HOME
DETAILS

മരിക്കുന്ന ഭൂമിയും കൊല്ലുന്ന മനുഷ്യരും

  
backup
August 14 2020 | 00:08 AM

earth-eia-draft-2020


എക്കോണമിയാണോ അതോ എക്കോളജിയാണോ പ്രധാനമെന്ന് പണ്ട് കേരളത്തിലെ ഒരു മുഖ്യമന്ത്രി ചോദിക്കുകയുണ്ടായി. സൈലന്റ് വാലിയിലെ നിത്യഹരിതവനങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിപ്പടരുന്ന കാലത്തായിരുന്നു ഈ ചോദ്യം. അക്കാലത്ത് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ ഇന്നത്തെപ്പോലെ സജീവമല്ല. പാരിസ്ഥിതിക അവബോധവും കുറവ്. സിംഹവാലന്‍ കുരങ്ങുകളുടെ കുറ്റിയറ്റുപോകലുമായി ബന്ധപ്പെട്ട വിഷയമെന്ന മട്ടില്‍ സൈലന്റ് വാലിയുടെ സംരക്ഷണത്തെ വിലകുറച്ചു കണ്ടവരുണ്ട്. അതുകൊണ്ടൊക്കെയായിരിക്കണം തികഞ്ഞ നിഷ്‌കളങ്കതയോടെയാണ് മുഖ്യമന്ത്രി പരിസ്ഥിതിയോ സമ്പദ്‌വ്യവസ്ഥയോ ഏതാണ് പ്രധാനമെന്നു ചോദിച്ചത്. ഒരു ഭരണാധികാരി അങ്ങനെ ചിന്തിച്ചുപോയത് സ്വാഭാവികവുമാണ്.


എന്നാല്‍, ഇന്ന് കാര്യങ്ങള്‍ക്ക് വലിയ മാറ്റം വന്നിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തെപ്പറ്റി ജനങ്ങള്‍ക്ക് കൃത്യമായ അവബോധമുണ്ട്. ഇന്ന് മഴയും മരവും തണ്ണീര്‍ത്തടവും ക്വാറിയും പരിസ്ഥിതിപ്രവര്‍ത്തകരുടെയും സ്‌കൂള്‍ കുട്ടികളുടെയും മാത്രം കാര്യമല്ല. ഓരോ കൊല്ലവും സംഭവിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ പാരിസ്ഥിതികാവബോധത്തിന് ബലം കൂട്ടിയിരിക്കുകയാണ്. ഭൂമിയുടെ മൃതിയെച്ചൊല്ലി വ്യാകുലരാണ് പൊതുവേ മനുഷ്യരെല്ലാവരും. ഈ വ്യാകുലതയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പരിസ്ഥിതി ആഘാത പഠന കരട് വിജ്ഞാപനത്തെ വിശകലനം ചെയ്യേണ്ടത്.

