റിയാദ് കെ എം സി സി പ്രവാസി കുടുംബ സുരക്ഷ പദ്ധതിക്ക് മികച്ച പ്രതികരണം
റിയാദ്: കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കഴിഞ്ഞ വര്ഷം മുതൽ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്ന കുടുംബ സുരക്ഷാ പദ്ധതിയുടെ രണ്ടാം വർഷത്തെ അംഗത്വ കാമ്പയിന് മികച്ച പ്രതികരണം. 'പ്രതീക്ഷകളസ്തമിക്കുന്നിടത്ത് ചേർത്തു പിടിക്കാൻ' എന്ന പേരിൽ നടക്കുന്ന കാമ്പയിൻ വഴി ഇതിനകം ആയിരങ്ങളാണ് പദ്ധതിയിൽ അംഗങ്ങളായി ചേർന്നിരിക്കുന്നത്. ആദ്യ വർഷത്തെ അപേക്ഷിച്ചു ഈ വർഷം അംഗങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാവുമെന്ന് സെൻട്രൽ കമ്മിറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി.
യാതൊരു സമ്പാദ്യവും ബാക്കിവെക്കാതെ മരണമടയുന്ന പ്രവാസികളുടെ കുടുംബത്തെ സഹായിക്കാൻ 2019 ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം അംഗങ്ങളായി മരണപ്പെടുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയാണ് നൽകി വരുന്നത്. ആദ്യ വർഷത്തെ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെ ഇതിനകം മരണപ്പെട്ട 7 അംഗങ്ങളിൽ, ആദ്യ ഘട്ടമെന്ന നിലയിൽ അഞ്ചു പേരുടെ കുടുംബത്തിന് പത്ത് ലക്ഷം വീതം കഴിഞ്ഞ മാസം പാണക്കാട് വെച്ചു വിതരണം ചെയ്തിരുന്നു. കോവിഡ് ബാധിച്ചും അല്ലാതെയും മരിച്ച അംഗങ്ങളുടെ കുടുംബത്തിന് ഈ സഹായം വലിയ അനുഗ്രഹമായി മാറിയെന്ന് അവരുടെ കുടുംബാംഗങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തി. കോവിഡ് കാലഘട്ടത്തിലും കൃത്യസമയത്ത് ഫണ്ട് കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ പറഞ്ഞു.
ഈ വർഷം മുതൽ പദ്ധതി വഴി അംഗങ്ങൾക്ക് ചികിത്സ സഹായവും നൽകുന്നുണ്ട്. എക്സിറ്റിൽ നാട്ടിലേക്ക് തിരിച്ചു പോയ പ്രവാസികൾക്കും പദ്ധതിയിൽ അംഗത്വമെടുക്കാമെന്നതാണ് മറ്റൊരു പ്രത്യേകത. ഇത് പ്രകാരം 2016 ജനുവരി 1ന് ശേഷം റിയാദിൽ നിന്നും മടങ്ങിയ പ്രവാസികൾക്ക് പദ്ധതിയുടെ ഭാഗമാവാം. ഇതിനായി നാട്ടിൽ രൂപീകരിച്ച ട്രസ്റ്റിന്റെ ബാങ്ക് അക്കൗണ്ടിൽ അംഗത്വ ഫീസ് അടച്ച് ഇവർക്ക് അംഗമാവാൻ കഴിയും.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ചെയർമാനായ ട്രസ്റ്റിൽ സെൻട്രൽ കമ്മിറ്റിയുടെ പ്രധാന ഭാരവാഹികൾ അംഗങ്ങളാണ്. ഈ ട്രസ്റ്റിനായിരിക്കും പദ്ധതിയുടെ നടത്തിപ്പ് ചുമതല. സൗദി നാഷണൽ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയിലും വർഷങ്ങളായി പതിനായിരത്തിലധികം അംഗങ്ങളെ റിയാദിൽ നിന്നും ചേർത്തി വരുന്നുണ്ട്. എന്നാൽ പല പ്രവാസികളും ഭാരിച്ച സാമ്പത്തിക ബാധ്യതകൾ ബാക്കിയാക്കിയാണ് മരണപ്പെടുന്നത് എന്ന വസ്തുതകൾ മനസ്സിലാക്കിയാണ് റിയാദ് സെൻട്രൽ കമ്മിറ്റി കഴിഞ്ഞ വർഷം പത്ത് ലക്ഷം സഹായം ലഭിക്കുന്ന ഈയൊരു പദ്ധതി കൂടി ആരംഭിച്ചത്.
120 റിയാലാണ് അംഗത്വ ഫീസ്. റിയാദിലും പരിസരങ്ങളിലുമുള്ള മലയാളികൾക്ക് പദ്ധതിയിൽ അംഗമാവാം. വ്യത്യസ്ത രാഷ്ട്രീയ, മത കാഴ്ചപ്പാടുള്ളവർക്കും ഈ പദ്ധതിയിൽ ചേരാം. ആദ്യ വർഷം തന്നെ ഇത്തരത്തിൽ നിരവധി പേര് അംഗങ്ങളായിട്ടുണ്ട്. അംഗത്വമെടുത്തവർക്ക് അവരുടെ വിവരങ്ങൾ www.kmcccare.com എന്ന സെൻട്രൽ കമ്മിറ്റിയുടെ വെബ്‌സൈറ്റ് വഴി ലഭ്യമായിരിക്കും. പദ്ധതിയുടെ വിജയത്തിനായി അബ്ദുറഹ്മാൻ ഫറോക്ക് ചെയർമാനും കബീർ വൈലത്തൂർ ജനറൽ കൺവീനറുമായി ഉപസമിതി പ്രവർത്തിക്കുന്നുണ്ട്. വിവിധ ജില്ലാ, മണ്ഡലം, ഏരിയ, പഞ്ചായത്ത് കമ്മിറ്റികളുമായി സഹകരിച്ച് രണ്ടാം വർഷം പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനാണ് കമ്മിറ്റി തീരുമാനിച്ചരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."