സുനീര്‍ ലീഗില്‍ ചേരുമെന്ന് പി.വി അന്‍വര്‍
മലപ്പുറം: സി.പി.ഐ നേതൃത്വത്തിനെതിരേ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എം.എല്‍.എ.
വയനാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന പി.പി സുനീര്‍ മുസ്ലിംലീഗില്‍ ചേരാന്‍ ഒരുങ്ങുകയാണെന്നും യു.ഡി.എഫ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നുമാണ് അന്‍വറിന്റെ വിമര്‍ശനം. 2011ല്‍ ഏറനാട് സ്ഥാനാര്‍ഥിയാക്കാമെന്ന് സി.പി.ഐ ജില്ലാ നേതൃത്വം ഉറപ്പുനല്‍കിയെങ്കിലും മുസ്ലിംലീഗ് ഇടപെട്ട് അട്ടിമറിച്ചു. ലീഗ് നേതാവ് പി.കെ ബഷീര്‍ ഇതിനായി 25 ലക്ഷം രൂപ നല്‍കിയെന്നും അന്‍വര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു. മലപ്പുറം ജില്ലയിലെ സി.പി.ഐയും ലീഗും ഒരുപോലെയാണെന്നും സി.പി.ഐ നേതാക്കള്‍ തന്നെ ദ്രോഹിച്ചുവെന്നും കഴിഞ്ഞ ദിവസം അന്‍വര്‍ പ്രസ്താവനയിറക്കിയിരുന്നു. ഇതിനെതിരേ മറുപടിയുമായി സി.പി.ഐ ജില്ലാകമ്മിറ്റിയും രംഗത്തുവന്നു.
അനര്‍ഹമായതൊന്നും സി.പി.ഐ മന്ത്രിമാരില്‍ നിന്ന് ലഭിക്കുമെന്ന് മോഹിക്കേണ്ടന്നും അന്‍വറിന്റെ പ്രസ്താവനകള്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ നിരാശയുണ്ടാക്കിയെന്നുമായിരുന്നു സി.പി.ഐ ജില്ലാ കമ്മിറ്റിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് പി.പി സുനീറിനെതിരേ കടുത്ത ആരോപണവുമായി അന്‍വര്‍ രംഗത്തെത്തിയത്. തുടരെയുള്ള അന്‍വറിന്റെ പ്രസ്താവനകള്‍ ജില്ലയിലെ സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പി.വി അന്‍വര്‍ എം.എല്‍.എ സി.പി.ഐക്കെതിരായി നടത്തിയ പ്രസ്താവനക്കെതിരേ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ മലപ്പുറത്ത് എം.എല്‍.എയുടെ കോലം കത്തിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."