രചനാ വൈഭവത്താലും കാവ്യഭംഗിയാലും സമ്പന്നമാണ് രവിവര്‍മ്മ ചിത്രങ്ങള്‍: മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി
കിളിമാനൂര്‍: അത്യത്ഭുതകരങ്ങളായ ചിത്രങ്ങളാല്‍ ലോകത്തെ തന്നെ കീഴടക്കിയ കലാകാരനാണ് രാജാരവിവര്മ്മയെന്ന് തുറമുഖം , മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി.
കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തില്‍ കിളിമാനൂര്‍ രാജാരവിവര്‍മ്മാ സ്മാരകത്തില്‍ സംഘടിപ്പിച്ച രവിവര്‍മ്മയുടെ നൂറ്റിയെഴുപതാമത് ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രകലാ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രചനാ വൈഭവത്താലും ആശയ സമ്പന്നതയാലും കാവ്യഭംഗിയാലും സമ്പന്നമായ ചിത്രങ്ങളാണ് രവിവര്‍മ്മാ ചിത്രങ്ങള്‍ . കേരളത്തിലോ ഇന്ത്യയിലോ ലോകഭൂപടത്തിലോ രവിവര്‍മ്മയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അത്രമേല്‍ ശ്രദ്ധേയനും ലോക പ്രശസ്തനുമാണദ്ദേഹം. ഇന്‍ഡ്യന്‍ സ്ത്രീകളുടെ ശ്രേഷ്ടവസ്ത്രം സാരിയായി മാറിയതില്‍ രവിവര്‍മ്മ ചിത്രങ്ങള്‍ വഹിച്ച പങ്ക് വലുതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചിത്രകലാ ക്യാംപുകളും കൂട്ടായ്മകളും സാമൂഹ്യജീവിതത്തിന് അനുപേക്ഷണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ബി സത്യന് എം.എല്‍.എ അധ്യക്ഷനായി.
കേരള ലളിതകലാ അക്കാദമി വൈസ് ചെയര്മാന് നേമം പുഷ്പരാജ്, കിളിമാനൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ ദേവദാസ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷമാരായ എല്‍ ബിന്ദു, എസ് എസ് സിനി, പഞ്ചായത്തംഗം ബീനാവേണുഗോപാല്‍, കിളിമാനൂര്‍ പാലസ് ട്രസ്റ്റ് പ്രസിഡന്റ് കെ ദിവാകരവര്മ്മ തുടങ്ങിയവര്‍ സംസാരിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ് രാജലക്ഷ്മി അമ്മാള്‍ സ്വാഗതവും സുബ്രഹ്മണ്യന് നമ്പൂതിരി നന്ദിയും പറഞ്ഞു. മൂന്ന് ദിവസം നീണ്ടു നില്ക്കുന്ന ചിത്രകലാ ക്യാംപില്‍ പ്രമുഖ ചിത്രകാരന്മാരായ അനില്‍ സി പി നെയ്യാറ്റിന്‍കര, ആര്യനാട് രാജേന്ദ്രന്, അശോക്കുമാര് പാറശാല, ഭാസി കിളിമാനൂര്‍, ദത്തന് ചിറയിന്‍കീഴ്, ജോണ്‍ പുനലാല്‍, കുരിയന്‍ ശബരിഗിരി, പാര്‍വ്വതി, മോതി, നിതിന്‍, റീന, സുനില്‍,റോബര്‍ട്ട് ലോപ്പസ് , എന്‍.കെ സാനു, സിത്താര, ഷാജി പാല്‍ക്കുളങ്ങര, ശ്രീജിത്ത് നേമം, സുരേഷ്ബാബു ആറ്റിങ്ങല്‍, സ്വാതി ജയകുമാര്‍, വര്‍ഗീസ് പുനല്ലൂര് ചിത്രരചനയില്‍ പങ്കെടുക്കുന്നുണ്ട്.
ചിത്രകലാ ക്യാംപ് 30ന് സമാപിക്കും.
രാജാരവിവര്‍മ്മയുടെ നൂറ്റിയെഴുപതാമത് ജന്മവാര്ഷിക ദിനമായ ശനിയാഴ്ച വൈകിട്ട് 5ന് കിളിമാനൂര്‍ രാജാരവിവര്‍മ്മാ സാംസ്കാരിക നിലയത്തില്‍ നടക്കുന്ന അനുസ്മരണയോഗം ബി സത്യന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.നേമം പുഷ്പരാജ് അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."