ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊല നടത്തിയത് സി.പി.എം
തിരുവനന്തപുരം: ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയത് സി.പി.എമ്മാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരേ സി.പി.എം നടത്തുന്ന അപവാദപ്രചാരണം ഉടനടി അവസാനിപ്പിക്കണം. ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊല നടത്തിയത് സി.പി.എമ്മും ഏറ്റവും കുറവ് കോണ്‍ഗ്രസുമാണെന്ന് വിവരാവകാശ രേഖയില്‍ പറയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവരാവകാശ നിയമപ്രകാരം കണ്ണൂര്‍ ജില്ലാ പൊലിസില്‍ നിന്നു ലഭിച്ച കണക്കനുസരിച്ച് ജില്ലയില്‍ 1984 മുതല്‍ 2018 മെയ് വരെ 125 രാഷ്ട്രീയ കൊലപാതകങ്ങളാണ് നടന്നത്. ഇതില്‍ 78ലും സി.പി.എം ആണ് പ്രതിസ്ഥാനത്ത്. ബി.ജെ.പി 39 എണ്ണത്തില്‍. മറ്റു പാര്‍ട്ടികള്‍ ഏഴ്. എന്നാല്‍ കോണ്‍ഗ്രസ് ഒരേയൊരു കേസില്‍ മാത്രമാണ് പ്രതിസ്ഥാനത്തു വന്നത്.
ഏറ്റവും കൂടുതല്‍ കൊല്ലപ്പെട്ടത് ബി.ജെ.പിക്കാരാണ്. 53 പേര്‍. സി.പി.എമ്മുകാര്‍ 46, കോണ്‍ഗ്രസുകാര്‍ 19, മറ്റു പാര്‍ട്ടികള്‍ ഏഴ് എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ രാഷ്ട്രീയ ചായ്‌വ്. അമ്പതു വര്‍ഷമായി കണ്ണൂരില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ കൃത്യമായ കണക്ക് ആരുടെയും കൈയിലില്ല. സി.പി.എമ്മിന് അവരുടെയും ബി.ജെ.പിക്ക് അവരുടെയും കണക്കുകളുണ്ട്. പക്ഷേ, അവ തമ്മില്‍ ഒട്ടും പൊരുത്തപ്പെടുന്നില്ല. ഏതാണ്ട് 225 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്നൊരു കണക്ക്. എന്നാല്‍ സര്‍ക്കാരിന്റെ കൈയിലുള്ളത് 1984 മുതലുള്ള കണക്കാണ്.
യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറയുകയും ഇടതു സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ അതു പതിന്മടങ്ങ് വര്‍ധിക്കുകയും ചെയ്യുന്നു എന്നും വിവരാവകാശ രേഖയില്‍ വ്യക്തമാണ്. ഇടതു സര്‍ക്കാരിന്റെ 1996 - 2001 കാലയളവില്‍ കണ്ണൂരില്‍ 30 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ 2001 - 2006 കാലയളവില്‍ 10 പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്നുള്ള ഇടതു സര്‍ക്കാരിന്റെ 2006 - 2011 കാലയളവില്‍ അതു 30 പേരായി വീണ്ടും കുതിച്ചുയര്‍ന്നു.
യു.ഡി.എഫ് സര്‍ക്കാരിന്റെ 2011 - 16ല്‍ അത് 11 ആയി കുറഞ്ഞു. പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യത്തെ രണ്ടു വര്‍ഷമായ 2016 - 2018 മെയ് വരെ 10 പേരാണ് കൊല്ലപ്പെട്ടത്. കേരളത്തില്‍ ക്രമസമാധാനം പാലിക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിനു മാത്രമേ കഴിയൂ എന്ന് രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കണ്ണൂരും പരിസരപ്രദേശങ്ങളിലുമായി ഇപ്പോള്‍ അഞ്ചു രാഷ്ട്രീയ കൊലപാതകങ്ങളാണ് സി.ബി.ഐ അന്വേഷിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."