ഭൂമി മരിക്കുമ്പോള്‍


ഇന്ത്യയില്‍ എഴുപതുകള്‍ മുതലാണ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഗൗരവപ്പെട്ട ചര്‍ച്ചകള്‍ക്ക് വിധേയമാണ്. വികസിത യൂറോപ്യന്‍ നാടുകളില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുകയും മനുഷ്യ നിര്‍മിതികള്‍ ആവാസവ്യവസ്ഥക്ക് ഏല്‍പ്പിക്കുന്ന പരുക്കുകളെ കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ വര്‍ധിക്കുകയും ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞായിരുന്നു ഇത്. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു വന്‍കിട വ്യവസായങ്ങളിലും ജലവൈദ്യുത പദ്ധതികളിലും മറ്റും കേന്ദ്രീകരിച്ചുനില്‍ക്കുന്ന വികസന പദ്ധതികളാണ് മുന്നോട്ടുവച്ചത്. അങ്ങനെയാണ് ഭക്രാനങ്കലും ദാമോദര്‍വാലിയും ഹിരാക്കുഡുമൊക്കെയാണ് തന്റെ പുതിയ ക്ഷേത്രങ്ങളെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. ഈ വീക്ഷണം മലയാളത്തിലെ എഴുത്തുകാരും കലാകാരന്മാരും പങ്കുവച്ചു. തോപ്പില്‍ ഭാസി പുതിയ ആകാശവും പുതിയ ഭൂമിയുമെഴുതുന്നത് ഇക്കാലത്താണ്. അണക്കെട്ടുകളായിരുന്നു വികസനത്തിന്റെ മുഖമുദ്ര. പിന്നീട് ആകാശം വിഷപ്പുകയാല്‍ നിറയുകയും ഭൂമി പിളരാന്‍ തുടങ്ങുകയും ചെയ്തത് നമ്മെ പുതിയ തിരിച്ചറിവുകളിലേക്ക് നയിച്ചു. വിഷരഹിതമായ അന്തരീക്ഷവും മാലിന്യമില്ലാത്ത നദികളും കീടനാശിനി ഉപയോഗിക്കാത്ത കൃഷിയും പുകയുയര്‍ത്താത്ത വ്യവസായങ്ങളുമൊക്കെയായിത്തീര്‍ന്നു നമ്മുടെ ആവശ്യങ്ങള്‍. അവയെ മുന്‍നിര്‍ത്തി വേണം പുതിയ വിജ്ഞാപനം എത്രത്തോളം വിനാശകരമാണെന്ന് തിരിച്ചറിയാന്‍.


വനനശീകരണത്തിന്റെ വിപത്തുകളെക്കുറിച്ചു അവബോധം സൃഷ്ടിച്ചതില്‍ വലിയ പങ്കുവഹിച്ച ഒന്നാണ് ഗഡ്‌വാള്‍ മലനിരകളില്‍ സുന്ദര്‍ലാല്‍ ബഹുഗുണയുടെ നേതൃത്വത്തില്‍ ആരംഭിച്ച ചിപ്‌കോ പ്രസ്ഥാനം. നര്‍മ്മദാ നദിക്ക് കുറുകെ പണിയുന്ന ഒരു അണക്കെട്ട് മൂലം കുടിയിറക്കപ്പെടുന്ന ആളുകളുടെയും വെള്ളത്തിലാവുന്ന ഭൂമിയുടെയും കണക്കുകള്‍ പറഞ്ഞുകൊണ്ട് മേധാപട്ക്കറുടെ നേതൃത്വത്തില്‍ ആരംഭിച്ച നര്‍മ്മദാ ബചാവോ ആന്ദോളന്‍ പാരിസ്ഥിതികമായ തിരിച്ചറിവിന് കരുത്ത് വര്‍ധിപ്പിച്ചു. 1984ല്‍ ഭോപ്പാല്‍ ദുരന്തമുണ്ടായി. ഇത്തരം അനുഭവങ്ങളാണ് വികസനം സൃഷ്ടിക്കുന്ന പാരിസ്ഥിതികാഘാതങ്ങളെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കാന്‍ ഭരണകൂടങ്ങളെ പ്രേരിപ്പിച്ചത്.


ഒരു വികസന സംരംഭം ആരംഭിക്കുമ്പോള്‍ അതുളവാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്, എത്ര പേര്‍ കുടിയൊഴിപ്പിക്കപ്പെടുന്നു, എത്രമാത്രം സാമ്പത്തികാഘാതമാണ് അത് സൃഷ്ടിക്കുന്നത്, ആരോഗ്യപരമായി അത് ഉളവാക്കുന്ന ആഘാതങ്ങള്‍ എന്താണ്- ഇവയുടെയൊക്കെ അടിസ്ഥാനത്തില്‍ മാത്രമേ പ്രസ്തുത പദ്ധതി ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ. 2006ല്‍ ഒന്നാം യു. പി.എ സര്‍ക്കാരാണ് ഇന്ത്യയില്‍ ഗൗരവപൂര്‍വം ഒരു പാരിസ്ഥിതിക നയം രൂപീകരിച്ചത്. അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തെ ഒരു പരിധിവരെ അതു തടഞ്ഞിരുന്നു. ആഗോള താപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും ഫലമായി ഉണ്ടായ ഉരുള്‍പൊട്ടല്‍, പ്രളയം, ജലദൗര്‍ലഭ്യം തുടങ്ങിയ കെടുതികള്‍ ഒരു പരിധിവരെ അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിനെതിരായി ജനകീയാവബോധം സൃഷ്ടിച്ചിട്ടുണ്ട് എന്നതാണ് വസ്തുത. പരിസ്ഥിതിപ്രവര്‍ത്തകര്‍ അതാത് സമയങ്ങളില്‍ നടത്തുന്ന ഇടപെടലുകള്‍ വലിയൊരളവോളം ഗുണപരമായിട്ടുമുണ്ട്.

