നിശബ്ദമാക്കാനാവാത്ത നാവ്
'ഞാന്‍ ദയ ചോദിക്കുന്നില്ല. നിയമപരമായി എനിക്ക് നല്‍കാവുന്ന എന്ത് ശിക്ഷയും സന്തോഷപൂര്‍വം ഏറ്റുവാങ്ങാന്‍ തയാറാണ്' ഗാന്ധിജിയുടെ ഈ വാക്കുകള്‍ ഒരിക്കല്‍ കൂടി ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിന് മുന്‍പില്‍ കഴിഞ്ഞ ദിവസം മുഴങ്ങി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കാവല്‍വിളക്കുകളില്‍ പലതും അണഞ്ഞുകൊണ്ടിരിക്കുന്ന ഈ അഭിശപ്ത കാലത്ത്, നിര്‍ഭയ ജനാധിപത്യത്തിന്റെ ഒരു മണ്‍ചെരാതായിട്ടെങ്കിലും പ്രശാന്ത് ഭൂഷണില്‍നിന്നു വന്ന വാക്കുകള്‍ ഈ കാലത്തെ പ്രകാശമാനമാക്കുകയാണ്.
സുപ്രിം കോടതിയേയും ചീഫ് ജസ്റ്റിസിനെയും രണ്ട് ട്വീറ്റുകളിലൂടെ വിമര്‍ശിച്ചത് കോടതിയലക്ഷ്യ കുറ്റമായി സുപ്രിം കോടതി സ്വയം കണ്ടെത്തിയ സ്ഥിതിക്ക്, ശിക്ഷിക്കപ്പെടാതിരിക്കണമെങ്കില്‍ മാപ്പു പറയാന്‍ തയാറുണ്ടോ എന്നാണ് കോടതി പ്രശാന്ത് ഭൂഷണോട് ചോദിച്ചിരിക്കുന്നത്. ആ ചോദ്യത്തിനാണ് പ്രശാന്ത് ഭൂഷണ്‍ എന്ന നിര്‍ഭയ പോരാളി ഗാന്ധിജിയുടെ വാക്കുകള്‍ ഒരിക്കല്‍ കൂടി ഉദ്ധരിച്ചത്.
'യങ് ഇന്ത്യ'യില്‍ പ്രസിദ്ധീകരിച്ച മൂന്ന് ലേഖനങ്ങളുടെ പേരിലായിരുന്നു 1922 മാര്‍ച്ച് 18ന് അഹമ്മദാബാദ് ജില്ലാ സെഷന്‍സ് കോടതിയില്‍ ഗാന്ധിജി വിചാരണ നേരിട്ടത്. ശിക്ഷയെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന ബ്രിട്ടിഷ് ഇന്ത്യയിലെ ജഡ്ജി റോബര്‍ട്ട് എസ്.ബ്രൂഫീല്‍ഡിന്റെ ചോദ്യത്തിന് ഉത്തരമായാണ് ഗാന്ധിജി മരണമില്ലാത്ത വാക്കുകള്‍ പറഞ്ഞത്. 'നിയമത്തിന്റെ മുന്‍പില്‍ ബോധപൂര്‍വമായ ഒരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല. എന്റെ ദൃഷ്ടിയില്‍ ഒരു പൗരന്റെ പരമമായ കടമയാണ് ഞാന്‍ നിര്‍വഹിച്ചത്. താങ്കള്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമം രാജ്യത്തെ ജനത്തിനു നല്ലതും എന്റെ നടപടി ജനദ്രോഹവുമാണെന്ന് താങ്കള്‍ കരുതുന്നുവെങ്കില്‍ എനിക്ക് പരമാവധി ശിക്ഷ തരിക'. ഇതായിരുന്നു അന്ന് ബ്രിട്ടിഷ് ഇന്ത്യയിലെ ജഡ്ജിയുടെ മുഖത്ത് നോക്കി ഗാന്ധിജി പറഞ്ഞത്. സമകാലീന ഇന്ത്യനവസ്ഥയും വ്യത്യസ്തമല്ല. അത്തരമൊരവസ്ഥയില്‍ പ്രശാന്ത് ഭൂഷണ്‍ ഗാന്ധിജിയെ ആവര്‍ത്തിച്ചതിലൂടെ മുഴുവന്‍ വിളക്കുകളും അണഞ്ഞിട്ടില്ലെന്ന പ്രത്യാശയാണ് ഇന്ത്യന്‍ ജനതയ്ക്ക് നല്‍കുന്നത്.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ദെ, ബി.ജെ.