നിഖാബില്‍ മതപണ്ഡിതന്മാരുടേതാണ് അവസാന വാക്ക്: എം.ഇ.എസ് നേതാക്കള്‍
കാസര്‍കോട്: നിഖാബ് വിഷയത്തില്‍ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ കാസര്‍കോട് ജില്ലാ നേതാക്കള്‍ രംഗത്ത്. ഇക്കാര്യത്തില്‍ മതപണ്ഡിതന്മാരുടേതാണ് അവസാന വാക്കെന്നും ഫസല്‍ ഗഫൂറിന് മതവിഷയത്തില്‍ പാണ്ഡിത്യമില്ലെന്നും നേതാക്കള്‍ പറഞ്ഞു.
അവരുടെ വാക്കുകളിലേക്ക്:
ഞാനൊരു മതപണ്ഡിതനല്ല. ഭരണഘടനയുടെ വീക്ഷണത്തിലാണ് ഞാനിതിനെ കാണുന്നത്. ഭരണഘടനയുടെ 19-ാം അനുച്ഛേദ പ്രകാരം ഒരു ഇന്ത്യന്‍ പൗരന് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം അഥവാ വ്യക്തി സ്വാതന്ത്ര്യം അനുവദിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇതുവരെ നമുക്കുണ്ടായിരുന്ന സ്വാതന്ത്ര്യം ഹനിക്കപ്പെടരുത്. കുട്ടികള്‍ക്ക് കണ്ണു മൂടാനോ മൂടാതിരിക്കാനോ ഉള്ള സ്വതന്ത്ര്യം നമ്മള്‍ തീരുമാനിക്കരുത്.
- ഖാദര്‍ മാങ്ങാട്
എം.ഇ.എസ് കാസര്‍കോട് ജില്ലാ പ്രസിഡന്റ്
രണ്ടു വര്‍ഷം മുന്‍പ് അന്നത്തെ കമ്മിറ്റി എടുത്ത തീരുമാനമാണ് ഈ വിവാദ സര്‍ക്കുലര്‍ എന്നാണ് അവര്‍ പറയുന്നത്. ഞങ്ങള്‍ പുതിയ കമ്മിറ്റിയിലെ ഭാരവാഹികളാണ്. പക്ഷെ പഴയ കമ്മിറ്റിയെടുത്ത ഒരു തീരുമാനം പുതിയ അധ്യയന വര്‍ഷത്തില്‍ നടപ്പിലാക്കുമ്പോള്‍ പുതിയ കമ്മിറ്റിയുടെ അനുമതി തേടണം. പുതിയ കമ്മിറ്റി വരുന്നതോടുകൂടി പഴയ സര്‍ക്കുലര്‍ കാലഹരണരപ്പെട്ടു.
മാര്‍ച്ച് 30 ന് കുറ്റിപ്പുറം നടന്ന ജനറല്‍ കൗണ്‍സിലിലോ അതിനു ശേഷം പെരിന്തല്‍മണ്ണയില്‍ നടന്ന വര്‍ക്കിങ് കമ്മിറ്റി എക്‌സിക്യൂട്ടീവ് സമിതിയിലോ ഒന്നും ഇത് ചര്‍ച്ച ചെയ്യുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ല.
ഇതുപോലുള്ള വിഷയങ്ങളില്‍ മതപണ്ഡിതന്മാരുടെതാണ് അവസാന വാക്കെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. മതപരമായ വിഷയത്തില്‍ ഫസല്‍ ഗഫൂറിന് വലിയ പാണ്ഡിത്യമെന്നുമില്ല. അതുകൊണ്ടുതന്നെ ഇത്തരം നിലപാടുകള്‍ എടുക്കാനും പാടില്ല. അതൊരു സ്ത്രീ ധരിക്കണമെന്നു പറഞ്ഞാല്‍ തടയാന്‍ ഒരാള്‍ക്കും അവകാശമില്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് തീരുമാനമെടുക്കാനുള്ള അവകാശം ആ സ്ത്രീക്കാണ്.
- സി. മുഹമ്മദ് കുഞ്ഞി
എം.ഇ.എസ് ജില്ലാ സെക്രട്ടറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."