മോദിയുടേത് യഥാര്‍ഥ ദേശവിരുദ്ധത: രാഹുല്‍
കണ്ണൂര്‍ /സുല്‍ത്താന്‍ ബത്തേരി: രാജ്യത്തെ വിഭജിച്ച് യഥാര്‍ഥ ദേശവിരുദ്ധ പ്രവൃത്തി കാണിച്ചതു പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. 27,000 യുവാക്കള്‍ക്കാണു രാജ്യത്ത് ഓരോ മണിക്കൂറിലും ജോലി നഷ്ടപ്പെടുന്നത്. രാജ്യമാകെ കാര്‍ഷിക പ്രശ്‌നങ്ങളും വര്‍ധിക്കുന്നു. ആയിരക്കണക്കിനു കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ദേശവിരുദ്ധ കാര്യത്തില്‍ വരുന്ന ഇതിനെല്ലാം മോദി ഉത്തരം പറയണം. കാര്‍ഷിക വ്യവസ്ഥ തകര്‍ത്തെന്നും ദേശവിരുദ്ധര്‍ക്കൊപ്പം കോണ്‍ഗ്രസ് കൂട്ടുകൂടുന്നുവെന്ന നരേന്ദ്ര മോദിയുടെ ആരോപണത്തിനു മറുപടിയായി അദ്ദേഹം കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കാസര്‍കോട്, കണ്ണൂര്‍, വടകര ലോക്‌സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കാനാണു രാഹുല്‍ കണ്ണൂരിലെത്തിയത്.
തൊഴിലില്ലായ്മയും കാര്‍ഷിക മേഖലയിലെ വിലയിടിവും സാമ്പത്തിക തകര്‍ച്ചയുമാണു ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വാധീനിക്കാവുന്ന മൂന്ന് ഘടകങ്ങള്‍. ഈ മൂന്നു വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണു കഴിഞ്ഞതവണ മോദി തെരഞ്ഞെടുപ്പിനെ നേരിട്ടത്. അടുത്തത് കോണ്‍ഗ്രസ് സര്‍ക്കാരായിരിക്കും. തൊഴിലില്ലായ്മ, കാര്‍ഷിക ആത്മഹത്യ, അനില്‍ അംബാനിക്കു നല്‍കിയ വഴിവിട്ട സഹായങ്ങള്‍ എന്നിവയ്ക്കു പ്രധാനമന്ത്രി മറുപടി നല്‍കണം. റാഫേല്‍ വിഷയത്തില്‍ സുപ്രിംകോടതി നോട്ടിസയച്ച വിഷയം പഠിച്ചുവരികയാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.
അഞ്ചുവര്‍ഷം മുന്‍പ് അധികാരം പിടിക്കാന്‍ മോദിയും കൂട്ടാളികളും നല്‍കിയത് പോലുള്ള പാഴ്‌വാഗ്ദാനങ്ങള്‍ താന്‍ നല്‍കില്ലെന്ന് രാഹുല്‍ വയനാട്ടില്‍ പറഞ്ഞു. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ യു.ഡി.എഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷം രണ്ടുകോടി യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും വിദേശത്തുള്ള കള്ളപ്പണം പിടികൂടി രാജ്യത്തെ പൊതുജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുമെന്നും പറഞ്ഞായിരുന്നു മോദി അഞ്ചു വര്‍ഷം മുന്‍പ് വോട്ട് ചോദിച്ചത്. ഇത്തരത്തില്‍ നിരവധി വാഗ്ദാനങ്ങളാണ് അവര്‍ നടത്തിയത്. എന്നാല്‍ അധികാരത്തില്‍ എത്തി അഞ്ചുവര്‍ഷങ്ങള്‍ പിന്നിടുമ്പോഴും ഇതില്‍ ഒന്നുപോലും പാലിക്കാന്‍ മോദിയും അദ്ദേഹം നേതൃത്വം നല്‍കുന്ന കേന്ദ്ര സര്‍ക്കാരും തയാറായില്ലെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."