പിന്നാലെ എ.എ.പി എം.എല്‍.എ ബി.ജെ.പിയിലെത്തി
ന്യൂഡല്‍ഹി: എം.എല്‍.എമാരെ വിലക്കെടുക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുവെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്്‌രിവാള്‍ ആരോപണമുന്നയിച്ചതിന് പിന്നാലെ ഗാന്ധിനഗര്‍ എം.എല്‍.എയും ആംആദ്മി നേതാവുമായ അനില്‍ ബാജ്‌പെയ് ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ബി.ജെ.പിയില്‍ ചേരുന്ന രണ്ടാമത്തെ ആം ആദ്മി എം.എല്‍.എ ആണ് അനില്‍ ബാജ്‌പെയ്.
ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റും ഡല്‍ഹിയുടെ ചുമതലയുള്ള നേതാവുമായ ശ്യാം ജാജു, കേന്ദ്രമന്ത്രി വിജയ് ഗോയല്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അനില്‍ ബാജ്‌പെയ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
ആം ആദ്മിക്കെതിരേ രൂക്ഷമായ ആരോപണമാണ് ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ അനില്‍ ബാജ്‌പെയ് ഉന്നയിച്ചത്. ആം ആദ്മിക്കുവേണ്ടി നന്നായി പ്രവര്‍ത്തിച്ചു. എന്നാല്‍ തനിക്ക് ഒരു തരത്തിലുള്ള അംഗീകാരവും പാര്‍ട്ടിയില്‍ നിന്ന് ലഭിച്ചില്ല. ഇപ്പോള്‍ പാര്‍ട്ടി യഥാര്‍ഥ പാതയില്‍ നിന്ന് വ്യതിചലിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. അനില്‍ ബാജ്‌പെയ് ബി.ജെ.പിയില്‍ ചേര്‍ന്നതിനെതിരേ മുതിര്‍ന്ന എ.എ.പി നേതാവ് ഗോപാല്‍ റായ് രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്. ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ വിലക്കുവാങ്ങുന്നുവെന്ന ആരോപണം ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളെ ബി.ജെ.പിക്ക് വിശ്വാസമില്ല. അതുകൊണ്ടാണ് മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ കുതിരക്കച്ചവടത്തിലൂടെ വശത്താക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സാധ്യമായ ഏത് തരത്തിലെങ്കിലും അധികാരത്തില്‍ കയറുകയെന്ന രീതിയാണ് ബി.ജെ.പിയുടേതെന്നും ഗോപാല്‍ റായ് പറഞ്ഞു. എ.എ.പിയുടെ ഏഴ് എം.എല്‍.എമാരെ വശപ്പെടുത്താന്‍ 10 കോടി രൂപയാണ് ഓരോരുത്തര്‍ക്കും ബി.ജെ.പി വാഗ്ദാനം ചെയ്തതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."