പി നേതാവിന്റെ മകന്റെ 50 ലക്ഷം രൂപ വിലയുള്ള ബൈക്കിലിരിക്കുന്ന ചിത്രത്തെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ഒരു ട്വീറ്റ്. ഹെല്‍മറ്റ് ധരിക്കാതെയായിരുന്നു ചീഫ് ജസ്റ്റിസ് ബൈക്കില്‍ ഇരുന്നിരുന്നത്. ചില ചീഫ് ജസ്റ്റിസുമാര്‍ ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിഞ്ഞ ആറു വര്‍ഷമായി കൂട്ട് നില്‍ക്കുകയായിരുന്നുവെന്നായിരുന്നു മറ്റൊരു ട്വീറ്റ്. ഇത് രണ്ടും ക്രിമിനല്‍ കോടതിയലക്ഷ്യമാണെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് സ്വയം തീരുമാനിക്കുകയായിരുന്നു. ബി.ആര്‍ ഗവായ്, കൃഷ്ണമുരാരി എന്നിവരായിരുന്നു ഇതര ജഡ്ജിമാര്‍.
കോടതിയലക്ഷ്യ കേസില്‍ മാപ്പു പറഞ്ഞ് ശിക്ഷയില്‍ നിന്നൊഴിവാകാന്‍ കോടതി പറഞ്ഞപ്പോള്‍ താന്‍ ഇതുവരെ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്നതില്‍ പിന്നെ എന്തര്‍ഥമാണുള്ളതെന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ നിലപാട്. തിരുത്താന്‍ തയാറല്ലെന്നും കൂടുതല്‍ സമയം അനുവദിക്കേണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചതിലൂടെ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടാലും വിട്ടയച്ചാലും ഇന്ത്യന്‍ മനസുകളില്‍ അദ്ദേഹം സ്ഥിരപ്രതിഷ്ഠ നേടുമെന്നതില്‍ സംശയമില്ല.
സുപ്രിം കോടതിയുടെ അകത്തളങ്ങളില്‍ നടക്കുന്ന ചില നടപടികള്‍ ജനാധിപത്യ വിരുദ്ധമാണെന്ന് ചില ജഡ്ജിമാര്‍തന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരേ ജസ്റ്റിസ് ചെലമേശ്വറിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന നാല് ജഡ്ജിമാര്‍ കോടതി മുറികള്‍ ബഹിഷ്‌കരിച്ച് പുറത്തുവന്ന് പത്രസമ്മേളനം നടത്തുകയുണ്ടായി. ഇതോടെയാണ് സുപ്രിം കോടതിക്കകത്ത് എന്ത് നടക്കുന്നുവെന്ന സാമാന്യവിവരം പൊതുസമൂഹത്തിന് ലഭിച്ചത്. ചീഫ് ജസ്റ്റിസായ രഞ്ജന്‍ ഗൊഗോയിയും ബഹിഷ്‌കരിച്ച ജഡ്ജിമാരില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിനെതിരേ വനിതാ ജീവനക്കാരി ലൈംഗികാതിക്രമ പരാതി കൊടുത്തപ്പോള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെ രൂപീകരിച്ച ബെഞ്ച് കേസ് പരിഗണിക്കുകയും ജീവനക്കാരിയാണ് കുറ്റക്കാരിയെന്ന് കണ്ടെത്തി അവരെ ജോലിയില്‍നിന്ന് പിരിച്ചു വിടുകയും ചെയ്തു. പിറകെ ഗൊഗോയ് രാജ്യസഭാ അംഗമാകുന്നതാണ് ഇന്ത്യ കണ്ടത്. അതിനു മുന്‍പ് ബാബരി മസ്ജിദ് തകര്‍ത്തത് ക്രിമിനല്‍ കുറ്റമാണെന്നും തകര്‍ക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്രം പണിയാമെന്ന വിധി പ്രസ്താവവും അദ്ദേഹം നടത്തുകയുണ്ടായി. അദ്ദേഹത്തിന് പിറകെയാണ് ചീഫ് ജസ്റ്റിസായി എസ്.എ ബോബ്‌ദെ അധികാരമേറ്റെടുത്തത്.
