഗസ്ഥ, സമ്പന്ന പ്രഭുക്കളുടെ മുന്നില്‍ മുട്ടുമടക്കുന്ന കാഴ്ചയാണ്. പാര്‍ട്ടിയില്‍ തന്റെ ശബ്ദമാക്കാന്‍ വളര്‍ത്തിയ ഒരു പറ്റം അനുയായികളെ പാര്‍ട്ടി സ്ഥാനത്തും സര്‍ക്കാരിന്റെ ഭാഗമായും നിര്‍ത്തി. ഒപ്പം സൈബര്‍ സഖാക്കളെയും അണിനിരത്തി.
മുഖ്യമന്ത്രി എന്ന നിലയില്‍ നയപരമായ തീരുമാനങ്ങള്‍ ഒന്നും പാര്‍ട്ടിയുമായോ മുന്നണിയുമായോ പിണറായി ആലോചിച്ചില്ല. തന്റെ ഓഫിസില്‍ നിയമിക്കുന്നവരെ പോലും പാര്‍ട്ടിയെ അറിയിച്ചില്ല. പൊലിസ് ഭരണം സംഘ്പരിവാറിന്റെ അജന്‍ഡക്കൊത്ത് നീങ്ങി. കേസുകള്‍ എഴുതിത്തള്ളി. കസ്റ്റഡി മരണങ്ങള്‍ പതിവായി. എന്നിട്ടും ആഭ്യന്തര മന്ത്രി എന്ന നിലയില്‍ മുഖ്യമന്ത്രി പൊലിസ് ഉന്നതരുടെ മുന്നില്‍ മുട്ടുമടക്കി. ദിവസവും കിട്ടുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പോലും ശ്രദ്ധിക്കാതെയായി.
പാര്‍ട്ടി സംസ്ഥാനകമ്മിറ്റി മെമ്പര്‍മാരോ പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരോ ജനപ്രതിനിധികളോ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയാല്‍ ഓഫിസിലുള്ളവര്‍ മൈന്റ് ചെയ്യാതെയായി. ഇതുവരെയുള്ള ഇടതു മുഖ്യമന്ത്രിമാരുടെ ഓഫിസുകളിലെ ശക്തനായ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന തസ്തിക നോക്കുകുത്തിയായി മാറി. ഇടുക്കി ജില്ലാ സെക്രട്ടറി പട്ടയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ കാണാനെത്തിയപ്പോള്‍ ഓഫിസിലുള്ളവര്‍ അനുമതി നല്‍കിയില്ല. ഇതേത്തുടര്‍ന്ന് ജില്ലാ സെക്രട്ടറി ഒരാളുടെ ഷര്‍ട്ടിന് കുത്തിപ്പിടിക്കുക വരെ ഉണ്ടായതായാണ് വിവരം. പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ കുറിച്ച് പരാതി ലഭിച്ചു, സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ സ്വന്തക്കാരായി അധികാര ഇടനാഴികളില്‍ വിഹരിക്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്താന്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ എം.വി ജയരാജനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് സ്വര്‍ണക്കേസില്‍ ആരോപണ വിധേയനായ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ഒഴിവാക്കിയാണ് ജയരാജന്‍ നിയമിതനായത്. പിന്നീട് കണ്ടത് ഉദ്യോഗസ്ഥ മേധാവിത്വം അവസാനിക്കുന്ന കാഴ്ചയായിരുന്നു. എന്നാല്‍, അതിന് കൂടുതല്‍ ആയുസില്ലാതെയായി. ലോക്‌സഭ തെരഞ്ഞെടുപ്പോടെ ജയരാജനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി മാറ്റി, വീണ്ടും ഉദ്യോഗസ്ഥരുടെ കൈകളിലെത്തി മുഖ്യമന്ത്രിയുടെ ഭരണം.
നയതന്ത്ര സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ തെളിയുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ നടത്തിയ ഉദ്യോഗസ്ഥ ഭരണത്തിന്റെ വിശദമായ വിവരങ്ങളാണ്. ഉപദേശകര്‍ക്കു പുറമേ കണ്‍സള്‍ട്ടന്‍സികളുടെ വാഴ്ചയാണ് കഴിഞ്ഞ നാല് വര്‍ഷവും നടന്നത്. അവതാരങ്ങളെ സെക്രട്ടേറിയറ്റില്‍നിന്നു പുറത്താക്കുമെന്ന് അധികാരമേറ്റെടുത്ത ദിവസം തന്നെ പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായിക്ക് കഴിഞ്ഞു. പക്ഷേ, അവതാരങ്ങള്‍ പുതിയ രൂപം പൂണ്ട്, ഉപദേശകരിലൂടെയും ഉദ്യോഗസ്ഥ വൃന്ദങ്ങളിലൂടെയും കണ്‍സള്‍ട്ടന്‍സികളിലൂടെയും മുഖ്യമന്ത്രിയുടെ ഓഫിസില്‍ത്തന്നെ തേര്‍വാഴ്ച നടത്തുകയായിരുന്നു.
നാളെ: ഖജനാവ് മുടിച്ച് ഉപദേശകര്‍, കണ്‍സള്‍ട്ടന്‍സികളുടെ രംഗപ്രവേശനം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."