കുറ്റിയാട്ടൂര്‍ മാങ്ങ ഇനി അറേബ്യന്‍ നാടുകളിലേക്കും
കണ്ണൂര്‍: വടക്കന്‍ മേഖലകളില്‍ മാത്രം അറിഞ്ഞ കുറ്റിയാട്ടൂര്‍ മാങ്ങയുടെ രുചി അറേബ്യന്‍ നാടുകളിലേക്കും എത്തിക്കാനുള്ള ശ്രമത്തിലാണ് കൃഷി വകുപ്പ് അധികൃതര്‍. 250ലധികം കര്‍ഷകരെ ചേര്‍ത്തു മാമ്പഴവും മാമ്പഴ ഉല്‍പ്പന്നങ്ങളും കയറ്റുമതി ചെയ്യാനാണ് പദ്ധതി.
മാമ്പഴക്കാലമെത്തിയതോടെ കുറ്റിയാട്ടൂര്‍ മാങ്ങയ്ക്ക് ഇത് വിളവെടുപ്പിന്റെ കാലമാണ്. ഏപ്രില്‍ ആദ്യവാരം ആറ് ടണ്‍ വിളവെടുപ്പ് നടന്നു. ഇത്തവണത്തെ വിളവെടുപ്പിലൂടെ 200ടണ്‍ മാങ്ങകളുടെ ഉല്‍പാദനമാണു ലക്ഷ്യമിടുന്നത്. ഇത്തവണ കാലാവസ്ഥയിലുണ്ടായ മാറ്റം വിളവെടുപ്പിലും കാര്യമായ മാറ്റം ഉണ്ടാക്കിയെന്നാണു കുറ്റിയാട്ടൂരിലെ കര്‍ഷകന്‍ പറയുന്നത്. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ മയ്യില്‍, മുണ്ടേരി, കൂടാളി, കൊളച്ചേരി, മലപ്പട്ടം തുടങ്ങി 16 വാര്‍ഡുകളില്‍ നിന്നാണ് കുറ്റിയാട്ടൂര്‍ മാമ്പഴം ലഭ്യമാകുന്നത്. പഞ്ചായത്തില്‍ ഒരു മാവ് പോലും ഇല്ലാത്ത വീടുണ്ടാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്. പഞ്ചായത്തില്‍ വ്യാവസായികാടിസ്ഥാനത്തില്‍ കൃഷി നടത്തുന്നില്ലെങ്കിലും മൊത്തം വീട്ടുപറമ്പുകളിലായി മൂവായിരത്തിലധികം മാവുകളുണ്ടാകും. വിപണിയില്‍ കാര്‍ബൈഡും മറ്റു രാസവസ്തുക്കളും ചേര്‍ന്നു പഴുപ്പിച്ചെടുക്കുന്ന മാങ്ങകള്‍ വ്യാപകമായതോടെയാണു രാസവസ്തുക്കള്‍ ചേര്‍ക്കാതെ പഴുപ്പിച്ചെടുക്കുന്ന കുറ്റിയാട്ടൂര്‍ മാങ്ങയുടെ പെരുമ വര്‍ധിച്ചത്. കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും ഉപയോഗിച്ചാണ് മാങ്ങകള്‍ പഴുപ്പിക്കുന്നത്. മൂപ്പെത്തിയ മാങ്ങകള്‍ നിലത്തുവീഴാതെ പറിച്ചെടുത്തു നിരയായി വെച്ചശേഷം കാഞ്ഞിരത്തിന്റെ ഇലയും വൈക്കോലും ചേര്‍ന്നു മൂടിവെച്ചാല്‍ അഞ്ചോ ആറോ ദിവസം കൊണ്ട് മാങ്ങകള്‍ പഴുക്കും. ഇതാണ് പരമ്പരാഗത രീതി. നല്ലരുചിയും മധുരവും നിറവും ഇത്തരത്തില്‍ പഴുപ്പിച്ചെടുക്കുന്ന മാങ്ങകള്‍ക്കുണ്ടാവും. ഇപ്പോള്‍ മാങ്ങയോളം തന്നെ പ്രശസ്തി നേടുകയാണ് കുറ്റിയാട്ടൂരില്‍ നിന്നുള്ള മാമ്പഴ ഉല്‍പ്പന്നങ്ങളും. സീസണ്‍ കാലം നോക്കാതെയും കുറ്റിയാട്ടൂര്‍ മാങ്ങ ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയില്‍ ആവശ്യക്കാരാണ്. സ്‌ക്വാഷ്, ജാം, അച്ചാര്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളാണ് കുറ്റിയാട്ടൂരില്‍ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."