ഫോര്‍ട്ട്‌കൊച്ചി തീരം കടലെടുത്തു; സഞ്ചാരികള്‍ക്ക് നിരാശ
മട്ടാഞ്ചേരി:പ്രതിദിനം നൂറ് കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന ഫോര്‍ട്ട്‌കൊച്ചി കടപ്പുറത്തെ തീരം വീണ്ടും കടലെടുത്തു.ഫോര്‍ട്ട്‌കൊച്ചി കടല്‍ തീരം കാണുന്നതിനായും ഉല്ലാസത്തിനായും എത്തുന്ന സഞ്ചാരികള്‍ ഇതോടെ നിരാശയിലാണ്.
മാസങ്ങള്‍ക്ക് മുമ്പ് കടലെടുത്ത തീരം അടുത്തിടെയാണ് വീണ്ടും പ്രത്യക്ഷമായത്.ഇതോടെ വിനോദത്തിനായി എത്തുന്നവര്‍ ഏറെ ആവേശത്തിലായിരുന്നു.
ഇവിടേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവ് അനുഭവപ്പെട്ടിരുന്നു.എന്നാല്‍ പെട്ടെന്നാണ് കടല്‍ തീരം ഇല്ലാതായത്.നേരത്തേ കിലോമീറ്ററുകളോളം നീണ്ട് കിടന്നിരുന്ന കടല്‍ തീരം ഡ്രഡ്ജിംഗ് ആരംഭിച്ചതോടെയാണ് ശോഷിച്ച നിലയിലായത്.ഇവിടെ എത്തുന്നവര്‍ക്ക് ഒന്നിരിക്കാന്‍ പോലും ഇടമില്ലാത്ത വിധത്തില്‍ തീരം കടല്‍ കവര്‍ന്നെടുത്തു.ഇപ്പോള്‍ തേക്കേ കടപ്പുറത്ത് മാത്രമാണ് അല്‍പ്പമെങ്കിലും തീരമുള്ളത്.ഇവിടെയാണ് രാവിലെ കുളിക്കാനായി ഇറങ്ങുന്നത്.ഈ ഭാഗത്താണെങ്കില്‍ വലിയ ചുഴികളും മറ്റുമുള്ളതിനാല്‍ അപകടങ്ങളും പതിവാണ്.
ലോകത്തെ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ഫോര്‍ട്ട്‌കൊച്ചിയിലെ കടല്‍ തീരം സംരക്ഷിച്ച് നില നിര്‍ത്തുന്നതിനാവശ്യമായ യാതൊരു നടപടികളും അധികൃതര്‍ കൈകൊള്ളുന്നില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.അടുത്തിടെ നാലര കോടി രൂപ വിനിയോഗിച്ച് കടപ്പുറം സൗന്ദര്യവല്‍ക്കരണം നടപ്പിലാക്കിയെങ്കിലും തീരം സംരക്ഷിക്കുന്നതിനായി നടപടികളുണ്ടായില്ല.
പുലിമുട്ടുകള്‍ കെട്ടി തീരം സംരക്ഷിക്കണമെന്ന ആവശ്യത്തിനും നടപടിയില്ല.ഡ്രഡ്ജിംഗ് തുടരുന്നതിനാല്‍ ഇപ്പോഴുള്ള തീരം കൂടി ഇല്ലാതാകുമോയെന്നാണ് ആശങ്ക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."