സി.പി.എം നേതൃത്വത്തിനെതിരേ അണികളുടെ പ്രതിഷേധം
കൂറ്റനാട്: കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പിന് സി.പി.എം പ്രവര്‍ത്തകര്‍ പൊലിസിനെ അക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ ഇന്നലെ രാത്രി തൃത്താല സ്റ്റേഷന്‍ പൊലിസിന്റെ നേതൃത്വത്തില്‍ പട്ടിത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും തൃത്താല ഏരിയാ കമ്മറ്റി അംഗവുമായ ടി.പി മുഹമ്മദ് മാസ്റ്ററെ രാത്രിയില്‍ അദ്ധേഹത്തിന്റെ വീട്ടില്‍ എത്തി അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ എത്തിച്ച സംഭവത്തില്‍ കക്കാട്ടിരിയിലെ സി.പി.എം അണികളുടെ പ്രതിഷേധം ശക്തമാകുന്നു.
മുഹമ്മദ് മാസ്റ്ററുടെ മകന്‍ ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സി.പി.എം പ്രവര്‍ത്തകരാണ് ഇലക്ഷന്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്.ഐ അടക്കമുള്ള പൊലിസ് സംഘത്തെ കൈയേറ്റം ചെയ്തിരുന്നു. ഈ സംഭവത്തില്‍ ഷെഫീഖിനെ കസ്റ്റഡിയില്‍ എടുക്കുന്നതിന് വേണ്ടി രാത്രിയില്‍ പൊലിസ് വീട്ടിലെത്തുകയായിരുന്നു. മകന്‍ വീട്ടില്‍ ഇല്ലെന്നറിയിച്ച മുഹമ്മദ് മാസ്റ്ററോട് പൊലിസ് തട്ടി കയറുകയും ഒളിപ്പിച്ച് വെച്ചവന്‍ വരുന്നത് വരെ നീ സ്റ്റേഷനില്‍ കിടക്കെന്ന് ആക്രോശിച്ച് കൊണ്ട് പൊലിസ് അദ്ധേഹത്തെയും വീട്ടിലുണ്ടായിരുന്ന മറ്റൊരു പ്രവര്‍ത്തകനെയും വലിച്ചിറക്കി കൊണ്ട് പോവുകയാണ് ഉണ്ടായത്.
നേതൃത്വത്തിന്റെ പിടിപ്പ് കേടാണ് പാര്‍ട്ടിക്ക് അപമാനമുണ്ടാക്കുന്ന പൊലിസ് നടപടിയെന്നും കഴിഞ്ഞ ദിവസം നടന്ന അനിഷ്ടസംഭവത്തില്‍ പൊലിസിന്റെ ഭാഗത്തുനിന്ന് പ്രവര്‍ത്തകര്‍ക്കെതിരേ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന വിവരം ലഭിച്ചിട്ടും നേതൃത്വം ജാഗ്രത പാലിച്ചില്ലെന്നും ഒരു ജന പ്രതിനിധിക്ക് ഇത്തരത്തിലുള്ള ദുരനുഭവമെങ്കില്‍ സാധാരണക്കാരായ പ്രവര്‍ത്തകരെ ആര് സംരക്ഷിക്കുമെന്നതും അണികള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. സി.പി.എം നേതാക്കള്‍ സ്റ്റേഷനില്‍ എത്തി പൊലിസുമായി ഏറെ വാക്ക് തര്‍ക്കങ്ങള്‍ നടത്തിയാണ് മുഹമ്മദ് മാസ്റ്ററെ വെളിയില്‍ ഇറക്കിയത്.
സ്റ്റേഷന് മുന്നില്‍ വച്ച് തന്നെ നേതാക്കള്‍ക്കെതിരേ അണികള്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് പോലും രക്ഷയില്ലെങ്കില്‍ പിന്നെ ഞങ്ങളുടെ അവസ്ഥ എന്താകുമെന്നും ഈ നിലയില്‍ പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും ഇവര്‍ നേതാക്കളോട് പറഞ്ഞു.
അതേസമയം മുഹമ്മദ് മാസ്റ്ററെ പൊലിസ് കസ്റ്റഡിയില്‍ എടുത്തതിന്റെ പിന്നില്‍ കക്കാട്ടിരിയിലെ യു.ഡി.എഫ് നേതൃത്വത്തിന്റെ ഇടപെടല്‍ ആണെന്നാരോപിച്ച് കൊണ്ട് സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാക്കളും പ്രവര്‍ത്തകരും കക്കാട്ടിരി സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."