പുതിയ വിജ്ഞാപനം ആര്‍ക്കുവേണ്ടി?


ഏത് വികസന സംരംഭവും അവയുണ്ടാക്കുന്ന പാരിസ്ഥിതികാഘാതം കണക്കിലെടുത്തുകൊണ്ട് മാത്രമേ നടപ്പില്‍ വരുത്താവൂ എന്നതാണ് നിലവിലുള്ള നിയമത്തിന്റെ അന്തസ്സത്ത. എന്നാല്‍, പുതിയ വിജ്ഞാപനം അതിന്റെ കടക്കല്‍ തന്നെ കത്തിവച്ചു. മിക്ക പദ്ധതികള്‍ക്കും പാരിസ്ഥിതിക പഠനം ആവശ്യമില്ല. ഭരണകൂടം അതൊരു തന്ത്രപധാനമായ സംരംഭമാണെന്ന് പറഞ്ഞാല്‍ തീരെ വേണ്ട. വ്യവസായ മേഖലയില്‍ എഴുപതില്‍പരം സംരംഭങ്ങള്‍ക്ക് പരിസ്ഥിതിപഠനം വേണ്ടെന്നാണ് കരട് വിജ്ഞാപനത്തിലുള്ളത്. അതായത് ഒരു പ്രദേശത്ത് വന്‍കിടവ്യവസായം വരുമ്പോള്‍ സമീപവാസികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍ എന്തൊക്കെയാണെന്ന് പഠനം നടത്തുകയേ വേണ്ട. മരം മുറിക്കാനും വയല്‍ നികത്താനും മലതുരക്കാനും മുന്‍കൂര്‍ അനുമതി വേണ്ട. ആദിവാസി മേഖലയില്‍ ഖനനമോ മറ്റു പദ്ധതികളോ ആരംഭിക്കുമ്പോള്‍ അവര്‍ അവിടെ നിന്നു തുരത്തിയോടിക്കപ്പെടുമെന്ന ഭീതിയുണ്ടെന്നിരിക്കട്ടെ, എന്നാല്‍ത്തന്നെയും ആരോടും ചോദിക്കാതെ പണി തുടങ്ങാം. അനുവാദം പിന്നീട് മതി. ഖനന മേഖലയിലാണ് കൂടുതല്‍ ഇളവ്. പഴയ നിയമപ്രകാരം അഞ്ച് ഹെക്ടറില്‍ കൂടുതലുള്ള ഖനനങ്ങള്‍ക്ക് ഇ.ഐ.എ നിര്‍ബന്ധമായിരുന്നു. ഇപ്പോള്‍ അത് നൂറ് ഹെക്ടറാക്കി, നേരത്തെ 20000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള കെട്ടിട്ടത്തിന് അനുമതി വേണമെന്ന നിബന്ധന ഒന്നര ലക്ഷം ചതുരശ്ര അടി എന്നാക്കി. അതായത് സാമാന്യമായി കേരളത്തില്‍ കെട്ടിട നിര്‍മാണത്തിന് പാരിസ്ഥിതികാഘാതം പ്രശ്‌നമേയല്ല. ഇത്തരം ഇളവുകള്‍ മൂലം ആര്‍ക്കാണ് നേട്ടമുണ്ടാവുന്നത് എന്നാണ് ആലോചിക്കേണ്ടത്.

