പെട്രോള്‍ പമ്പിലെ മേല്‍ക്കൂരയിലിടിച്ച് ആനയുടെ തലയ്ക്ക് പരുക്ക്
മരട്: പെട്രോള്‍ പമ്പിന്റെ കോണ്‍ ഗ്രീറ്റ് മേല്‍ക്കൂരയില്‍ തട്ടി ആനയുടെ തലക്ക് മുറിവേറ്റു. തൃശ്ശിവപേരൂര്‍ കര്‍ണ്ണന്‍ എന്ന ആനയെ കയറ്റിയ ലോറി ഡീസല്‍ നിറക്കുന്നതിനായി പെട്രോള്‍ പമ്പിലേക്ക് കയറ്റുമ്പോഴാണ് ആനക്ക് മുറിവേറ്റത്. ഇന്നലെ രാവിലെ പേട്ടയിലാണ് സംഭവം.
ആനയുടെ മസ്തകം ആഴത്തില്‍ മുറിഞ്ഞ് രക്തം ഒഴുകിയതോടെ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരട് തുരുത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊണ്ടുവന്ന ആനയെ തിരികെ തൃശൂരിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ആനയുടെ ഉയരം വകവയ്ക്കാതെ ഡ്രൈവര്‍ ലോറി എടുത്തതാണ് അപകട കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. മരട് പൊലീസ് കേഡ്രൈവറെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു മാറ്റി. മരട്ടില്‍ കൊട്ടാരം ക്ഷേത്ര വളപ്പില്‍ ആനയെ ഇറക്കി ശുശ്രൂഷ നല്‍കാനായി ലോറി പിന്നീട് മരടിലെത്തിച്ചു. കൊട്ടാരം ജംക്ഷനില്‍ എത്തിച്ച ആന മസ്തകത്തില്‍ ചോരയൊലിച്ചും തുമ്പിക്കൈയില്‍ നിന്നു നീരൊലിച്ചും കൊടും ചൂടില്‍ നില്‍ക്കുന്നത് ദയനീയക്കാഴ്ചയായി.
വെറ്ററിനറി സര്‍ജന്റെ സൗകര്യത്തിനായി ആനയെ പിന്നീട് തൃപ്പൂണിത്തുറയിലേക്കു മാറ്റി. ഉച്ചയോടെ എത്തിയ വെറ്ററിനറി സര്‍ജന്‍ ആനയ്ക്കു മരുന്നു നല്‍കി.
അനിമല്‍ ഹസ്ബന്‍ഡറി വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുമെന്ന് മരട് എസ്.എച്ച്.ഒ സി വിനോദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."