ട്രംപിന്റെ മുസ്‌ലിം വിരുദ്ധതയ്ക്ക് തിരിച്ചടി
മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് യു.എസില്‍ പ്രവേശനം നിഷേധിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രതിനിധിസഭ റദ്ദാക്കിയിരിക്കുകയാണ്. ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച നോ ബാന്‍ ആക്ട് ബില്‍ 183നെതിരേ 233 വോട്ടുകള്‍ക്കാണ് പാസായത്.
2017ലാണ് ഇറാന്‍, ലിബിയ, സിറിയ, സോമാലിയ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള മുസ്‌ലിം കുടിയേറ്റക്കാര്‍ക്ക് ട്രംപ് വിലക്കേര്‍പ്പെടുത്തിയത്. പിന്നീട് ഈ വിലക്ക് വെനിസ്വല, ഉത്തര കൊറിയ, നൈജീരിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്ന ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരേയുള്ള ബില്‍ ഡെമോക്രാറ്റുകളുടെ പിന്തുണയോടെയാണ് പ്രതിനിധിസഭ പാസാക്കിയത്. വംശീയ വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന ട്രംപിന്റെ ഉത്തരവുമൂലം അമേരിക്കയിലെ ദശലക്ഷക്കണക്കിന് വരുന്ന മുസ്‌ലിംകളാണ് ദുരിതം പേറിക്കൊണ്ടിരിക്കുന്നത്. കുടുംബങ്ങളില്‍നിന്ന് പലരും അകറ്റപ്പെട്ടു. കൊച്ചു കുഞ്ഞുങ്ങളെവരെ മാതാപിതാക്കളില്‍നിന്ന് വേര്‍പെടുത്തി. 2017ല്‍ തന്നെ ട്രംപിന്റെ ഉത്തരവിനെതിരേ ലോകവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളും യു.എന്നും ട്രംപിന്റെ നടപടിയെ നിശിതമായി വിമര്‍ശിച്ചു. ഗൂഗിള്‍, ഫേസ്ബുക്ക് അടക്കമുള്ള പ്രമുഖ സ്ഥാപന മേധാവികളും ട്രംപിനെതിരേ അന്ന് രംഗത്തുവന്നു.
ട്രംപിന്റെ ഉത്തരവ് വന്നതിനുപിന്നാലെ മധ്യപൂര്‍വ പ്രദേശത്തു നിന്നുള്ള യാത്രക്കാരെ അമേരിക്കയിലെ വിമാനത്താവളങ്ങളില്‍ തടഞ്ഞ് തിരിച്ചയച്ചത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. പ്രതിഭകള്‍ അമേരിക്കയിലെത്തുന്നതിനെ തടയുന്ന പ്രാകൃത നടപടിയായാണ് ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍പിച്ചെ അടക്കമുള്ളവര്‍ ട്രംപിന്റെ ഉത്തരവിനെ വിശേഷിപ്പിച്ചത്.
വര്‍ണവെറിയുടെ ഭാഗമായാണ് അടുത്തിടെ അമേരിക്കയിലെ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിനെ വെളുത്ത വര്‍ഗക്കാരനായ പൊലിസുകാരന്‍ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി ശ്വാസംമുട്ടിച്ചു കൊന്നത്. ട്രംപിന്റെ വര്‍ണവെറിയില്‍ ആകൃഷ്ടനായാണ് വെളുത്ത വര്‍ഗക്കാരനായ പൊലിസുകാരന്‍ നീചപ്രവൃത്തി ചെയ്തത്. മരിക്കുന്നതിന് മുന്‍പ് ജോര്‍ജ് ഫ്‌ളോയിഡ് അവസാനമായി പറഞ്ഞ 'എനിക്കു ശ്വാസം മുട്ടുന്നു' എന്ന വാചകം കറുത്തവര്‍ഗക്കാര്‍ മുദ്രാവാക്യമായി ഏറ്റെടുത്ത് അമേരിക്കന്‍ നഗരങ്ങളെ ഇളക്കിമറിച്ചത് കഴിഞ്ഞ മാസമായിരുന്നു. വെള്ളക്കാരായ പല നേതാക്കളുടെയും വര്‍ണവെറിയന്മാരുടെയും പ്രതിമകള്‍ പ്രക്ഷോഭകര്‍ തച്ചുടച്ചു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ച ട്രംപിനെ അവര്‍ രഹസ്യ അറയില്‍ ഒളിപ്പിക്കുകയായിരുന്നു. കറുത്ത വര്‍ഗക്കാരുടെ പ്രക്ഷോഭം അമേരിക്കയെ ആഭ്യന്തര യുദ്ധത്തിന്റെ വക്കില്‍വരെ എത്തിച്ചു.
