ജീവന്‍ പണയംവച്ചും രത്‌നകുമാര്‍ രക്ഷിച്ചത് നിരവധി ജീവനുകള്‍
ഹരിപ്പാട്: രക്ഷാപ്രവര്‍ത്തനത്തിനിടെ പരുക്കേറ്റിട്ടും ശരീരം തളര്‍ന്നു കിടന്നയാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ആറാട്ടുപുഴ മുണ്ടുചിറയില്‍ രത്‌നകുമാര്‍.
16ന് രാവിലെ കളളിക്കാട് ശ്രീ ചിത്തിര വിലാസം അരയസമാജത്തില്‍ നിന്നുളള സംഘത്തോടൊപ്പമാണ് 'അറവുകാട്ടമ്മ' ഫൈബര്‍ വളളവുമായി രത്‌നകുമാര്‍ പരുമലയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തുന്നത്. അപ്പോഴാണ് വീട്ടില്‍ വാഹനാപകടത്തെത്തുടര്‍ന്ന് കിടപ്പിലായ യുവാവ് പാണ്ടനാട് ഭാഗത്ത് കുടുങ്ങിക്കിടക്കുന്നതായി അറിയുന്നത്.
ഒട്ടും ആലോചിക്കാതെ രത്‌നകുമാറും ഒപ്പമെത്തിയ ശ്രീകുമാറും സ്ഥലത്തേക്ക് പാഞ്ഞു. സ്ഥല പരിചയമില്ലാത്തതിനാല്‍ നാട്ടുകാരായ മറ്റ് മൂന്നുപേരയും കൂടെകൂട്ടി. രത്‌നകുമാറാണ് എന്‍ജിന്‍ ഘടിപ്പിച്ച വളളം ഓടിച്ചിരുന്നത്. കിടപ്പുരോഗിയുടെ വീടിന്റ സമീപം എത്തിയപ്പോള്‍ കുത്തൊഴുക്കില്‍ നിയന്ത്രണം വിട്ട വളളം കമുകി(അടക്കാമരം)ലിടിച്ചു.
ഒടിഞ്ഞുവീണ കമുക് രത്‌നകുമാറിന്റെ വയറ്റിലാണ് പതിച്ചത്. സാരമായി പരുക്കേറ്റിട്ടും തളരാതെ രത്‌നകുമാറും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് കിടപ്പിലായ ആളെയും ഭാര്യയെയും രക്ഷപ്പെടുത്തി. തീവ്രവേദന കടിച്ചമര്‍ത്തി ഇരുന്നും കിടന്നുമാണ് രത്‌നകുമാര്‍ വളളമോടിച്ചത്.
വയറിനും കാലിനും പരിക്കേറ്റ രത്‌നകുമാര്‍ ആദ്യം പരുമലയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
വയറിനേറ്റ പരുക്ക് സാരമുളളതായതിനാല്‍ ഇവിടെ നിന്ന് പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ശരീരത്തില്‍ 28തുന്നലുണ്ട്. ഭാര്യയും രണ്ടുകുട്ടികളും അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് രത്‌നകുമാര്‍.
ഗൃഹനാഥന്‍ കിടപ്പിലായതോടെ നിത്യചെലവിനുപോലും വകയില്ലാതെ ബുദ്ധിമുട്ടുകയാണ് കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."