തീര്‍ച്ചയായും കോര്‍പറേറ്റുകള്‍ക്ക്, വന്‍കിട കുത്തകകള്‍ക്ക്. ഇത് തിരിച്ചറിഞ്ഞാണ് ദേശവ്യാപകമായി പുതിയ വിജ്ഞാപനത്തിനെതിരേ ജനാഭിപ്രായം ഉയര്‍ന്നുവന്നിട്ടുള്ളത്. നേരത്തെയുള്ള നിയമത്തില്‍ തന്നെ ധാരാളം പഴുതുകളുണ്ട്. ഈ പഴുതുകളുപയോഗിച്ചാണല്ലോ നിലവില്‍ കുത്തകകള്‍ക്ക് അനുകൂലമായ നടപടികള്‍. പ്രത്യേക സാമ്പത്തിക സോണുകളും മറ്റും അങ്ങനെയുണ്ടാവുന്നതാണ്. അത്തരം കുത്തകവല്‍ക്കരണത്തിന് ഇടതുപക്ഷങ്ങള്‍പോലും പച്ചക്കൊടി കാണിക്കുന്നതായാണനുഭവം. നന്ദിഗ്രാമിലും സിങ്കൂരിലും വന്‍കിടക്കാര്‍ കമ്പനിക്ക് വേണ്ടി കൃഷിക്കാരെ കുടിയൊഴിപ്പിച്ചത് ഇടതുപക്ഷ സര്‍ക്കാരാണ്. മൂന്നാറില്‍ അനധികൃത കൈയേറ്റങ്ങള്‍ക്ക് കുടപിടിക്കുന്നതും ഇടതുപക്ഷം തന്നെ. ശക്തമായ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥര്‍ ഉടനടി സ്ഥലം മാറ്റപ്പെടുന്ന എന്നതോര്‍ക്കുക. അതായത് ഭരണകൂടവും കുത്തകകളും ചേര്‍ന്നുകൊണ്ടുള്ള ഒരു മാഫിയയാണ് പ്രകൃതി ചൂഷണം എന്ന അജന്‍ഡ നടപ്പിലാക്കുന്നത്. പാര്‍ട്ടി ഏതായാലും അവരുടെ പണി കൂടുതല്‍ എളുപ്പമാക്കുന്ന ഒന്നാണ് പുതിയവിജ്ഞാപനം എന്നു പറഞ്ഞാല്‍ എല്ലാമായി.

ആരാണ് കുറ്റക്കാര്‍?


ഇ.ഐ.എ വിജ്ഞാപനത്തെ എതിര്‍ക്കുകയും കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് മാത്രം മതിയാവുമോ നമുക്ക് വരാനിരിക്കുന്ന ചെകുത്താനെ പ്രതിരോധിക്കാന്‍. കേവലമായ പാരിസ്ഥിതിക വിഷയം മാത്രമല്ല സര്‍ക്കാര്‍ നടപടികളില്‍ അടങ്ങിയിട്ടുള്ളത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തികനയങ്ങളാണ് അടിമുടി മാറേണ്ടത്. നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കനുസരിച്ചുള്ള വികസന സങ്കല്‍പ്പങ്ങളാണ് ഇപ്പോള്‍ നാടിനെ നയിക്കുന്നത്. അതില്‍ സാധാരണക്കാര്‍ക്കോ കര്‍ഷകര്‍ക്കോ ആദിവാസികള്‍ക്കോ പ്രകൃതിയെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്കോ സ്ഥാനമില്ല. വന്‍കിട കോര്‍പറേറ്റുകളുടെ അമിത ലാഭം മാത്രം ആധാരമാക്കി ആരംഭിക്കുന്ന പദ്ധതികളാണ് വികസനമെന്ന പേരില്‍ അവതരിക്കുന്നത്.


