അനുമതിയില്ലാതെ ഹജ്ജിന് ശ്രമിച്ച 4688 വിദേശികളെ നാടുകടത്തും
ജിദ്ദ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ ലംഘിക്കുകയും തസ്‌രീഹ് ഇല്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നതിന് ശ്രമിക്കുകയും ചെയ്ത 4688 പേരെ സഊദിയില്‍ നിന്നും നാടുകടത്തും. ചെക്ക് പോസ്റ്റുകളില്‍ വച്ച് ഇവരുടെ വിരലടയാളങ്ങള്‍ ഹൈവേ പോലിസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇനി ഇവരുടെ ഇഖാമ പുതുക്കുന്നതിനും മറ്റു സര്‍ക്കാര്‍ വകുപ്പ് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിനും സാധിക്കാത്തതിനാല്‍ സ്വദേശിങ്ങളിലേക്ക് മടങ്ങേണ്ടിവരും.
ഈ വര്‍ഷം തസ്‌രീഹ് ഇല്ലാത്ത 3,81,634 വിദേശികളെ മക്കയില്‍ പ്രവേശിക്കുന്നതിന് അനുവദിക്കാതെ ചെക്ക് പോസ്റ്റുകളില്‍ നിന്നു തിരിച്ചയച്ചതായി ഹൈവേ പോലിസ് അറിയിച്ചു. ഹജ്ജ് നിര്‍ദേശങ്ങള്‍ ലംഘിച്ച 4,688 വിദേശികളുടെ വിരലടയാളങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. അനധികൃത താമസക്കാരായ 74 വിദേശികളെ പിടികൂടി. ഹജ്ജ് അനുമതി പത്രമില്ലാത്ത 10,122 സഊദി പൗരന്മാരെയും ഗള്‍ഫ് പൗരന്മാരെയും ചെക്ക് പോസ്റ്റുകളില്‍ നിന്ന് തിരിച്ചയച്ചു. ഹജ്ജ് അനുമതി പത്രമില്ലാത്തവരെ മക്കയിലേക്ക് കടത്തുന്നതിന് ശ്രമിച്ച 34 വിദേശികള്‍ പോലിസ് പിടിയിലായി. ഇവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു. ഇതേ കുറ്റത്തിന് 67 സ്വദേശി പൗരന്മാരും കുടുങ്ങി.
അതേ സമയം ഹജ്ജ് സീസണില്‍ 981 ക്രിമിനല്‍ കേസുകളും രജിസ്റ്റര്‍ ചെയ്തു. വിവിധ സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ചുവന്ന 251 പേരെ പോലിസ് പിടികൂടി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായും സുരക്ഷാ വിഭാഗം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."