മോദിയുടെ ഭാഷ ഒരു പ്രധാനമന്ത്രിക്ക് ചേരാത്തത്: ദേവഗൗഡ
തുംകൂര്‍: രാജ്യത്തെ ഒരു സംസ്ഥാനവും മോദിയെ ഇഷ്ടപ്പെടാത്തതിനാല്‍ അദ്ദേഹത്തിന് ഒരിക്കല്‍കൂടി പ്രധാനമന്ത്രിയാവുക എളുപ്പമല്ലെന്ന് ജെ.ഡി(എസ്) ദേശീയ പ്രസിഡന്റും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡ. കര്‍ണാടകയിലെ തുംകൂരില്‍ കോണ്‍ഗ്രസ് - ജെ.ഡി(എസ്) സഖ്യ സ്ഥാനാര്‍ഥിക്കുവേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോദി പ്രധാനമന്ത്രി പദവിയിലേക്ക് യോജിച്ച ഒരാളുടെ ഭാഷയിലല്ല കര്‍ണാടകയിലെ രണ്ട് തെരഞ്ഞെടുപ്പ് റാലിയിലും സംസാരിച്ചത്. സംസ്ഥാനത്ത് ബി.ജെ.പി വിരുദ്ധ സഖ്യം രൂപപ്പെട്ടത് അദ്ദേഹത്തിന് സഹിക്കാനാവുന്നില്ല. അതിനാലാണ് ഇത്ര മോശമായി സംസാരിക്കുന്നത് ദേവഗൗഡ പറഞ്ഞു.
ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ വിഡിയോ ക്ലിപ്പുകള്‍ കണ്ടു. ഒരു ശക്തമായ സര്‍ക്കാരിനെ കാണിക്കാന്‍ ബാലാകോട്ട് ആക്രമണത്തെയാണ് മോദി ചൂണ്ടിക്കാട്ടിയത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി കര്‍ണാടകയില്‍ മത്സരിക്കാത്തത് ഗൗഡയെ വിശ്വാസമില്ലാത്തതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
മോദി മോദി എന്നു വിളിച്ചുപറയുന്ന കുട്ടികളെ തൃപ്തിപ്പെടുത്തുന്ന വിധമാണ് മോദി സംസാരിച്ചത്. ഒരു പ്രധാനമന്ത്രി ഇങ്ങനെ സംസാരിക്കുന്നത് നല്ലതല്ല. പ്രധാനമന്ത്രി സ്ഥാനത്തെ അദ്ദേഹം ആദരിക്കണമായിരുന്നു. രാജ്യത്ത് ജനാധിപത്യ സ്ഥാപനങ്ങളെല്ലാം തകര്‍ന്നിരിക്കുന്നു. രാജ്യത്തെ വ്യവസ്ഥകള്‍ തകര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ഉത്തരവാദി മോദിയാണ്. ദേവഗൗഡ പറഞ്ഞു.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയും മോദിയുടെ പ്രസംഗത്തെ വിമര്‍ശിച്ചു. സംസ്ഥാനത്ത് രണ്ടിടത്ത് പ്രസംഗിച്ച മോദി പാവങ്ങളെ കുറിച്ച് സംസാരിച്ചോ തൊഴിലില്ലായ്മയെ കുറിച്ചോ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചോ സംസാരിച്ചോ. സ്ത്രീകളെ കുറിച്ചോ പിന്നാക്ക ജനവിഭാഗങ്ങളെ കുറിച്ചോ മോദി മിണ്ടിയോ- സിദ്ധരാമയ്യ ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."