ക്വാറികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ആരും ഗൗനിക്കുന്നില്ല. എന്തിനാണ് മലകള്‍ തുരന്ന് അമിതമായ തോതില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്? വന്‍കിട കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ കല്ല് വേണം പാറമണല്‍ വേണം. എന്തിനാണ് മണല്‍ വാരി പുഴകളെ കൊല്ലുന്നത്? കെട്ടിട നിര്‍മാണത്തിന്. വികസനമെന്നാല്‍ മാളുകളും വന്‍ കെട്ടിടങ്ങളുമാണെന്ന പൊതുബോധത്തെ കുറ്റപ്പെടുത്താതെ ക്വാറികള്‍ക്ക് അനുമതി നല്‍കുന്ന സര്‍ക്കാരുകളെ ശിക്ഷിക്കാനാവുമോ? നമ്മുടെ പൊതുബോധത്തില്‍ വികസനത്തെക്കുറിച്ചുള്ള ധാരണകള്‍ പൊളിച്ചെഴുതുകയാണ് പരിസ്ഥിതി സംരക്ഷണത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം. എല്ലാവര്‍ക്കും ആവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ട് (ചലലറ) ആര്‍ത്തിക്കുള്ളത് (ഏൃലലറ) ഇല്ല എന്നാണ് ഗാന്ധിയന്‍ പാഠം. ഈ പാഠം ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിക്കുന്നില്ല. രണ്ട് പ്രളയങ്ങള്‍ക്കു ശേഷവും നമ്മുടെ വികസന സങ്കല്‍പ്പത്തില്‍ യാതൊരു മാറ്റവും വന്നിട്ടില്ല. ഭരണകൂടങ്ങളെ തിരുത്തുന്നതിനോളം പ്രധാനമാണ് സ്വന്തം ധാരണകളിലുള്ള പൊളിച്ചെഴുത്തുകള്‍.


ഈ സന്ദര്‍ഭത്തില്‍ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികളും മത, സാംസ്‌കാരിക സംഘടനകളും സാമൂഹ്യപ്രസ്ഥാനങ്ങളും ഇത്തരം വിഷയങ്ങളില്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ എത്രത്തോളം ആരോഗ്യകരമാണെന്ന് പരിശോധിക്കുന്നത് നല്ലതാണ്. പശ്ചിമഘട്ടസംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യങ്ങള്‍ നമുക്കൊന്ന് വിലയിരുത്താം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് തീര്‍ത്തും പ്രായോഗികമായ നിര്‍ദേശങ്ങളായിരുന്നു അവയെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നു. എന്നാല്‍, റിപ്പോര്‍ട്ടിനെതിരായി എന്തുമാത്രം പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്! മതമേലധ്യക്ഷന്മാരടക്കം ഗാഡ്ഗിലിന്റെ രക്തത്തിനു വേണ്ടി ദാഹിച്ച് തെരുവിലിറങ്ങി. പിന്നീട് റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്ത് കസ്തൂരി രംഗന്‍ പുതിയൊരു റിപ്പോര്‍ട്ടെഴുതിക്കൊടുത്തു (ഇതേ കസ്തൂരി രംഗന്‍ തന്നെയാണ് ദേശീയ വിദ്യാഭ്യാസനയംസംബന്ധിച്ച് പുതിയ റിപ്പോര്‍ട്ട് എഴുതിക്കൊടുത്തതും. ഉത്രം തിരുനാളിന്റെ കല്‍പ്പന പോലെ). അതുപോലും ജനങ്ങള്‍ക്ക് മതിയായിട്ടില്ല. ഗാഡ്ഗിലിനെതിരേ കേരളത്തില്‍ ഇടതു - വലതു രാഷ്ട്രീയവും സഭാനേതൃത്വവും ഒന്നിച്ചുചേര്‍ന്നയിരുന്നു ഓപറേഷന്‍ നടത്തിയിരുന്നത്. എന്നിട്ട് പ്രളയം വന്നപ്പോള്‍ ഗാഡ്ഗിലിനെ ഗാഢമായി ആശ്ലേഷിക്കാന്‍ നിന്നവര്‍ ഇതേ രാഷ്ട്രീയക്കാര്‍ തന്നെ.