ഓരോ ദിവസം കഴിയുന്തോറും പ്രശാന്ത് ഭൂഷണിന് പിന്തുണ ഏറുകയാണ്. വിയോജിക്കാനുള്ള അവകാശത്തെ കോടതി ഇല്ലാതാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രിം കോടതി മുന്‍ ജഡ്ജിമാരായ ജസ്റ്റിസ് റൂമ പാല്‍, ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി തുടങ്ങി നിരവധി ജഡ്ജിമാരും ചിന്തകരും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ചരിത്രകാരന്മാരും കലാകാരന്മാരും ബ്യൂറോക്രാറ്റുകളും രംഗത്തുവന്നിരിക്കുകയാണ്.
മുന്‍ കേന്ദ്ര നിയമമന്ത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകനും ഗ്രന്ഥകാരനും സുപ്രിം കോടതിയിലെ പ്രശസ്ത അഭിഭാഷകനുമായിരുന്ന ശാന്തി ഭൂഷണിന്റെ മകന്‍ ഇങ്ങനെയൊക്കെ ആയില്ലെങ്കിലേ അത്ഭുതമുള്ളൂ. അച്ഛനെ കണ്ടാണ് താന്‍ വളര്‍ന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൃത്രിമം കാണിച്ചുവെന്ന് ചങ്കൂറ്റത്തോടെ സുപ്രിം കോടതിയില്‍ വാദിച്ച ശാന്തി ഭൂഷണിന്റെ മകന്‍ അന്നത്തേക്കാള്‍ ദുര്‍ഘടമായ അതേ പാത തന്നെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നീതി നിഷേധിക്കപ്പെടുന്നവനായി അദ്ദേഹത്തിന്റെ നാവില്‍നിന്ന് ഉയര്‍ന്ന വാക്കുകള്‍ പലപ്പോഴും കോടതിഹാളില്‍ പ്രകമ്പനം കൊണ്ടു.
ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ക്ക് വേണ്ടി വാദിച്ചു. കശ്മിരികള്‍ക്ക് വേണ്ടി തല്ലുകൊണ്ടു. സരോവര്‍ അണക്കെട്ടിനായി നര്‍മദാ നദീ തീരത്തു നിന്ന് ആട്ടിയോടിക്കപ്പെട്ടവര്‍ക്ക് വേണ്ടി, അവരുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി പൊരുതി. കൂടംങ്കുളം ആണവ റിയാക്ടറിനെതിരേ പ്രക്ഷോഭം നടത്തിയ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്ക് നേതൃത്വം നല്‍കി. പ്ലാച്ചിമടയിലെ ജലമൂറ്റി അവിടം മരുഭൂമിയാക്കാന്‍ തുനിഞ്ഞ കൊക്കകോള ഭീമനെതിരേ നെഞ്ച് വിരിച്ച് പോരാടി. ആദിവാസികളെ മാവോയിസ്റ്റ് മുദ്രകുത്തി അവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന ഭരണകൂടങ്ങള്‍ക്കെതിരേ പോരാട്ടം നടത്തി. രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണക്രമങ്ങള്‍ക്കെതിരേ നിരന്തരം ഗര്‍ജിച്ചു കൊണ്ടിരിക്കുന്ന, ജീവിത ദൗത്യമായ പോരാട്ട വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടേയിരിക്കുന്ന ഭൂഷണിന്റെ മൂര്‍ച്ചയേറിയ നാവിനെ, കാല്‍പാദങ്ങളെ ഏതൊരു ഭരണകൂടത്തിനാണ് മരവിപ്പിച്ച് നിര്‍ത്താനാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."