പ്രതിഷേധവുമായി സര്‍ക്കാര്‍ നഴ്‌സുമാരുടെ സംഘടന
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ സംസ്ഥാനത്ത് പരിശോധനാ സ്രവ സാംപിള്‍ ശേഖരിക്കുന്നതിന് സ്റ്റാഫ് നഴ്‌സുമാരെയും ലാബ് ടെക്‌നീഷ്യന്‍മാരെയും ചുമതലപ്പെടുത്തി ആരോഗ്യ വകുപ്പ്.
ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡേ ഉത്തരവിറക്കി. നിലവില്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് സ്രവം ശേഖരിക്കുന്നത്. പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിതെന്നാണ് ഔദ്യോഗിക വിശദീകരണം. നഴ്‌സുമാര്‍ക്കും ലാബ് ടെക്‌നീഷ്യന്മാര്‍ക്കും ഡോക്ടര്‍മാരായിരിക്കും പരിശീലനം നല്‍കുക. ആദ്യ 20 സാംപിളുകള്‍ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ എടുക്കും.
സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ ഒരാഴ്ച കൊണ്ട് കൊവിഡ് തീവ്രവ്യാപനമെന്ന് ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് തീരുമാനം. അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാണ് ടെസ്റ്റ് പോസീറ്റീവിറ്റി നിരക്ക്. രോഗികളുടെ എണ്ണം കൂടിയതോടെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങള്‍ നിറയുന്നുവെന്ന മുന്നറിയിപ്പും ആരോഗ്യവകുപ്പ് നല്‍കിയിരുന്നു.
അതേസമയം, കൊവിഡ് സ്രവ സാംപിള്‍ ശേഖരണം സ്റ്റാഫ് നഴ്‌സുമാരെ ഏല്‍പ്പിക്കുന്നതിനെതിരേ പ്രതിഷേധവുമായി സര്‍ക്കാര്‍ നഴ്‌സുമാരുടെ സംഘടന രംഗത്തെത്തി. ഡോക്ടര്‍മാരുടെ ഉത്തരവാദിത്തം നഴ്‌സുമാരില്‍ അടിച്ചേല്‍പ്പിക്കുന്നുവെന്നാണ് കെ.ജി.എന്‍.എയുടെ ആക്ഷേപം. ഇതിന് ആരോഗ്യ വകുപ്പും കൂട്ടുനില്‍ക്കുന്നുവെന്നും സ്റ്റാഫ് നഴ്‌സുമാരുടെ ജോലി ഭാരം ഇരട്ടിയാകുമെന്നും സംഘടന ആരോപിച്ചു.ട
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."