ഇപ്പോള്‍ പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലണ്ടാവുകയും തമിഴ് - ദലിത് തോട്ടം തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ട് മരിച്ചപ്പോള്‍ ഗാഡ്ഗില്‍ വിനയപൂര്‍വം പറയുന്നത് ഇങ്ങനെ; ലോല മേഖലയിലെ മണ്ണിനും മരങ്ങള്‍ക്കും നാശം സംഭവിക്കുന്നത് വന്‍ ദുരിതങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കും വഴിവയ്ക്കുമെന്ന് മുന്നില്‍ കണ്ട് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി ഒഴിവാക്കണമെന്ന് ഞങ്ങള്‍ ശക്തമായി ശുപാര്‍ശ ചെയ്തിരുന്നു. അതു ചെവിക്കൊണ്ടിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷവും ഇക്കൊല്ലവും സംഭവിച്ച ഉരുള്‍പൊട്ടലുകളുടെ ആഘാതം വലിയ അളവില്‍ കുറക്കാമായിരുന്നു'. നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ വാക്കുകള്‍ കേള്‍ക്കുമോ? കേള്‍ക്കാനിടയില്ല. അതിനു തെളിവാണ് ക്വാറികളും ജനവാസ മേഖലകളും തമ്മിലുള്ള ദൂരവ്യത്യാസം 200 മീറ്റര്‍ വേണമെന്ന ഹരിത ട്രൈബ്യുണലിന്റെ വിധിക്കെതിരായി ഹൈക്കോടതിയില്‍ കേസിനു പോയ കേരള സര്‍ക്കാരിന്റെ നടപടി. കേന്ദ്ര പരിസ്ഥിതിവനം മന്ത്രാലയം തയാറാക്കിയ ഇ.ഐ. എ വിജ്ഞാപനത്തെ എതിര്‍ത്തുകൊണ്ട് രംഗത്തിറങ്ങിയ കേരള സര്‍ക്കാരാണ് കേസില്‍ ക്വാറിയുടമകളോടൊപ്പം ചേര്‍ന്നത് എന്നോര്‍ക്കണം. സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ്? ഇരകള്‍ക്കൊപ്പമോ, വേട്ടക്കാര്‍ക്കൊപ്പമോ?


പറഞ്ഞുവരുന്നത് ഇതാണ്, കേന്ദ്ര സര്‍ക്കാരിന്റെ പരിസ്ഥിതി പഠന വിജ്ഞാപനത്തെയോ പരിസ്ഥിതി നയത്തെയോ മാത്രം എതിര്‍ക്കുന്നതില്‍ അവസാനിക്കുന്ന വിഷയമല്ല ഇത്. സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയതു കൊണ്ടു മാത്രവും കാര്യമില്ല. രാഷ്ട്രീയപ്പാര്‍ട്ടികളും ഭരണ നേതൃത്വവും ഭൂമിയുടെ മരണത്തെക്കുറിച്ചും ജനങ്ങളുടെ മൊത്തം വിനാശത്തെക്കുറിച്ചും തിരിച്ചറിയണം. അതുണ്ടാവുന്നില്ല. എന്നു മാത്രമല്ല, രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂടുതല്‍ പ്രതിലോമകരമായ സമീപനങ്ങളിലേക്കാണ് സഞ്ചരിച്ചെത്തുന്നത്, ഇടതായാലും വലതായാലും കാവിയായാലും. എക്കോളജിയോ എക്കോണമിയോ - ഏതാണ് പ്രധാനമെന്ന പഴയ മുഖ്യമന്ത്രിയുടെ ചോദ്യം നിഷ്‌കളങ്കമായിരുന്നുവെന്ന് നമുക്ക് സമ്മതിക്കാം. എന്നാല്‍ തെങ്ങിന്റെ മണ്ടയിലാണോ വ്യവസായം വരികയെന്ന പുതിയ കാലത്തെ നേതാവിന്റെ ചോദ്യമുണ്ടല്ലോ, അത് ജനവിരുദ്ധമാണ്, പ്രകൃതി വിരുദ്ധമാണ്, മൂല്യരഹിതമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago