പാലാ കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാനപാലകര്‍ക്ക് ധനമന്ത്രിയുടെ പ്രശംസ
കോട്ടയം: പാലാ നഗരസഭാപരിധിയില്‍ ഉള്‍പ്പെട്ട കൊച്ചിടപ്പാടിയിലെ വഴിയോര ഉദ്യാന പരിപാലന കൂട്ടായ്മയ്ക്ക് ധനകാര്യ മന്ത്രി തോമസ് ഐസക്കിന്റെ പ്രശംസ. മന്ത്രി തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് കൂട്ടായ്മയെ അഭിനന്ദിച്ചത്. കൂട്ടായ്മയുടെ നേതൃത്വത്തില്‍ ചെടികളും മരങ്ങളും നട്ടുപരിപാലിക്കുന്ന പൂഞ്ഞാര്‍ - ഏറ്റുമാനൂര്‍ ഹൈവേയിലെ കൊച്ചിടപ്പാടി ഭാഗം സന്ദര്‍ശിക്കാന്‍ എത്തുമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
പാലായില്‍ മുത്തോലി ഭാഗത്ത് പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി നട്ടു പരിപാലിക്കുന്ന വഴിയോര ഉദ്യാനത്തെക്കുറിച്ച് മന്ത്രി തോമസ് ഐസക്ക് പ്രശംസിച്ചു കൊണ്ട് ഫെയിസ് ബുക്കില്‍ എഴുതിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട സാമൂഹ്യ പ്രവര്‍ത്തകന്‍ എബി ജെ. ജോസ്, മന്ത്രി ഇനി കാണേണ്ടത് കൊച്ചിടപ്പാടിയിലെ പ്രവര്‍ത്തനമാണെന്ന നിര്‍ദേശിച്ചു കൊണ്ടുള്ള ഫെയ്‌സ് ബുക്ക് പ്രതികരണം തന്റെ പേജില്‍ ഷെയര്‍ ചെയ്തു കൊണ്ടാണ് മന്ത്രി അഭിനന്ദനം അറിയിച്ചത്.
ബേബി ആനപ്പാറ എന്ന സാമൂഹ്യ പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ 2013 ജൂണ്‍ അഞ്ചിനാണ് കൊച്ചിടപ്പാടിയില്‍ ഹൈവേയുടെ ഇരുവശത്തും ചെടികളും മരങ്ങളും നട്ടുപരിപാലിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്. ആദ്യം വഴിയോര ഉദ്യാന പരിപാലന കൂട്ടായ്മ രൂപീകരിച്ചു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പില്‍ അപേക്ഷിച്ച് അനുമതി നേടി.
പിന്നീട് സ്വന്തം കൈയ്യില്‍ നിന്നുള്ള പണവും സുഹൃത്തുക്കളുടെ സഹകരണത്തോടെയുമാണ് ചെടികളും മരങ്ങളും സംഘടിപ്പിച്ചു നടുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ ദിവസവും ബേബിയുടെ നേതൃത്വത്തില്‍ ജോണി തെങ്ങുംപ്പള്ളി, മധു തുടങ്ങിയവര്‍ തങ്ങളുടെ സമയം ചെലവൊഴിച്ച് ചെടികള്‍ക്കും മരങ്ങള്‍ക്കും വെള്ളമൊഴിക്കുകയും ഇവയെ പരിപാലിക്കുകയും ചെയ്തു വരുന്നു.
തുടക്കത്തില്‍ സാമൂഹ്യ വിരുദ്ധര്‍ ഇവ പറിച്ചെടുത്തു നശിപ്പിക്കുകയും തളിപ്പ് ഒടിച്ചുകളയുകയും ചെയ്തു ഉപദ്രവിച്ചു. ചിലര്‍ ചെടികള്‍ക്കു മേല്‍ വാഹനം പാര്‍ക്കു ചെയ്ത് നശിപ്പിച്ചു. പരസ്യ കമ്പനികള്‍ ബോര്‍ഡുവച്ചും കുറെ ചെടികള്‍ നശിപ്പിച്ചു. ഇങ്ങനെയുള്ള ഭാഗത്ത് വീണ്ടും മരങ്ങളും ചെടികളും നട്ടു. ഇവരുടെ നന്മ തിരിച്ചറിഞ്ഞ കിഴതടിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ചെടികള്‍ക്ക് വെള്ളമൊഴിക്കാന്‍ പമ്പ് സെറ്റ് സൗജന്യമായി നല്‍കി. ഇപ്പോള്‍ ഈ റൂട്ടില്‍ തണലും ഫലങ്ങളും നല്‍കുന്ന പ്രദേശമായി കൊച്ചിടപ്പാടി മാറിക്കഴിഞ്ഞു.
പദ്ധതി ഭരണങ്ങാനം ദീര്‍ഘിപ്പിക്കാനാണ് കൂട്ടായ്മയുടെ ലക്ഷ്യം. വലിയ തോതിലുള്ള പ്രവര്‍ത്തനം വേണ്ടിവരുമെന്ന് ബേബി ആനപ്പാറ പറഞ്ഞു. ഇതിനായി മരങ്ങളെയും ചെടികളെയും മനുഷ്യരായി കണ്ടുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യമിടുന്നത്. നടുന്ന ഓരോ മരത്തിനും ചെടിക്കും സ്‌പോണ്‍സറെ കണ്ടെത്തി അതിന് അവരുടെ പേര് നല്‍കും. അവയുടെ പരിപാലന ചുമതല സ്‌പോണ്‍സര്‍ ഏറ്റെടുക്കണം. ഇങ്ങനെ വിപുലീകരിക്കാനാണ് പദ്ധതി തയാറാക്കുന്നത്.
ധനമന്ത്രിയുടെ അഭിനന്ദനം ഈ മേഖലയിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് വര്‍ദ്ധിച്ച ആവേശമാണ് പകര്‍ന്നിരിക്കുന്നത്. മന്ത്രിയുടെ സന്ദര്‍ശനം പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രചോദനം നല്‍കുമെന്ന് കൊച്ചിടപ്പാടിക്കാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."