വഴിയോര വിപണിയില്‍ താരമായി അയനിച്ചക്കയും
പുത്തനത്താണി: വഴിയോര വിപണിയില്‍ അയനിച്ചക്ക (ആഞ്ഞിലിച്ചക്ക)യും വേരുറപ്പിക്കുന്നു. നാട്ടിപുറങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന അയനിചക്കയാണ് ദേശീയ പാതയോരങ്ങളില്‍ വന്‍ ഡിമാന്‍ോടെ വിറ്റഴിക്കുന്നത്. അട്ടപ്പാടി, വയനാട് മേഖലകളില്‍ നിന്നുമാണ് വില്‍പനക്കായി ഇവ എത്തുന്നത്. വാഹനങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരാണ് ഇതിന്റെ മുഖ്യ ആവശ്യക്കാര്‍. കഴിഞ്ഞ വര്‍ഷം ഒരു കിലോ അയനിചക്കക്ക് 200 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 120 രൂപ മുതല്‍ മുകളിലോട്ടാണ് വില. മൂന്നോ നാലോ ചക്കയാണ് ഒരു കിലോയിലുണ്ടാവുക.
നാട്ടിപുറങ്ങളില്‍ ധാരാളമായി ഇവയുണ്ടെങ്കിലും ഇത് കച്ചവട ആവശ്യാര്‍ഥം ആരും പറിച്ചെടുക്കാറില്ല. വവ്വാല്‍, മറ്റു പക്ഷികള്‍ ഉള്‍പ്പെടെയുള്ളവ ചക്ക മൂപ്പെത്തുന്ന സമയത്തു തന്നെ തിന്നു നശിപ്പിക്കുന്നു. അക്കാരണത്താല്‍ തന്നെ അയനിചക്ക ആരും അത്ര പരിഗണിക്കാറുമില്ല. പഴുത്തു നല്ല പാകമായ ചക്കളാണ് വിപണിയിലെത്തിയിരിക്കുന്നത്. ദേശീയ പാതയില്‍ രണ്ടത്താണി, പുവ്വന്‍ചിന ഉള്‍പ്പെടെയുള്ള വ്യത്യസ്ഥ സ്ഥലങ്ങളിലായാണ് വില്‍പനക്കു വെച്ചിരിക്കുന്നത്. നേരത്തെ ഓറഞ്ചും അടക്കാപഴവുമൊക്കെയായിരുന്നു വില്‍പനയെങ്കില്‍ ഇപ്പോള്‍ അയനിച്ചക്കയാണ് പ്രധാന വിപണനം. അയനിച്ചക്കയുടെ കുരുവും വറുത്ത് ഭക്ഷിക്കാറുണ്ട്. പ്രത്യേക പരിചരണമില്ലാതെ നാട്ടിന്‍ പുറങ്ങളില്‍ വളരുന്ന ആഞ്ഞിലി വൃക്ഷത്തിന്റെ ഫലമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."