സഊദിയിൽ സ്വദേശികൾക്ക് ഫ്ളക്സിബിൾ വർക്ക് സംവിധാനം നിലവിൽ വന്നു; വിദേശികൾക്ക് ഭീഷണിയാകും
റിയാദ്: സഊദിയിൽ സ്വദേശികൾക്കിടയിൽ തൊഴില്ലായ്‌മ കുറക്കുന്നതിന് സഹായകരമായി ഫ്ളക്സിബിൾ വർക്ക് സിസ്റ്റം നിലവിൽ വന്നു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെയും വ്യക്തികളെയും ലക്ഷ്യമാക്കി നടപ്പിലാക്കിയ പുതിയ സംവിധാനം മൂലം സ്വദേശികൾക്കിടയിൽ തൊഴില്ലായ്‌മ നിരക്ക് ഒഴിവാക്കാൻ ഒരു പരിധി വരെ സാധ്യമാകുമെന്നാണ് കരുതുന്നത്. ഇത് വിജയിക്കുകയാണെകിൽ വിദേശികൾക്ക് വിവിധ മേഖലകളിൽ വീണ്ടും തൊഴിൽ നഷ്ടപ്പെടും.
ഒരാൾക്ക് വിവിധ തൊഴിലുടമകളുടെ കീഴിൽ ചില മാനദണ്ഡങ്ങൾ പാലിച്ച് വിവിധ ജോലികൾ ചെയ്യാൻ അംഗീകാരം നൽകുന്നതാന് ഫ്ളക്സിബിൾ വർക്ക് സംവിധാനം. ഈ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ സ്വകാര്യ സ്ഥാപനങ്ങൾക്ക് സ്വദേശി യുവതി യുവാക്കളെ മണിക്കൂർ അടിസ്ഥാനത്തിൽ ജോലിക്ക് നിയമിക്കാൻ സാധിക്കും. എന്നാൽ, ഇങ്ങനെ നിയമിക്കുന്നവർക്ക് ലീവ് സാലറിയോ സർവീസ് ആനുകൂല്യങ്ങളോ നൽകേണ്ടതില്ലെന്നതിനാൽ തൊഴിലുടമകൾക്ക് ഇത് ഏറെ ആശ്വാസം നൽകുകയും ചെയ്യും. ഇതോടൊപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിൽ നൽകാനും സാധിക്കും. ഇത്തരം സംവിധാനത്തിലൂടെ സ്വദേശികളെ ജോലിക്ക് നിയമിക്കുന്നതോടെ സ്ഥാപനത്തിന്റെ സഊദി വത്കരണ പദ്ധതിയായ നിത്വാഖാത്തിൽ പരിഗണിക്കുമെന്നതിനാൽ സ്ഥാപനങ്ങളെ സഊദി യുവതീ യുവാക്കളെ കൂടുതൽ ജോലിക്ക് നിയമിക്കാൻ പ്രേരിപ്പിക്കും എന്നാണു അധികൃതരുടെ പ്രതീക്ഷ.
അതേസമയം, സ്വദേശികൾ ഇത്തരത്തിൽ വിവിധ സ്ഥാപനങ്ങളിൽ പാർട് ടൈമായി ജോലിയിൽ വ്യാപകമായി പ്രവേശിക്കുന്നതോടെ വിദേശ തൊഴിലാളികൾക്ക് ഇത് ഭീഷണിയായി മാറുകയും ചെയ്യും. സാധാരണയുള്ള ജോലി സമയത്തിൻ്റെ പകുതിയിൽ താഴെ സമയം ആയിരിക്കും ഫ്ളെക്സിബിൾ കരാർ പ്രകാരമുള്ള ജോലി സമയം. ഇത് ദിനം പ്രതിയെന്ന രീതിയിലോ ആഴ്ചയിൽ ഇഷ്ടമുള്ള ദിവസമെന്ന രീതിയിലോ ആകാം. തൊഴിൽ സുരക്ഷ, ആരോഗ്യം, ജോലി സ്ഥലത്തെ പരിക്കുകൾ എന്നിവയുടെ കാര്യങ്ങളിൽ മറ്റുള്ള ജോലിക്കാർക്ക് നൽകുന്ന പരിരക്ഷ പാർട്ട് ടൈം ജോലിക്കാർക്കും തൊഴിലുടമ നൽകുന്നതോടൊപ്പം പാർട്ട് ടൈം ജോലിക്കാരൻ എന്ന നിലയിൽ ജീവനക്കാരെ ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷൂറൻസിൽ രജിസ്റ്റർ ചെയ്യുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."