ഇ.പി ജയരാജന്റെ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനു പിന്നാലെ, സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി മറ്റൊരു മന്ത്രിയുടെ മകനെതിരേയും ആരോപണം.
ലൈഫ്മിഷന് പദ്ധതിയില്‍ കമ്മിഷനായി തട്ടിയെടുത്തെന്ന് പറയപ്പെടുന്ന നാലുകോടിയുടെ ഒരു വിഹിതം ഒരു മന്ത്രിയുടെ പുത്രനും കൈക്കലാക്കിയെന്നും ഇയാള്‍ക്ക് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നുമാണ് ഉയരുന്ന ആരോപണം. മന്ത്രിയുടെ മകനും സ്വപ്ന സുരേഷും ഒന്നിച്ചുള്ളത് എന്ന തരത്തിലുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.
ഇതു സംബന്ധിച്ച വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഇന്നലെ രാവിലെ തൃശൂരില്‍ വാര്‍ത്താസമ്മേളനം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ഇത് മന്ത്രി ഇ.പി ജയരാജന്റെ മകനാണെന്ന് ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തി.
മാര്‍ച്ച് മന്ത്രിയുടെ വസതിക്ക് സമീപം പൊലിസ് തടഞ്ഞു. മന്ത്രിയുടെ കോലം കത്തിച്ച പ്രവര്‍ത്തകര്‍ മന്ത്രിയുടെ പ്രതീകാത്മക രാജിക്കത്ത് വായിക്കുകയും ചെയ്തു. ബാരിക്കേഡ് മറിച്ച് മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. തുടര്‍ന്ന് പൊലിസ് ലാത്തിവീശി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."