അരിപ്പാറ ജലവൈദ്യുത പദ്ധതി സമരം ശക്തമാക്കുമെന്ന് പുഴ സംരക്ഷണ സമിതി
കോടഞ്ചേരി: ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറ ജലവൈദ്യുത പദ്ധതിക്കായി പുഴ പുറമ്പോക്ക് കൈയേറുകയും മലിനമാക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാതെയും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ സമരം ചെയ്ത പ്രദേശത്തെ സ്ത്രീകളെയും കുട്ടികളെയും പൊലിസ് അറസ്റ്റ്കാണിച്ച് ഭയപ്പെടുത്തിയ നടപടിയില്‍ പ്രതിഷേധം ഉയരുന്നു.
തീര്‍ത്തും ന്യായമായ ആവശ്യങ്ങള്‍ ഉയര്‍ത്തി നടക്കുന്ന ജനകീയ സമരത്തെ പൊലിസിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ നോക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്. സമീപ പ്രദേശങ്ങളിലെ പുഴ സംരക്ഷണ സംഘടനകളുമായി സഹകരിച്ച് സമരം ശക്തമാക്കാന്‍ പുഴ സംരക്ഷണസമിതി തീരുമാനിച്ചിട്ടുണ്ടെന്ന് ഭാരവാഹികളായ ബിജു പള്ളത്ത്, ജോസഫ് ഉന്നത്തിങ്കല്‍, ജോസ് പരത്തമല, ഗ്രേയ്‌സണ്‍ ഇലവുങ്കള്‍ പറഞ്ഞു.
പദ്ധതിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് പാറകള്‍ പൊട്ടിച്ചു നീക്കുമ്പോള്‍ സമീപത്തെ വീടുകള്‍ക്ക് സംഭവിച്ച കേടുപാടുകള്‍ക്ക് മതിയായ നഷ്ട പരിഹാരം നല്‍കുക, പുഴയില്‍ തള്ളിയ മണ്ണും പാറകളും നീക്കം ചെയ്യുക എന്നീ ആവശ്യങ്ങളാണ് സമരക്കാര്‍ മുന്നോട്ടു വയ്ക്കുന്നത്.
കഴിഞ്ഞ ദിവസം പുഴയിലെ നിര്‍മാണം തടസപ്പെടുത്തി സമരം ചെയ്തതിന്റെ പേരില്‍ പ്രീത പള്ളത്ത്, ബിന്ദു മൂത്തേടത്ത്, ഷീന മൂത്തേടത്ത്, രശ്മി മൂത്തേടത്ത്, രശ്മി ഗ്രെയ്‌സന്‍ ഇലവുങ്കള്‍ എന്നിവരെ കോടഞ്ചേരി പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഇവരെ അറസ്റ്റ് ചെയ്തതെന്നും ഇവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കോടഞ്ചേരി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."