മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ ബിയര്‍ക്കുപ്പിയേറും ട്യൂബ്‌ലൈറ്റ് ആക്രമണവും; കോട്ടിട്ട ഗുണ്ടകള്‍ തലസ്ഥാനം ചോരക്കളമാക്കി
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരുടെ തെമ്മാടിത്തരം തുടരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ ബിയര്‍ക്കുപ്പിയെറിഞ്ഞാണ് വന്‍ പൊലിസ് സംഘം നോക്കിനില്‍ക്കെ അഭിഭാഷകര്‍ രണ്ടാമതും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കോടതിയിലെ ട്യൂബ്‌ലൈറ്റുകള്‍ ഊരിയെടുത്ത് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരേ വലിച്ചെറിഞ്ഞു.
വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കമുള്ളവര്‍ക്കു നേരേയാണ് അഭിഭാഷകര്‍ അഴിഞ്ഞാടിയത്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. സമവായശ്രമം നടക്കുന്നതിനിടെയാണ് അക്രമം അരങ്ങേറിയത്.
ഹൈക്കോടതിയിലെ സംഘര്‍ഷത്തിനു പിന്നാലെയാണ് തിരുവനന്തപുരം കോടതിയിലും അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരുടെ ജോലി തടസപ്പെടുത്തുന്ന രീതിയില്‍ അഴിഞ്ഞാടിയത്.
നേരത്തെ വഞ്ചിയൂര്‍ കോടതിയില്‍ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകര്‍ പൂട്ടിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് മീഡിയാ റൂമിനുമുന്നില്‍ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുന്ന അഭിഭാഷകര്‍ പോസ്റ്ററുകള്‍ പതിച്ചു.
പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കല്ലെറിഞ്ഞ അഭിഭാഷകര്‍ കോടതിവളപ്പില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കല്ലേറില്‍ ജീവന്‍ ടിവി റിപ്പോര്‍ട്ടര്‍ അനുലാലിന് പരുക്കേറ്റു. കല്ലേറില്‍ ഒരു കാല്‍നടയാത്രക്കാരനും പരുക്കേറ്റു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനം അടിച്ചു തകര്‍ത്തു. അതിലും അരിശം തീരാഞ്ഞ് സംഘടിച്ചെത്തിയ അഭിഭാഷകര്‍ രണ്ടാമതും ആക്രമണം അഴിച്ചുവിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."