അടിമത്തം നിരോധിച്ച് ഒന്നര നൂറ്റാണ്ട് കഴിഞ്ഞിട്ടും വംശീയതയും വര്‍ണവെറിയും ഇപ്പോഴും അമേരിക്കക്കാരുടെ മനസില്‍ ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു ജോര്‍ജ് ഫ്‌ളോയിഡിന്റെ ദാരുണമായ അന്ത്യം. അതിനു പ്രോത്സാഹനം നല്‍കിയതാകട്ടെ അമേരിക്കന്‍ ഭരണാധികാരി ട്രംപും. അമേരിക്കയുടെ ചരിത്രത്തില്‍ ഇംപീച്ച്‌മെന്റ് നടപടിക്ക് വിധേയനാകുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. അധികാര ദുര്‍വിനിയോഗം, യു.എസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു യു.എസ് പ്രതിനിധിസഭ ഇംപീച്ച്‌മെന്റ് നടപടി സ്വീകരിച്ചത്. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് പ്രമേയം തള്ളിയതിനാല്‍ ട്രംപ് ഇംപീച്ച് ചെയ്യപ്പെട്ടില്ല. മുസ്‌ലിം കുടിയേറ്റക്കാര്‍ക്കെതിരേയുള്ള ട്രംപിന്റെ ഉത്തരവ് പ്രതിനിധി സഭ റദ്ദാക്കിയെങ്കിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് തള്ളിക്കളയുമെന്നതിന് സംശയമില്ല. എങ്കില്‍പ്പോലും മുസ്‌ലിം വിരുദ്ധതക്കെതിരേ ചിന്തിക്കുന്ന ഒരുവിഭാഗം ഉണ്ടാകുന്നുവെന്നത് ആശാവഹമാണ്. ട്രംപിന്റെ ജനപ്രീതി കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യദിനം തന്നെ മുസ്‌ലിം നിരോധനം അവസാനിപ്പിക്കുമെന്ന ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്റെ പ്രഖ്യാപനം അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് പ്രത്യാശ നല്‍കുന്നതാണ്.
വര്‍ണവെറിയും മുസ്‌ലിം വിരുദ്ധതയും തെരഞ്ഞെടുപ്പ് പ്രചാരണായുധമാക്കിയാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. അത് തന്നെയാണ് ട്രംപ് നവംബറില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പിലും ഉപയോഗിക്കാന്‍ പോകുന്നത്. കഴിഞ്ഞ തവണ അമേരിക്ക അമേരിക്കക്കാര്‍ക്ക് എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യം ട്രംപ് ഉയര്‍ത്തിയപ്പോള്‍ അമേരിക്കന്‍ യുവത അതില്‍ വീണുപോയി. എന്നാല്‍, ഇപ്പോള്‍ തൊഴിലില്ലാത്ത യുവാക്കള്‍ അമേരിക്കയില്‍ പെരുകുകയാണ്. പല നിലയിലും ട്രംപ് പരാജയമാണെന്ന് അമേരിക്കന്‍ ജനത ഇന്ന് വിലയിരുത്തുന്നു. അതിന്റെ ഫലം അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."